ടുത്ത അസ്സസ്‌മെന്റ് വർഷം (അതായത് നടപ്പുസാമ്പത്തികവർഷം) 14.5 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർ ഒരു രൂപപോലും ആദായ നികുതി നൽകേണ്ട എന്നുപറഞ്ഞാൽ അതിശയോക്തിയായി തോന്നാം. നികുതി വെട്ടിക്കാനുള്ള കുറുക്കുവഴികളെക്കുറിച്ചല്ല പറയുന്നത്. കേന്ദ്രസർക്കാർ നികുതിദായകർക്കായി നൽകുന്ന ഇളവുകളെ ഫലപ്രദമായി വിനിയോഗിച്ചാൽ അത്രയും വാർഷിക വരുമാനമുള്ളവർക്കും നികുതിയൊന്നും നൽകേണ്ടിവരില്ല. അല്ലെങ്കിൽ, ഇത്രയും വരുമാനമുള്ളവർ മൊത്തം 2.57 ലക്ഷം രൂപയായിരിക്കും ആദായ നികുതിയും സെസും ചേർത്ത് നൽകേണ്ടിവരുക.

ഇനി 14 ലക്ഷമൊന്നും നിങ്ങൾക്ക് വരുമാനമില്ലെങ്കിൽ പോലും നികുതി ആസൂത്രണം അത്യാവശ്യമാണ്. കാരണം ഈ വർഷം മുതൽ പ്രഖ്യാപിച്ചിരിക്കുന്ന ഉയർന്ന തോതിലുള്ള റിബേറ്റ് കിട്ടണം എങ്കിൽ നികുതിവിധേയ വരുമാനം അഞ്ച് ലക്ഷം രൂപയിൽ ഒതുക്കി നിർത്തണം. ഫലപ്രദമായ നികുതി ആസൂത്രണം കൊണ്ടുമാത്രമേ അതിന് കഴിയൂ എന്നകാര്യം മറക്കരുത്.

കഴിഞ്ഞ സാമ്പത്തികവർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തത്രപ്പാടിലാകും ഇപ്പോൾ ശമ്പളവരുമാനക്കാരായ ഇടത്തരക്കാർ. നികുതി ആസൂത്രണത്തിനായി ഇനി ഈവർഷം ആകെ അവശേഷിക്കുന്നത് വെറും എട്ടുമാസം മാത്രമാണ്.

ഇനി ആദ്യം പറഞ്ഞ 14.5 ലക്ഷം രൂപയുടെ വരുമാനമുള്ളവരുടെ കാര്യത്തിലേക്ക് വരാം. ഏതൊക്കെ ഇനങ്ങളിലാണ് ഇളവുകൾ എന്ന് നോക്കാം. വകുപ്പ് ‘80 സി’ പ്രകാരം എല്ലാവരുടെയും വരുമാനത്തിൽ നിന്ന് 1.5 ലക്ഷം രൂപയുടെ ചെലവുകളും നിക്ഷേപങ്ങളും കുറയ്ക്കാം. ‘80 സി.സി.ഡി.’ പ്രകാരം ‘ന്യൂ പെൻഷൻ’ സ്കീമിൽ (എൻ.പി.എസ്.) നടത്തുന്ന 50,000 രൂപവരെയുള്ള അധിക നിക്ഷേപവും വരുമാനത്തിൽ നിന്ന് കുറയ്ക്കാം.

‘24 ബി’, ‘80 ഇ.ഇ.എ.’ വകുപ്പുകൾ പ്രകാരം ഭവനവായ്പാ പലിശയിനത്തിൽ 3.5 ലക്ഷം രൂപവരെയാണ് കുറയ്ക്കാവുന്നത്. സ്വന്തം പേരിലും 60 വയസ്സിൽ കൂടുതൽ പ്രായമുള്ള മാതാപിതാക്കളുടെ പേരിലും ‘മെഡിക്ലെയിം’ പോളിസി എടുത്താൽ സെക്‌ഷൻ ‘80 ഡി’ പ്രകാരം കുറയ്ക്കാവുന്നത് ഒരു ലക്ഷം രൂപവരെ. ഇലക്‌ട്രിക് വാഹനം വാങ്ങാൻ വായ്പ എടുത്താൽ അതിന്റെ 1.50 ലക്ഷം രൂപവരെയുള്ള പലിശയടവിനും സെക്ഷൻ ‘80 ഇ.ഇ.ബി’ പ്രകാരം ഇളവ് ലഭിക്കും.

വിദ്യാഭ്യാസ വായ്പയുടെ പലിശയിനത്തിൽ എത്ര രൂപയുണ്ടോ അത്രയും തുകയ്ക്ക് പരിധിയില്ലാത്ത ഇളവാണ് അനുവദിച്ചിരിക്കുന്നത്. ഇവിടെ കണക്കുകൂട്ടാനുള്ള എളുപ്പത്തിന് വിദ്യാഭ്യാസ വായ്പാ പലിശയടവ് ഒരു ലക്ഷം രൂപയെന്നാണ് കണക്കാക്കിയിരിക്കുന്നത്.

സ്റ്റാൻഡേർഡ് ഡിഡക്‌ഷനായി ഈ വർഷം ലഭിക്കുന്നത് 50,000 രൂപയാണ്. ഈ ഇളവുകളെല്ലാം കൂടി കൂട്ടുമ്പോൾ 9.5 ലക്ഷം രൂപവരും. നികുതിവിധേയ വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയാണെങ്കിൽ നികുതി മുക്തമാണ്. ഇതിന്റെ കൂടെ 9.5 ലക്ഷം രൂപയുടെ ഇളവ് കൂടി കൂട്ടുമ്പോൾ മൊത്തം 14.5 ലക്ഷം രൂപയ്ക്കും ആദായ നികുതി ഒന്നും നൽകേണ്ടതില്ല എന്ന് കാണാമല്ലോ.

2.5 ലക്ഷം രൂപ ലാഭിക്കാനായി ഇത്രയും തുക ചെലവഴിക്കണം എന്നു പറയുന്നില്ല. പക്ഷേ, ജീവിതത്തിലെ ആവശ്യങ്ങളും ഭാവി ജീവിതലക്ഷ്യങ്ങളും എന്തൊക്കെയെന്ന് ആലോചിക്കൂ. അവ സാക്ഷാത്കരിക്കാൻ ആദായ നികുതി ഇളവ് ലഭിക്കുന്ന രീതിയിൽ നിക്ഷേപങ്ങളെയും വായ്പകളെയും ആസൂത്രണം ചെയ്യൂ. ഒരുകാര്യം മറക്കരുത്, ആദായ നികുതി ഇളവിന് വേണ്ടിമാത്രം ഒരു നിക്ഷേപവും ആരംഭിക്കരുത്. ഇതിനുവേണ്ടി മാത്രം ഒരു വായ്പയും എടുക്കുകയും ചെയ്യരുത്.

പിന്നെ എങ്ങനെ ഈ ഇളവുകളുടെ പ്രയോജനം പരമാവധി മുതലാക്കാം: സെക്‌ഷൻ ‘80 സി’-ക്ക് പുറത്ത് നിക്ഷേപത്തിന് കിട്ടുന്ന ഏക അധിക ഇളവാണ് എൻ.പി.എസിലെ 50,000 രൂപ. റിട്ടയർമെന്റ് ജീവിതത്തിനായി രാജ്യത്ത് ഇപ്പോൾ ലഭ്യമായ ഏറ്റവും മികച്ച നിക്ഷേപമാർഗമാണ് ‘എൻ.പി.എസ്.’ ഇതേവരെ ഈ സ്കീമിൽ ചേർന്നിട്ടില്ലാത്തവർക്ക് ഇപ്പോൾ ഈ അവസരം പ്രയോജനപ്പെടുത്താം.

അതുപോലെ, നിങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കൾക്കും ‘മെഡിക്ലെയിം’ ഇൻഷുറൻസ് അത്യാവശ്യമാണ്. ഇതുവരെ അതിൽ നിങ്ങൾ ചേർന്നിട്ടില്ലെങ്കിൽ ഇപ്പോൾ ചേരൂ. ചികിത്സയ്ക്കുള്ള പണം കീശചോരാതെ കണ്ടെത്താം. ഒപ്പം ആദായ നികുതിയിളവും നേടാം.

‘ഭവനവായ്പ’യിലെ പലിശയടവിനുള്ള രണ്ടുലക്ഷം രൂപയുടെ ഇളവ് നേരത്തെ മുതലുള്ളതാണ്. ഈ വർഷം മുതൽ 1.5 ലക്ഷം രൂപയുടെ കൂടി അധിക ഇളവാണ് ലഭിക്കുക. 2019 ഏപ്രിൽ മുതൽ 2020 മാർച്ച് 31 വരെ എടുക്കുന്ന ഭവന വായ്പകൾക്കാണ് ഈ അധിക ഇളവ് കൂടി ലഭിക്കുക. അതായത്, ഇക്കാലയളവിൽ വായ്പ എടുത്താൽ 3.5 ലക്ഷത്തിന്റെ പലിശയടവ് ഇളവ് ലഭിക്കും. ഇതേവരെ ഭവനവായ്പ എടുത്തിട്ടില്ലാത്തവർ മറ്റു രീതിയിൽ ഫണ്ട് കണ്ടെത്തി വീട് നിർമിക്കാനുള്ള ശ്രമം ഒഴിവാക്കുക. ആ തുക മികച്ച മാർഗങ്ങളിൽ നിക്ഷേപിച്ച് ഭവനവായ്പ എടുത്ത് വീട് വയ്ക്കാൻ ശ്രദ്ധിക്കുക.

പുതിയ വാഹനം വാങ്ങുന്നവർ അത് ‘ഇലക്‌ട്രിക് വാഹനം’ ആക്കാൻ പറ്റുമോ എന്ന് പരിശോധിക്കുക. അങ്ങനെയെങ്കിൽ അത് കഴിവതും വായ്പ എടുത്ത് വാങ്ങുക. എങ്കിൽ 1.5 ലക്ഷം രൂപയുടെ പലിശയടവിനാണ് നികുതിയിളവ് ലഭിക്കുക.

മക്കളുടെയോ ഭാര്യയുടെയോ ഉന്നത വിദ്യാഭ്യാസത്തിന് പണം ആവശ്യമുണ്ടോ...? നിങ്ങൾ ഉയർന്ന നിരക്കിൽ ആദായനികുതി നൽകേണ്ടയാളാണോ...? എങ്കിൽ സ്വന്തം കൈയിൽ പണം ഉണ്ടെങ്കിലും ‘വിദ്യാഭ്യാസ വായ്പ’ എടുക്കുന്നതാണ് അഭികാമ്യം. കാരണം 10 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനം ഉണ്ടെങ്കിൽ 34 ശതമാനം നിരക്കിലാണ് ആദായ നികുതി നൽകേണ്ടത്. 12 ശതമാനം പലിശയ്ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കും. പലിശയിനത്തിൽ വർഷം എത്ര രൂപ തിരിച്ചടയ്ക്കുന്നോ അത്രയും തുകയ്ക്ക് ആദായ നികുതിയിളവ് ലഭിക്കും.

അടുത്ത വർഷം എങ്ങനെ 14.5 ലക്ഷം രൂപയുടെ വരുമാനത്തിന് നികുതി ലാഭിക്കാം:

വകുപ്പ് ഇളവ് തുക (രൂപയിൽ)

നികുതി നൽകേണ്ടാത്ത വരുമാനം 5 ലക്ഷം

80 സി പ്രകാരമുള്ള നിക്ഷേപങ്ങളും ചെലവുകളും 1.5 ലക്ഷം

എൻ.പി.എസിലെ അധിക നിക്ഷേപം അരലക്ഷം

സ്റ്റാൻഡേർഡ് ഡിഡക്ഷൻ അരലക്ഷം

മെഡിക്ലെയിം പ്രീമിയം ഒരു ലക്ഷം

ഭവനവായ്പ പലിശയടവിലെ ഇളവ് 3.5 ലക്ഷം

ഇലക്‌ട്രിക് വാഹന വായ്പയിലെ പലിശയടവ് ഇളവ് 1.5 ലക്ഷം

വിദ്യാഭ്യാസ വായ്പ പലിശയടവ് ഇളവ് പരിധിയില്ല (ഉദാഹരണത്തിനായി ഒരു ലക്ഷമെന്ന് കണക്കാക്കിയിരിക്കുന്നു)

ആകെ നികുതി ഇളവിന് അർഹമായ വരുമാനം 14.5 ലക്ഷം