ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ റിട്ടേണ്‍ നല്‍കുന്ന വെബ് സൈറ്റില്‍ വ്യക്തിഗതവിവരങ്ങളും ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമായും പരിഷ്‌കരിക്കണമെന്ന നിര്‍ദേശം ആദായ നികുതി വകുപ്പ് പിന്‍വലിച്ചു. 

സെപ്റ്റംബര്‍ 22നാണ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന നിര്‍ദേശം വന്നത്. പുതുക്കിയ വിവരങ്ങള്‍ നല്‍കിയെങ്കില്‍മാത്രമെ ഈ ഫയലിങ് സൈറ്റ് ലോഗിന്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.

വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാതെയും ഇനി വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യാം. പുതിയ വിവരങ്ങള്‍ നല്‍കുന്നതിനുള്ള പേജ് ഉടനെ തുറന്നുവരുമെങ്കിലും അത് ഒഴിവാക്കാന്‍ കഴിയും.

നികുതി ദായകനുമായി ആശയവിനിമയം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ആദായ നികുതി വകുപ്പ് നിര്‍ബന്ധിത പുതുക്കല്‍ കൊണ്ടുവന്നത്. 

ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യാന്‍ കഴിയാതായതോടെ പരാതി വ്യാപകമായതാണ് പെട്ടെന്നുതന്നെ തീരുമാനം പിന്‍വലിക്കാന്‍ കാരണം.

ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വിലാസം, രജിസ്റ്റേഡ് മൊബൈല്‍ നമ്പര്‍, രണ്ടാമതുള്ള മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസങ്ങള്‍, ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ എന്നിവയാണ് പുതുക്കി നല്‍കേണ്ടത്.