ന്യൂഡല്‍ഹി: ആദായ നികുതി ഫോമുകള്‍ ജനുവരിയില്‍തന്നെ പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തുവിട്ടു. സാധാരണ ഏപ്രിലിലാണ് ഓരോ വര്‍ഷവും പരിഷ്‌കരിച്ച ഫോമുകള്‍ പുറത്തുവിടാറുള്ളത്.

ഐടിആര്‍-1, ഐടിആര്‍-4 എന്നീ ഫോമുകളാണ് പുറത്തുവിട്ടത്. പരിഷ്‌കരിച്ച ഫോമില്‍ വിദേശ യാത്രയുടെയും പാസ്‌പോര്‍ട്ടിന്റെയും വിവരങ്ങള്‍ നല്‍കണം. 

വസ്തുവുമായി ബന്ധപ്പെട്ട വിവരങ്ങളും ഉള്‍പ്പെടുത്തണം. ഭൂമിയില്‍ കൂട്ടായ ഉടമസ്ഥതയാണുള്ളതെങ്കില്‍ വ്യക്തികള്‍ ഐടിആര്‍-1, ഐടിആര്‍-4 എന്നിവ നല്‍കേണ്ടതില്ല. ഒരു കോടി രൂപയിലധികം ബാങ്കില്‍ നിക്ഷേപമുണ്ടെങ്കില്‍ ഐടിആര്‍-1 ഫോമല്ല നല്‍കേണ്ടത്. 

വിദേശ യാത്രയ്ക്ക് രണ്ടുലക്ഷം രൂപയിലധികം ചെലവഴിച്ചിട്ടുള്ളവരും വര്‍ഷം ഒരു ലക്ഷം രപ വൈദ്യുതി ബില്ലടച്ചിട്ടുള്ളവര്‍ക്കും ഐടിആര്‍-1 അല്ല ബാധകം. 

പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ ഐടിആര്‍-4 ഫോമില്‍ അതിന്റെ വിവരങ്ങള്‍ നല്‍കണം. രണ്ടു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കില്‍ ചെലവഴിച്ച തുകയുടെ ഉള്‍പ്പടെയുള്ള വിശദ വിവരങ്ങള്‍ നല്‍കേണ്ടിവരും.