2020-21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള പരിഷ്‌കരിച്ച ഐടിആർ ഫോമുകൾ പുറത്തിറക്കി. 

ഐടിആർ ഒന്നുമുതൽ ഏഴുവരെയുള്ള ഫോമുകളാണ് ഏപ്രിൽ ഒന്നിന് പുറത്തിറക്കി വിജ്ഞാപനംചെയ്തത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷത്തേതിൽനിന്ന് ഫോമുകളിൽ കാര്യമായി മാറ്റമൊന്നുംവരുത്തിയിട്ടില്ല. 

1961ലെ ആദായനികുതി നിയമങ്ങളിലെ ഭേദഗതികൾക്കനുസരിച്ചുള്ള മാറ്റംമാത്രമാണ് ഫോമുകളിലുള്ളത്. ഓരോ ഫോമിലും നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിക്കാനുള്ള ഭാഗം പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഐടിആർ ഫോം ഒന്ന്(സഹജ്), ഐടിആർ ഫോം 4 (സുഗം) എന്നിവയാണ് ഏറ്റവുംകൂടുതൽ പേർ നൽകുന്നത്. ശമ്പളവരുമാനക്കാരും 50 ലക്ഷത്തിൽതാഴെ വാർഷിക വരുമാനമുള്ളവരുമാണ് സഹജ് ഉപയോഗിക്കേണ്ടത്. ഹൗസ് പ്രോപ്പർട്ടി, പലിശ ഉൾപ്പടെയുള്ള മറ്റുവരുമാനമുള്ളവർക്കും ഈ ഫോംതന്നെയാണ്. 

50ലക്ഷം രൂപവരെ വരുമാനമുള്ള വ്യക്തികൾ, ഹിന്ദു അവിഭക്തകുടുംബങ്ങൾ, എൽഎൽപി ഒഴികെയുള്ള സ്ഥാപനങ്ങൾ എന്നിവർക്കും ബിസിനസ്, പൊഫഷനൻ എന്നിവയിൽനിന്ന് വരുമാനമുള്ളവരുമാണ് ഐടിആർ 4 (സുഗം)ഫോം നൽകേണ്ടത്. 

പുതുക്കിയ ഫോമുകൾ http://egazette.nic.in/ ൽ ലഭ്യമാണ്.