കൊച്ചി: രാജ്യത്തെ പ്രത്യക്ഷവരുമാന നികുതിയിൽ കേരളം പന്ത്രണ്ടാം സ്ഥാനം നിലനിർത്തി. കേരളത്തിൽനിന്നുള്ള നികുതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 17,139 കോടി രൂപയായി ഉയർന്നു. മുൻ വർഷമിത് 13,779 കോടിയായിരുന്നു.

രാജ്യത്ത് മൊത്തം 10 ലക്ഷം കോടിയിൽപ്പരം രൂപ കഴിഞ്ഞ സാമ്പത്തിക വർഷം പിരിഞ്ഞെന്നാണ് പ്രാഥമിക കണക്കുകൾ. മുൻ വർഷമിത് എട്ടര ലക്ഷം കോടിയായിരുന്നു. സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ 3.84 ലക്ഷം കോടി രൂപയുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയുടെ പങ്ക് മുൻ വർഷം 3.14 ലക്ഷം കോടി രൂപയായിരുന്നു. നികുതിവിഹിതത്തിൽ ഇത്തവണയും രണ്ടാം സ്ഥാനത്തുള്ള ഡൽഹി 1.37 ലക്ഷം കോടിയുമായി മഹാരാഷ്ട്രയെക്കാൾ ഏറെ പിന്നിലാണുള്ളത്.

മൂന്നാം സ്ഥാനം നിലനിർത്തിയ കർണാടകം ഒരു ലക്ഷം കോടി കടന്നു. നാലാം സ്ഥാനത്ത് തമിഴ്‌നാടും (67,583 കോടി), അഞ്ചാം സ്ഥാനത്ത് ഗുജറാത്തു (44,866 കോടി) മാണ്. തെലങ്കാനയുടെ വിഹിതം മുൻവർഷത്തെക്കാൾ ഇരട്ടിയായിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളിൽ 2,491 കോടി രൂപയുമായി ഛണ്ഡീഗഢാണ് മുന്നിൽ. സംസ്ഥാനങ്ങളിൽ മിസോറാ (76 കോടി) മും കേന്ദ്രഭരണ സ്ഥലങ്ങളിൽ ലക്ഷദ്വീപു (20.7 കോടി) മാണ് ഏറ്റവും പിന്നിൽ. മിസോറാം കഴിഞ്ഞ തവണത്തെക്കാൾ പിന്നാക്കം പോയി എന്നതാണ് പ്രത്യേകത.

വ്യക്തിഗത ആദായനികുതിദായകരുടെ വിശദമായ കണക്കും അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിൽനിന്ന് 4,66,75,114 പേരുടെ റിട്ടേണുകളാണ് ലഭിച്ചിരിക്കുന്നത്. പ്രതിവർഷം മൂന്നര ലക്ഷത്തിനും നാലര ലക്ഷത്തിനുമിടയിൽ രൂപ വരുമാനമുള്ളവരാണ് ഏറ്റവും കൂടുതൽ; 32,79,867. രണ്ടര ലക്ഷത്തിനും മൂന്നര ലക്ഷത്തിനുമിടയിൽ ശമ്പളം കിട്ടുന്നവരുടെ എണ്ണം റിട്ടേണുകൾ പ്രകാരം 30,09,390 ആണ്. നാലര മുതൽ അഞ്ചുലക്ഷം വരെയുള്ളവരുടെ എണ്ണമാകട്ടെ 30,38,853 ആണ്. അഞ്ചര മുതൽ പത്തുലക്ഷം വരെയുള്ളതിൽ 66,80,197 പേരാണുള്ളതെങ്കിൽ ഇതിനു മുകളിൽ പതിനഞ്ചുലക്ഷം രൂപ വരെ 17,72,799 പേരുണ്ട്. നൂറുകോടി മുതൽ അഞ്ഞൂറുകോടി രൂപ വരെ പ്രതിവർഷ വരുമാനമുള്ള രണ്ടുപേരുണ്ടെന്നതും കൗതുകകരമാണ്. അൻപതു മുതൽ നൂറുകോടി രൂപ വരെ വാർഷിക വരുമാനക്കാർ 23 പേരുണ്ടെന്നുമാണ് രേഖകളിൽനിന്ന് വ്യക്തമാകുന്നത്.