നകീയമായ രണ്ട് നിക്ഷേപ പദ്ധതികളിലെ മൂലധനനേട്ടത്തിന്മേല്‍ ഇനി ആദായനികുതി ബാധകമാകും. ഇപിഎഫിലെ അധികവിഹിതത്തിനും യുലിപിലെ നിക്ഷേപത്തിനുമാണ്‌ ആദായനികുതി ഏര്‍പ്പെടുത്തിയത്. നിലവില്‍ ഇപിഎഫിലെയും യുലിപിലെയും കാലവധിയെത്തുമ്പോള്‍ ലഭിക്കുന്ന മൂലധനനേട്ടത്തിന് നികുതി നല്‍കേണ്ടതില്ലായിരുന്നു.

ഇതോടെ മ്യൂച്വല്‍ ഫണ്ടിലേതിന് സമാനമായ നികുതി നിരക്ക് യുലിപിനും ബാധകമായി. ഓഹരി നിക്ഷേപത്തിനും മ്യൂച്വല്‍ ഫണ്ടിനും 2018ലെ ബജറ്റില്‍ മൂലധനനേട്ടനികുതി കൊണ്ടുവന്നപ്പോള്‍ യുലിപിനെ അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 

ബജറ്റിലെ പ്രഖ്യാപന പ്രകാരം ഇപിഎഫില്‍ കൂടുതല്‍ വിഹിതം അടയ്ക്കുന്നവര്‍ക്ക് പലിശ വരുമാനത്തിന്മേല്‍ നികുതി നല്‍കേണ്ടിവരും. വര്‍ഷം 2.5 ലക്ഷം രൂപയില്‍ക്കൂടുതല്‍ തുക നിക്ഷേപിക്കുന്നവര്‍ക്കാണ് ഇത് ബാധകം. ഏപ്രില്‍ ഒന്നുനുശേഷമുള്ള നിക്ഷേപത്തിന്മേലാണ് നികുതി ചുമത്തുക.  

സാധാരണ ഇപിഎഫ് നിക്ഷേപകരെയല്ല, നികുതിയില്ലാത്ത വരുമാനം ഭാവിയില്‍ ലഭിക്കുന്നതിനുവേണ്ടി ഇപിഎഫിലേയ്ക്ക് സാധാരണ അടയ്ക്കുന്ന വിഹിതത്തിനുപുറമെ വിപിഎഫായി കൂടുതല്‍ നിക്ഷേപിക്കുന്നവരെയാണിത് ബാധിക്കുക.

വര്‍ഷത്തില്‍ 2.5 ലക്ഷത്തില്‍ക്കൂടുതല്‍ പ്രീമിയം അടയ്ക്കുന്ന യുലിപുകള്‍ക്കാണ് മൂലധനനേട്ടത്തിന്മേല്‍ നികുതി ബാധകമാക്കിയത്. നിലവില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഓഹരി നിക്ഷേപത്തിനുമുള്ള അതേനികുതിയാണ് ഇവിടെയും ഈടാക്കുക. അതായത് കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന മൂലധനനേട്ടത്തിന്മേല്‍ ഒരുലക്ഷം രൂപ കിഴിച്ചുള്ള തുകയ്ക്ക് 10 ശതമാനം നികുതിയും സെസുമാണ് നല്‍കേണ്ടിവരിക. ഫെബ്രുവരി ഒന്നിനുശേഷം എടുക്കുന്ന യുലിപ് പോളിസികള്‍ക്കാണിത് ബാധകം.