കഴിഞ്ഞ (2016-17) സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുവാൻ ഇനി വെറും ഒരാഴ്ച കൂടി മാത്രം. നികുതി സമർപ്പിക്കാനുള്ള അവസാന തീയതി 2017 ജൂലായ്‌ 31 ആണ്.

ശമ്പളക്കാർ, പെൻഷൻകാർ, ഒരു ഭവനത്തിൽ നിന്നു (വാടക) വരുമാനമുള്ളവർ, പലിശയുൾപ്പെടെയുള്ള വരുമാനക്കാർ തുടങ്ങിയവർക്ക് പ്രയാസം കൂടാതെ ഇ-ഫയലിങ് നടത്താൻ സാധിക്കുന്നതാണ്. ഇ-ഫയലിങ് നടത്താൻ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ചുവടെ: 

- ഫയലിങ് എവിടെയാണ് നടത്തേണ്ടത്: www.incometaxindiaefiling.gov.in 
- തിരഞ്ഞെടുക്കേണ്ട റിട്ടേൺ ഫോം ഏത്: ഐ.ടി.ആർ. 1
- എപ്പോഴാണ് ഫയലിങ് നടത്തേണ്ട അവസാന തീയതി: 2017 ജൂലായ്‌ 31 

ഇ-ഫയൽ റിട്ടേൺ ചെയ്യുന്നത് എങ്ങനെ ?
* www.incometaxindiaefiling.gov.in എന്ന ഇ-ഫയലിങ് പേജിൽ പ്രവേശിക്കുക.
* യൂസർ ഐ.ഡി.(പാൻ)യും പാസ്‌വേഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക. പുതിയതായി ഇ-ഫയൽ ചെയ്യുന്നവർ ആദ്യം രജിസ്‌ട്രേഷൻ നടത്തുക.
* ഇ-ഫയൽ ടാബിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘പ്രിപ്പയർ ആൻഡ് സബ്മിറ്റ് ഓൺലൈൻ’-ൽ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ ക്വിക്ക് ഇ-ഫയൽ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
 
* ഐ.ടി.ആർ. ഫോം തിരഞ്ഞെടുക്കുക (ഐ.ടി.ആർ. ഫോം 1 )
* അസെസ്‌മെന്റ് വർഷം തിരഞ്ഞെടുക്കുക (ഇവിടെ 2017-18). 
* ‘പ്രീ-ഫിൽ അഡ്രസ് വിത്ത്’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. കഴിഞ്ഞ വർഷത്തെ ഫയലിങ്ങിൽ നിന്നോ അല്ലെങ്കിൽ പാൻ കാർഡിൽ നിന്നോ വിവരങ്ങൾ എടുക്കാൻ നിർദ്ദേശിക്കാം. അപ്പോൾ പേരും അഡ്രസും ഉൾപ്പെടെയുള്ള ഫോം പ്രത്യക്ഷപ്പെടും. വിട്ടുപോയ വിവരങ്ങൾ നൽകി സേവ് കൊടുക്കുക. 
* ഇനി റിേട്ടണിലെ വിവരങ്ങൾ അതത്‌ കോളങ്ങളിൽ പൂരിപ്പിക്കുക. നികുതിവിധേയ വരുമാനം, 80സി പ്രകാരമുള്ള നിക്ഷേപം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം. അതോടെ നികുതി ബാധ്യത അറിയുവാൻ പറ്റും.  
* ടി.ഡി.എസ്. ആയി നികുതി അടച്ചവർക്ക് വേഗത്തിൽ ഫയലിങ് പൂർത്തിയാക്കാം. 
* നികുതി അടയ്ക്കാനുള്ളവർക്ക് അപ്പോൾത്തന്നെ ഓൺലൈനായി നികുതി അടയ്ക്കാം. ഇതിനായി 
https://onlineservices.tin.egov-nsdl.com/etaxnew/tdsnontds.jsp എന്ന ലിങ്കിൽ പ്രവേശിക്കുക. ചെലാൻ നമ്പർ/ ഐ.ടി.എൻ.എസ്. 280 എടുക്കുക. നികുതി ഓൺലൈനായി നെറ്റ് ബാങ്കിങ്ങിലൂടെ അടയ്ക്കാനാകും.
* പേമെന്റ് വിവരങ്ങൾ (ചെലാൻ വിവരങ്ങൾ) ചേർക്കുക (നികുതി അടച്ചിട്ടുണ്ടെങ്കിൽ). 
* പ്രിവ്യു നോക്കി വിവരങ്ങൾ ശരിയാണെങ്കിൽ ‘സബ്മിറ്റ്’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

റിട്ടേൺ വെരിഫിക്കേഷൻ എങ്ങനെ?
* അക്‌നോളഡ്ജ്‌മെന്റ് പ്രിന്റെടുത്ത് നീല മഷിയിൽ ഒപ്പിട്ട് ബെംഗളരൂവിലെ സെൻട്രലൈസ്ഡ് പ്രോസസിങ് സെന്ററിലേക്ക് (സി.പി.സി.) 120 ദിവസത്തിനുള്ളിൽ അയച്ചുകൊടുക്കുക. അല്ലെങ്കിൽ ഇ-വെരിഫൈ ചെയ്യുക. ഇ-വെരിഫിക്കേഷൻ ഇപ്പോൾ വളരെ എളുപ്പത്തിൽ ചെയ്യാം. അതിനുള്ള മാർഗങ്ങൾ ചുവടെ:
 * ഇ-ഫയലിങ് ഒ.ടി.പി. ഉപയോഗിച്ച്  
 * നെറ്റ് ബാങ്കിങ് ലോഗ് ഇൻ ഉപയോഗിച്ച്
 * ആധാർ ഒ.ടി.പി. വാലിഡേഷൻ
 * ബാങ്ക് എ.ടി.എം.
 * ബാങ്ക് അക്കൗണ്ട് നമ്പർ
 * ഡീമാറ്റ് അക്കൗണ്ട് 
ഇതോടെ റിട്ടേൺ നടപടി പൂർത്തിയായി. ഇനി അടുത്ത വർഷത്തേക്കുള്ള നികുതിയാസൂത്രണം ചെയ്യാം. 

ഇ-മെയിൽ: fincerco@gmail.com