ന്യൂഡല്‍ഹി: ഇന്‍കം ടാക്‌സ് റിട്ടേണ്‍ നല്‍കാന്‍ ഇനി നിങ്ങള്‍ അധികം പാടുപെടേണ്ട. പകുതി ജോലിയും ആദായ നികുതി വകുപ്പ് ചെയ്യും. 

ശമ്പളവരുമാനക്കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഐടിആര്‍-1ല്‍ നിങ്ങളുടെ ശമ്പളം, എഫ്ഡിയില്‍നിന്നുള്ള പലിശ, ടിഡിഎസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം ഐടി വകുപ്പ് തന്നെ ഫോമില്‍ ചേര്‍ത്തിട്ടുണ്ടാകും. 

നേരത്തെ ഇത്തരം വിവരങ്ങള്‍ വ്യക്തികള്‍തന്നെ ഫോമില്‍ നല്‍കണമായിരുന്നു. ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്ന ഐടിആര്‍-1ല്‍ മാത്രമാണ് ഈ സൗകര്യമുള്ളത്. 

നിങ്ങളുടെ പാന്‍ ഉപയോഗിച്ച് സോഫ്റ്റ് വെയര്‍ ഫോം 26എസില്‍നിന്ന് ഈവിവരങ്ങളെടുത്ത് ഫോമില്‍ ചേര്‍ക്കും. 

ഏതെങ്കിലും തരത്തില്‍ തിരുത്തല്‍ ആവശ്യമാണെങ്കില്‍ അതിനും കഴിയും. ഇത്തവണ ഫോം 16നും ഫോം 24ക്യുവും പരിഷ്‌കരിച്ചിട്ടുണ്ട്. ഫോം 16നില്‍നിന്ന് ഐടിആര്‍-1 ഓണ്‍ലൈന്‍ ഫോമിലേയ്ക്ക് നേരെ പകര്‍ത്തിയാല്‍ മതി. 

പാന്‍, പേര്, ജനനതിയതി, ടിഡിഎസ്, ടിസിഎസ് വിവരങ്ങള്‍, ശമ്പളവരുമാനം, അലവന്‍സുകള്‍, വാടക വരുമാനം, ലഭിച്ച പലിശയുടെ വിവരങ്ങള്‍, കഴിഞ്ഞ തവണ നല്‍കിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഓണ്‍ലൈനിലെ ഐടിആര്‍-1ല്‍ ഉണ്ടാകും.