വ്യക്തികളുടെ വിവരങ്ങള്‍ കൈമാറാന്‍ ആദായനികുതി വകുപ്പ് വ്യത്യസ്ത ഏജന്‍സികളും മന്ത്രാലയങ്ങളുമായി ധാരണാപത്രം ഒപ്പിട്ടു. 

പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിലവില്‍ കൈമാറാറുണ്ടെങ്കിലും ഇതാദ്യായാണ് ധാരണാപത്രത്തില്‍(എംഒയു)ഒപ്പുവെയ്ക്കുന്നത്. 

സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി), എംഎസ്എംഇ മിനിസ്ട്രി, കസ്റ്റംസ് ന്നിവയുമായാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി ധാരണയായിലെത്തിയത്.

ഇതുപ്രകാരം തടസ്സങ്ങളില്ലാതെതന്നെ സ്ഥിരമായി നികുതിദായകരുടെ വിവരങ്ങള്‍ ഇനി കൈമാറാനാകും.

ധാരണാപത്രമില്ലാതെതന്നെ ബാങ്കുകളില്‍നിന്നും മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളില്‍നിന്നും വലിയ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പിന് ലഭിക്കുന്നുണ്ട്. സെക്ഷന്‍ 285ബിഎ പ്രകാരമാണ് ബാങ്കുകളുംമറ്റും ഇത് ചെയ്യുന്നത്. 

നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് കൂടുതല്‍ സുതാര്യത ധാരണാപത്രത്തിലൂടെ കൈവരുമെന്നാണ് നികുതിവകുപ്പിന്റെ വിശദീകരണം. നിലവില്‍തന്നെ ആദായനികുതി പോര്‍ട്ടലില്‍ ലഭ്യമായ 26എഎസില്‍ ഇടപാടുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നുണ്ട്. 

ആധാറും പാനും ബന്ധിപ്പിച്ചതോടെ വിവരകൈമാറ്റാം എളുപ്പത്തിലായി. പെര്‍മനെന്റ് അക്കൗണ്ട് നമ്പറി(പാന്‍)നായി അപേക്ഷിച്ചാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ ഇ-പാന്‍ നല്‍കാന്‍ കഴിയുന്നത് ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കുന്നതിലൂടെയാണെന്നും നികുതിവകുപ്പ് പറയുന്നു.