കൂട്ടലുകളുടെയും കിഴിക്കലുകളുടെയും ദിനങ്ങളായിരുന്നു ഞായറാഴ്ച. ആദായ നികുതി പുതിയത് സ്വീകരിക്കണോ? പഴയത് തുടരണോ? 

മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പുറത്തുവിട്ട കണക്കുകളും വിവിധ നികുതി സ്ലാബുകളിലുള്ളവര്‍ നല്‍കേണ്ടിവരുന്ന നികുതികളും വിശകലനം ചെയ്ത് ഒന്നും മനസിലാകാതെ പലരും പിന്‍വാങ്ങി.

പഴയതോ പുതിയതോ?
ആദായ നികുതി നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുപകരം സങ്കീര്‍മമാക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ചെയ്തത്. പുതിയതോ പഴയതോ ഏത് സ്വീകരിക്കണമെന്ന സംശയത്തിലാണ് നികുതി ദായകര്‍. ഓരോരുത്തരും വ്യത്യസ്ത വരുമാനക്കാരായതിനാല്‍ പഴയ നിരക്കിലും പുതിയ നിരക്കിലും നികുതി കണക്കാക്കി കുറവ് ഏതെന്ന് കണ്ടെത്തി തിരഞ്ഞെടുക്കകുയെന്നതാണ് ഉചിതം. പുതിയ നികുതി സ്ലാബുകളിലേയ്ക്ക് മാറുന്നവര്‍ പിന്നീടുള്ള വര്‍ഷങ്ങളിലും നിര്‍ബന്ധമായും അത് തുടരേണ്ടിവരുമെന്നകാര്യം മറക്കേണ്ട.

ഈ സാഹചര്യത്തില്‍
നികുതിയിളവുകളും കിഴിവുകളുമായി 2.5 ലക്ഷം രൂപയെങ്കിലും പ്രയോജനപ്പെടുത്താന്‍ കഴിയുമെങ്കില്‍ പഴയ സ്ലാബില്‍തന്നെ തുടരുന്നതാണ് ഉത്തമം. 

എങ്ങനെയെന്ന് നോക്കാം
2.5 ലക്ഷം രൂപവരെയുള്ള വരുമാനത്തിനാണ് നികുതിയൊഴിവുള്ളത്. ശമ്പളവരുമാനക്കാര്‍ക്ക് 50,000 രൂപ സ്റ്റാന്റേഡ് ഡിഡക് ഷനും ലഭിക്കും. അതിന് നിക്ഷേപത്തിന്റെയൊന്നും ആവശ്യമില്ല. ബാക്കിയുള്ള രണ്ടുലക്ഷത്തിനുകൂടി ഇളവ് കണ്ടെത്തിയാല്‍മതി. 80 സി പ്രകാരം 1.50 ലക്ഷം രൂപവരെയാണ് ഇളവ് ലഭിക്കുക. 

50,000 രൂപയില്‍കൂടുതല്‍ വീട്ടുവാടക അലവന്‍സ് ഒഴിവ് ലഭിക്കുമെങ്കില്‍ 2.50 ലക്ഷത്തിലെത്തിക്കാം. അതുമല്ല, ഭവനവായ്പ പലിശ, 50,000 രൂപവരെയുള്ള എന്‍പിഎസ് നിക്ഷേപം എന്നിവയിലേതെങ്കിലുമുണ്ടെങ്കില്‍ പുതിയ സ്ലാബിലേയ്ക്ക് മാറുന്നത് നിങ്ങള്‍ക്ക് ഗുണകരമാകില്ല. 

മറ്റ് നിരവധി ചെലവുകളും നികുതി ഇളവിനായി പരിഗണിക്കാം. രണ്ടുകുട്ടികള്‍ക്കുവരെയുള്ള ട്യൂഷന്‍ ഫീസ് പോലുള്ളവ 80സി വകുപ്പില്‍ ഉള്‍പ്പെടുത്താം. ലൈഫ് ഇന്‍ഷുറന്‍സ്- ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം, വിദ്യാഭ്യാസ വായ്പ പലിശ, വീട്ടുവാടക, ഭവനവായ്പ എന്നിങ്ങനെ പോകുന്നു കിഴിവുകള്‍. ഇതെല്ലാം പരിഗണിക്കുമ്പോള്‍ എല്ലാംകൂടി രണ്ടര ലക്ഷമെങ്കിലും നിങ്ങള്‍ക്ക് കിഴിവുചെയ്യാനുണ്ടെങ്കില്‍ പഴയ സ്ലാബില്‍ തുടരുന്നതുതന്നെയാകും ഉചിതം. 

നിക്ഷേപങ്ങളൊന്നും നടത്താനില്ല, കിഴിവുകളുമില്ല എങ്കില്‍ പുതിയ രീതി തിരഞ്ഞെടുക്കാം. അത്തരക്കാര്‍ക്ക് ബജറ്റ് പ്രഖ്യാപനം ഗുണകരമാണ്. 

തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ
ഇനിയും വ്യക്തതവരാത്ത ഒരുപാടുകാര്യങ്ങളുള്ളതിനാല്‍ തല്‍ക്കാലം കണക്കുകൂട്ടലുകള്‍ക്ക് വിരമാമിടുന്നതാകും ആശയക്കുഴപ്പമുണ്ടാക്കുന്നതിലും നല്ലത്. 2020 ഏപ്രിലില്‍ തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ആദായ നികുതി ബാധ്യതയാണിത്. 

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദായ നികുതിയിളവുകള്‍ക്കുള്ള നിക്ഷേപം നടത്താനുള്ള അവസാന തിയതി 2020 മാര്‍ച്ച് 31 ആണെന്ന് ഓര്‍ക്കുക. ശമ്പള വരുമാനക്കാരാണെങ്കില്‍ നേരത്തെതന്നെ നിക്ഷേപം നടത്തി അതിന്റെ രേഖകള്‍ ഓഫീസില്‍ നല്‍കേണ്ടിവരും. അല്ലെങ്കില്‍ നികുതി പിടിച്ചശേഷമായിരിക്കും അടുത്തമാസം ശമ്പളം കയ്യില്‍കിട്ടുക. 

Income Tax: Which is Better, Old or New?