ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ആദായ നികുതിയിളവുകള്‍ പ്രഖ്യാപിച്ചേക്കും. മൊത്തം ബാധ്യതയില്‍ 50,000 രൂപമുതല്‍ 80,000 രൂപവരെ ഇളവുനല്‍കുമെന്നാണ് സൂചന.

സ്റ്റാന്‍ഡേഡ് ഡിഡക് ഷന്‍ തുക വര്‍ധിപ്പിക്കുന്നകാര്യവും പരിഗണിക്കുന്നുണ്ട്. പഴയ നികുതി സ്ലാബ് സ്വീകരിക്കുന്നവര്‍ക്കാകും ഇതിന്റെ ആനുകൂല്യംലഭിക്കുക. അതോടൊപ്പം ഭവനവായ്പയുടെ പലിശയിന്മേലുള്ള കിഴിവുപരിധിയും കൂട്ടിയേക്കും. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പുതിയ നികുതി ഘടനയിലെ സ്ലാബുകളുടെ പരിധി ഉയര്‍ത്തുന്നകാര്യവും പരിഗണനയിലുണ്ട്. പുതിയ നികുതി ഘടനയിലേയ്ക്ക് മാറാന്‍ ഭൂരിഭാഗം നികുതിദായകരും താല്‍പര്യപ്പെടുന്നില്ലെന്നാണ് നികുതി വിദഗ്ധരില്‍നിന്ന് ലഭിച്ച പ്രതികരണം. സര്‍ക്കാരിന് താല്‍പര്യം പുതിയഘടനയിലുമാണ്. അതുകൊണ്ടുതന്നെ വരുന്ന ബജറ്റില്‍ നികുതി സ്ലാബില്‍ കാര്യമായമാറ്റം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. 

നിലവില്‍ 2.5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല. 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെ അഞ്ചുശതമാനവും അഞ്ചുലക്ഷം രൂപമുതല്‍ 7.5ലക്ഷം രൂപവരെ 10ശതമാനവും 7.5 ലക്ഷം രൂപമുതല്‍ 10 ലക്ഷംവരെ 15ശതമാനവും 10 ലക്ഷം മുതല്‍ 12.5ലക്ഷം രൂപവരെ 20ശതമാനവും 12.5ലക്ഷം മുതല്‍ 15 ലക്ഷംവരെ 25ശതമാനവും അതിനുമുകളില്‍ 30ശതമാനവുമാണ് ആദായനികുതിയുള്ളത്. 60 വയസിന് താഴെയുള്ള വ്യക്തികള്‍ക്കുള്ള പുതിയ ഘടനപ്രകാരമുള്ള നികുതിയാണിത്.