ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നീട്ടിനല്‍കില്ലെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് ബോര്‍ഡ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 

ഓഗസ്റ്റ് 31 ആണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി. നേരത്തെ ജൂലായ് 31 ആയിരുന്നു തിയതി. നികുതി ദായകര്‍ക്ക് ഫോം 16 ലഭിക്കാന്‍ വൈകിയതുകൊണ്ടാണ് അന്ന് ഒരുമാസത്തെ സമയംകൂടി നീട്ടിനല്‍കിയത്. 

ഓഗസ്റ്റ് 31ന് മുമ്പായിതന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് ട്വീറ്റില്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം റിട്ടേണ്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ പിഴനല്‍കേണ്ടിവരും.