കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെമ്പാടും നിന്ന് ആദായനികുതിയിനത്തില്‍ പിരിച്ചത് 8,49,818.48 കോടി രൂപ. ഓഡിറ്റിങ്ങിനു മുന്‍പുള്ള പ്രാഥമിക കണക്കാണിത്. മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ലക്ഷത്തിലധികം കോടിയുടെ വര്‍ദ്ധന. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിന് പന്ത്രണ്ടാം സ്ഥാനമുണ്ട്.

രണ്ടായിരാമാണ്ടു മുതല്‍ ഓരോ സാമ്പത്തിക വര്‍ഷവും ക്രമാനുഗതമായി വളര്‍ച്ചയാണ്. എന്നാല്‍ ഇപ്പോഴത്തെ കുതിച്ചുചാട്ടത്തിനു പിന്നില്‍ വരുമാനം സ്വയം വെളിപ്പെടുത്തല്‍ പദ്ധതികളുമുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ 4,84,924 കോടിയും വ്യക്തികളുടെ വിഭാഗത്തില്‍ 3,49,270 കോടിയുമാണ് പിരിഞ്ഞിട്ടുള്ളത്. നികുതി വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 15,624 കോടി രൂപ പിരിഞ്ഞെന്നാണ് കണക്കുകള്‍.

സംസ്ഥാനങ്ങളുടെ കണക്കുകള്‍ നോക്കിയാല്‍ 3,14,056.27 കോടി രൂപയുമായി മഹാരാഷ്ട്രയാണ് ബഹുദൂരം മുന്നില്‍. രണ്ടാം സ്ഥാനം ഡല്‍ഹിക്കാണ് - 1,08,882.5 കോടി. ആറക്കത്തിലേക്ക് കടന്നത് ഇവ രണ്ടും മാത്രം. മൂന്നാമതെത്തിയ കര്‍ണാടകയുടെ സംഭാവന 85,920 കോടിയാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍ എന്നിവയാണ് പത്തു വരെയുള്ള സ്ഥാനങ്ങളില്‍. കേരളത്തില്‍ 13,779.42 കോടി രൂപയാണ് പിരിഞ്ഞു കിട്ടിയത്. മുന്‍വര്‍ഷത്തെ 10,171.03 കോടിയുടെ സ്ഥാനത്താണിത്. സംസ്ഥാനങ്ങളുടെ പട്ടികയില്‍ 111.7 കോടിയുമായി മിസോറാമാണ് ഏറ്റവും പിന്നില്‍.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ 2,077.37 കോടിയുമായി ഛണ്ഡീഗഢാണ് മുന്നില്‍. ലക്ഷദ്വീപിനാണ് അവസാന സ്ഥാനം-18.58 കോടി. മൊത്തം നികുതി വരുമാനത്തിന്റെ 49.66 ശതമാനമാണ് ആദായനികുതി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അപ്രത്യക്ഷ നികുതി 8,61,515 കോടിയാണെന്നാണ് കണക്കാക്കുന്നത്. എട്ടര ലക്ഷത്തോളം കോടി രൂപയുടെ ആദായനികുതി പിരിച്ചെടുക്കാന്‍ 5,578 കോടി രൂപ ചെലവായതായും വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ ഏകദേശം ആയിരം കോടിയോളം രൂപയുടെ വര്‍ദ്ധന ഈയിനത്തിലുണ്ട്.