2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി വീണ്ടും നീട്ടിയേക്കും. പുതിയതായി പുറത്തിറക്കിയ പോർട്ടലിലെ തകരാർ ഇതുവരെ പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. 

പുതിയ വെബ്‌സൈറ്റിനെതിരെ വ്യാപകമായി പരാതിഉയർന്നിട്ടും പ്രശ്‌നംപരിഹരിക്കാതെവന്നതോടെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് എംഡി സലിൽ പേഖിനെ ധനമന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു. സെപ്റ്റംബർ 15നകം തകരാറുകൾ പരഹരിക്കാൻ അന്ത്യശാസനവും നൽകിയിട്ടുണ്ട്. 

ഇതിനുമുമ്പ് ജൂൺ 22നും ഇൻഫോസിസുമായി ധനമന്ത്രാലയം ചർച്ച നടത്തിയിരുന്നു. മൂന്നാഴ്ച സമയംനൽകിയിട്ടും പരിഹാരം ഇല്ലാതെവന്നതോടെയാണ് എംഡിയെ വിളിച്ചുവരുത്തിയത്. ജൂൺ ഏഴിനാണ് പോർട്ടൽ നിലവിൽവന്നത്. 

പുതിയ പോർട്ടൽ അവതരിപ്പിച്ചത് കണക്കിലെടുത്തും കോവിഡ് വ്യാപനംമൂലവും റിട്ടേൺ നൽകേണ്ട അവസാന തിയതി ജൂലായ് 31ൽനിന്ന് സെപ്റ്റംബർ 30ലേക്ക് നേരത്തെ നീട്ടിയിരുന്നു. സെപ്റ്റംബർ 15നകം തകരാർ പരിഹരിച്ചാൽ 15 ദിവസമാണ് റിട്ടേൺ ഫയൽ ചെയ്യാൻ ലഭിക്കുക. 

ചുരുങ്ങിയ സമയംകൊണ്ട് പുതിയ സംവിധാനത്തിൽ റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ചാർട്ടേണ്ട് അക്കൗണ്ടന്റുമാർപോലും പറയുന്നു. നിലവിലെ സാഹചര്യത്തിൽ റിട്ടേൺ ചെയ്യേണ്ട തിയതി നീട്ടിനൽകണമെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് സൊസൈറ്റി പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്. 

കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മൂന്നുതവണയാണ് തിയതി നീട്ടിയത്. ജൂലായ് 31ൽനിന്ന് നവംബർ 30 ആയും പിന്നീട് ഡിസംബർ 31ആയും നീട്ടി. അവസാനം ജനുവരി 10വരെ റിട്ടേൺ ഫയൽ ചെയ്യാൻ അനുമതി നൽകി.