2016- 2017 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ടതിന്റെ അവസാന തീയതി ജൂലൈ 31ആണ്. റിട്ടേണ്‍ നല്‍കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടകാര്യങ്ങളിതാ. 

ആധാര്‍ നമ്പര്‍ നല്കുക
ഒണ്‍ലൈനായി ആദായ നികുതി ഫയല്‍ ചെയ്യുന്നതിനുമുമ്പായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യണം. 12 അക്ക ആധാര്‍ നമ്പറോ, 28 അക്ക ആധാര്‍ എന്റോള്‍മെന്റ് നമ്പറോ നല്കണം. 

ഫോമിലെ മാറ്റങ്ങള്‍
ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതിലെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ്(സിബിഡിടി) ഫോമില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. 
ഫോമിന്റെ എണ്ണം ഒന്‍പതില്‍ നിന്ന് ഏഴായി കുറിച്ചിട്ടുണ്ട്. ഐടിആര്‍-2, ഐടിആര്‍-2എ, ഐടിആര്‍-3 എന്നീ ഫോമുകള്‍ ഐടിആര്‍-2 എന്ന ഒരു ഫോം ആക്കി ചുരുക്കിയിട്ടുണ്ട്. 

അതേതുടര്‍ന്ന് ഐടിആര്‍-4, ഐടിആര്‍-4എസ്(sugam) ഐടിആര്‍-3, ഐടിആര്‍-4(sugam) ആക്കി മാറ്റിയിട്ടുണ്ട്.
50 ലക്ഷത്തില്‍ കൂടുതലും സ്വന്തമായി രണ്ട് വീട് ഉള്ളവര്‍ക്കുമായി ഐടിആര്‍-2 ഫോമും ഒരുക്കിയിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നികുതി ദായകന്റെ എല്ലാ ബാങ്ക് അക്കൗണ്ട് നമ്പറുകളും ഐഎഫ്എസ് സി കോഡുകളും നല്കുക. എന്നാല്‍, മൂന്ന് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ ഇല്ലാത്ത അക്കൗണ്ട് നമ്പറുകള്‍ നല്കേണ്ടതില്ല. 

ഫോം 16 ഉപയോഗിക്കുക
ശമ്പളത്തില്‍നിന്ന് നികുതി കിഴിവ് ചെയ്ത വിവരം കാണിക്കുന്ന ഫോം 16 ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നു വാങ്ങണം. ഇതില്‍ പറഞ്ഞിരിക്കുന്ന നികുതിക്ക് വിധേയമായ ശമ്പളം ആദയനികുതി വകുപ്പിന് സമര്‍പ്പിക്കാം. 

ഫോം 26എഎസ് ഡൗണ്‍ലോഡ് ചെയ്യാം
നിങ്ങളുടെ ശമ്പളത്തില്‍ നിന്നു ഇടാക്കുന്ന നികുതി വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള 26എഎസ് ഫോം ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുക. സ്ഥിര നിക്ഷേപത്തില്‍നിന്ന് ഈടാക്കിയ നികുതിയും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. 

നിര്‍ബന്ധിത വെളിപ്പെടുത്തല്‍
നോട്ട് അസാധുവാക്കല്‍ സമയത്ത് രണ്ട് ലക്ഷം രൂപയില്‍ അധികം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ആവിവരങ്ങള്‍ നല്‍കണം.