ഡിറ്റ് നിർബന്ധമല്ലാത്ത നികുതിദായകർ 2018-19-ലെ വരുമാനങ്ങൾ വെളിപ്പെടുത്തിക്കൊണ്ടുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി 2019 ഓഗസ്റ്റ് 31-ലേക്ക് നീട്ടിയിട്ടുണ്ട്. ആദായ നികുതി നിയമ പ്രകാരം ഐ.ടി.ആർ. 1 മുതൽ 7 വരെ റിട്ടേൺ ഫോമുകൾ നികുതിദായകർക്ക്‌ റിട്ടേൺ ഫയലിങ്ങിനായി ഉപയോഗിക്കാവുന്നതാണ്. ഇവയിൽ ഏതു ഫോം സമർപ്പിക്കണം എന്നത് നികുതിദായകനെയും നേടുന്ന വരുമാനത്തെയും ആശ്രയിച്ചിരിക്കും.

ആദായനികുതി റിട്ടേൺ incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. ഈ വെബ്‌സൈറ്റിലെ ഡൗൺലോഡ്‌സ് വിഭാഗത്തിൽ നിന്ന് ഫോം ഫയൽ ചെയ്യാൻ സഹായിക്കുന്ന ഒരു ചെറിയ സോഫ്റ്റ്‌വേർ അഥവാ പ്രോഗ്രാം കംപ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്ത്, അതിൽ വിവരങ്ങൾ പൂരിപ്പിച്ച് ഓൺലൈൻ ആയി റിട്ടേൺ സമർപ്പിക്കാം. ഓരോ റിട്ടേൺഫോമും ഫയൽ ചെയ്യുന്നതിനെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ ‘പി.ഡി.എഫ്. ഫയൽ’ ആയി ഡൗൺലോഡ് ചെയ്യാവുന്നതാണ്. വെബ്‌സൈറ്റിലുള്ള ‘ഐ.ടി. പ്രിപ്പറേഷൻ സോഫ്റ്റ്‌വേർ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് പേജിലേക്ക് എത്താം.

സാധാരണക്കാരായ ശമ്പള വരുമാനക്കാർക്കായുള്ള ‘സഹജ്’ എന്ന പേരുള്ള ‘ഐ.ടി.ആർ.-1’ ഫോം എങ്ങനെ പൂരിപ്പിച്ച്‌ ഫയൽ ചെയ്യാം എന്നത്‌ താഴെ വിവരിക്കുന്നു:

ശമ്പള വരുമാനം, പരമാവധി ഒരു വീട്ടിൽ നിന്നുള്ള വാടക വരുമാനം, ബാങ്ക് പലിശ തുടങ്ങിയ ഇതര സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം (ഇൻകം ഫ്രം അദർ സോഴ്‌സസ്) എന്നിവയുള്ളവർക്ക് ‘സഹജ്’ എന്ന ‘ഐ.ടി.ആർ-1’ ഫോം ഉപയോഗിക്കാം.

എന്നാൽ, ആരൊക്കെ ഐ.ടി.ആർ-1 ഉപയോഗിച്ചുകൂടാ എന്ന് മേൽപ്പറഞ്ഞ പി.ഡി.എഫ്. ഫയലിൽ പറഞ്ഞിട്ടുണ്ട്. കമ്പനികളിലെ ഡയറക്ടർമാർ, ഇന്ത്യക്ക്‌ പുറത്തുള്ള സ്രോതസ്സുകളിൽ നിന്ന് വരുമാനം ഉള്ളവർ, പ്രസ്തുത സാമ്പത്തിക വർഷത്തിൽ ലിസ്റ്റഡ് അല്ലാത്ത ഓഹരികൾ കൈവശം ഉണ്ടായിരുന്നവർ എന്നിവർ ഐ.ടി.ആർ.-1 ഫോം ഉപയോഗിച്ചുകൂടാത്തവരിൽ ചിലരാണ്. കൂടാതെ, മേൽപ്പറഞ്ഞ എല്ലാ സ്രോതസ്സുകളിലും കൂടിയുള്ള മൊത്ത വരുമാനം 50 ലക്ഷം രൂപ കവിയുന്ന വ്യക്തികൾക്കും ഈ ഫോം പാടില്ല. ഐ.ടി.ആർ-1 ഫോമിന്റെ രൂപം ഇതോടൊപ്പമുള്ള ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെയാണ്.

ഓൺലൈൻ ആയി ഫയൽ ചെയ്യുമ്പോൾ മുകളിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ച്‌ അപ്‌ലോഡ് ചെയ്യുകയല്ല ചെയ്യുന്നത്. പകരം, നേരത്തെ പറഞ്ഞതുപോലെ മുകളിലത്തെ ഫോം അതേരൂപത്തിൽ ഫയൽ ചെയ്യാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വേർ ഡൗൺലോഡ് ചെയ്ത്, അതിൽ വിവരങ്ങൾ പൂരിപ്പിക്കണം. ‘എക്സെൽ’ ഫയൽ രൂപത്തിലോ ‘ജാവ’ പ്രോഗ്രാമിന്റെ രൂപത്തിലോ കംപ്യൂട്ടറിലേക്ക് ഈ സോഫ്റ്റ്‌വേർ ഡൗൺലോഡ് ചെയ്യാം.

എല്ലാ വിവരങ്ങളും പൂരിപ്പിച്ചതിനു ശേഷം ആ സോഫ്റ്റ്‌വേറിൽ ഉള്ള ‘Generate xml’ എന്ന ബട്ടൺ അമർത്തുമ്പോൾ ‘XML’ എന്ന ഒരു കംപ്യൂട്ടർ ഫയൽ ആ സോഫ്റ്റ്‌വേറിൽ നിന്ന് ഉത്ഭവിപ്പിക്കാൻ സാധിക്കും.

വെബ്‌സൈറ്റിൽ (incometaxindiaefiling.gov.in) നികുതിദായകന്റെ ‘യൂസർ നെയിമും പാസ്‌വേഡും’ ഉപയോഗിച്ച് ‘ലോഗിൻ’ ചെയ്തതിനു ശേഷം ഈ എക്സ്.എം.എൽ. ഫയൽ അപ്‌ലോഡ് ചെയ്യുകയേ വേണ്ടൂ. ‘ITR-1’ റിട്ടേൺ മേൽപ്പറഞ്ഞ രൂപത്തിൽ താനേ ഫയൽ ആവും.

വെബ്‌സൈറ്റിൽ ഇ-ഫയൽ എന്ന ഭാഗത്ത് ചെന്ന് ഡൗൺലോഡ് ഒന്നും ചെയ്യാതെ നേരിട്ട് പൂരിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്. വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് കയറിയ ശേഷം ‘e-File’ എന്ന ടാബിന് താഴെ ‘Income Tax Return’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ ഇത് സാധ്യമാകും.

ഇനി ITR -1 ഫോമിൽ എന്തൊക്കെ പൂരിപ്പിക്കണം എന്നത് നോക്കാം. മുകളിൽ കൊടുത്തിരിക്കുന്ന ITR-1 ഫോമിൽ പറഞ്ഞിരിക്കുന്ന അതേ വിവരങ്ങൾ തന്നെയാണ് പൂരിപ്പിക്കേണ്ടത്.

ഫോമിലെ ‘പാർട്ട് എ’ എന്ന തലക്കെട്ടിനടിയിൽ പാൻ, ജനന തീയതി, ആധാർ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ നികുതിദായകനെ സംബന്ധിച്ച വിവരങ്ങൾക്കു പുറമെ, ഫയൽ ചെയ്യപ്പെടുന്ന റിട്ടേണിനെക്കുറിച്ചുള്ള വിവരങ്ങളും നൽകേണ്ടതുണ്ട്. അതായത്‌ സമയത്തിനുള്ളിൽ നൽകപ്പെടുന്ന ‘ഒറിജിനൽ’ റിട്ടേൺ ആണോ, താമസിച്ച്‌ ഫയൽ ചെയ്യപ്പെടുന്ന ‘ബിലേറ്റഡ് റിട്ടേൺ’ ആണോ അതോ ആദായ നികുതി വകുപ്പിൽനിന്ന്‌ ലഭിച്ച നോട്ടീസിന് അനുസൃതമായി സമർപ്പിക്കപ്പെടുന്ന റിട്ടേൺ ആണോ എന്നു തുടങ്ങിയ റിട്ടേണിനെ സംബന്ധിച്ച വിവരങ്ങൾ പൂരിപ്പിക്കണം.

ITR-1 ഫോമിലെ പാർട്ട് എ-യിൽ പറഞ്ഞിരിക്കുന്ന മേൽപ്പറഞ്ഞ വിവരങ്ങൾ പൂരിപ്പിച്ചതിനു ശേഷം ‘പാർട്ട് ബി’-യിലെ വിശദാംശങ്ങളാണ് സോഫ്റ്റ്‌വേറിൽ രേഖപ്പെടുത്തേണ്ടത്. ഇതിൽ ഏറ്റവും ആദ്യം ശമ്പള വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പൂരിപ്പിക്കേണ്ടത്.

ഫോം ITR-1-ൽ ശമ്പള വരുമാനത്തെ സാലറി (വകുപ്പ് 17(1)), പെർക്വിസിറ്റുകൾ (വകുപ്പ് 17(2)), പ്രോഫിറ്റ് ഇൻ ലിയൂ ഓഫ് സാലറി (വകുപ്പ് 17(3)) എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നത് കാണാം.

ശമ്പളം കൂടാതെ പെൻഷൻ, ഗ്രാറ്റുവിറ്റി, കമ്മിഷൻ, വിവിധയിനം അലവൻസുകൾ എല്ലാം വകുപ്പ് 17 (1) പ്രകാരമുള്ള ശമ്പളം എന്ന വാക്കിന്റെ നിർവചനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ ഇവയെല്ലാം കൂടെ കൂട്ടുമ്പോൾ കിട്ടുന്ന തുക സോഫ്റ്റ്‌വേറിൽ വകുപ്പ് 17 (1) പ്രകാരമുള്ള ‘സാലറി’ ആയി കാണിക്കാം.

അടുത്തതായി ‘പെർക്വിസിറ്റു’കളുടെ വിവരങ്ങളാണ് പൂരിപ്പിക്കേണ്ടത്, വകുപ്പ് 17(2) പ്രകാരം തൊഴിലുടമയിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന താമസ സൗകര്യം, വാടകയിൽ നിന്നുമുള്ള ഇളവ്, തൊഴിൽ ജീവനക്കാരനും കുടുംബാംഗങ്ങൾക്കും വേണ്ടി തൊഴിലുടമയിൽ നിന്നുമുള്ള സൗജന്യ ചികിത്സ/ചികിത്സാ സഹായം, തൊഴിലുടമയാൽ വഹിക്കപ്പെടുന്ന ജീവനക്കാരന്റെ മറ്റു ചെലവുകൾ തുടങ്ങിയവ വകുപ്പ് 17(2)-ൽ പറഞ്ഞിരിക്കുന്നതിന് അനുസൃതമായി മൂല്യനിർണയം നടത്തി അതിന്റെ ആകെത്തുക പെർക്വിസിറ്റുകളുടെ തുകയായി കാണിക്കാം.

ജീവനക്കാരന്റെ തൊഴിൽ നിർത്തലാക്കുന്നതിനെത്തുടർന്നോ തൊഴിൽ വ്യവസ്ഥകളിൽ നടത്തുന്ന വ്യതിയാനങ്ങളെത്തുടർന്നോ തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരം മുതലായ വകുപ്പ് 17(3)-ൽ പറഞ്ഞിരിക്കുന്ന തുകകൾ ‘പ്രോഫിറ്റ് ഇൻ ലിയു ഓഫ് സാലറി’ ആയും കാണിക്കാം.

മേൽപ്പറഞ്ഞ വകുപ്പ് 17 (1), (2), (3) പ്രകാരമുള്ള തുകകൾ കൂട്ടുന്നതാണ് ജീവനക്കാരന്റെ മൊത്തം ശമ്പള വരുമാനം. (Gross Salary).

ഇങ്ങനെ വകുപ്പ് 17 (1), (2), (3) പ്രകാരമുള്ള തുക കണക്കാക്കുമ്പോൾ വകുപ്പ് 10(5) മുതൽ വകുപ്പ് 10(14) വരെയുള്ള വകുപ്പുകളിൽ പറഞ്ഞിട്ടുള്ള ശമ്പള വരുമാനത്തിൽ നിന്നുള്ള ഒഴിവുകൾ (Exemptions) കണക്കിലെടുത്ത് ആ തുകകൾ ഒഴിവാക്കിയിട്ടുള്ള തുകകൾ കൂട്ടുമ്പോൾ കിട്ടുന്ന തുക വേണം നികുതി വിധേയ ശമ്പളം ആയി കണക്കാക്കാൻ.

ഈ ഒഴിവുകൾ മൊത്ത ശമ്പളത്തിൽ നിന്ന് കുറയ്ക്കാനായി വകുപ്പ് 10(5) തുടങ്ങി 10(14) വരെയുള്ള ഒഴിവുകൾ (Exemptions) തിരഞ്ഞെടുത്തു കാണിക്കാവുന്ന ഒരു ടേബിൾ സോഫ്റ്റ്‌വേറിൽ /എക്സൽ ഷീറ്റിൽ കാണാം. ഇതിൽനിന്ന്‌ റിട്ടേൺ സമർപ്പിക്കുന്ന നികുതിദായകന് ബാധകമായ ഒഴിവുകൾ മാത്രം തിരഞ്ഞെടുത്ത് അതത് ഒഴിവുകളുടെ തുകയുൾപ്പെടെ കാണിക്കാം.

ഒഴിവുകൾ കഴിഞ്ഞുള്ള ശമ്പളവരുമാനത്തുകയിൽ നിന്ന് വകുപ്പ് 16 പ്രകാരം ആകെ മൂന്ന്‌ കിഴിവുകൾ (deductions) മാത്രമേ സാധ്യമുള്ളൂ. കിഴിവുകളിൽ ആദ്യം വരുന്നത് ‘സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ’ (വകുപ്പ് 16 (i)) എന്ന കിഴിവാണ്. എല്ലാ ശമ്പള വരുമാനക്കാർക്കും ഈ കിഴിവ് ലഭ്യമാണ്. പരമാവധി 40,000 രൂപ ഈ ഇനത്തിൽ ശമ്പള വരുമാനത്തിൽ നിന്ന് കുറയ്ക്കാവുന്നതാണ്.

സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടാതെ വകുപ്പ് 16 (ii), 16 (iii) പ്രകാരമുള്ള എന്റർടെയിൻമെന്റ് അലവൻസ് (സർക്കാർ ജീവനക്കാർക്ക് മാത്രമുള്ളത്), ഭരണ ഘടനയുടെ ആർട്ടിക്കിൾ 276 പ്രകാരം തൊഴിലുടമ അടച്ച പ്രൊഫഷൻ ടാക്സ് അഥവാ എംപ്ലോയ്‌മെന്റ് ടാക്സ് ഇനി കിഴിവുകളും ലഭ്യമാണ്. കിഴിവുകൾ കാണിക്കുവാനുള്ള പ്രത്യേക കോളങ്ങൾ സോഫ്റ്റ്‌വേറിൽ കാണാം.

മേല്പറഞ്ഞ ഒഴിവുകളും കിഴിവുകളും എല്ലാം കുറച്ച്‌ കഴിഞ്ഞുള്ളതാണ് നികുതി വിധേയമായ ശമ്പള വരുമാനം. ഒഴിവുകളും കിഴിവുകളും കുറയ്ക്കുന്നതിന് മുൻപും കുറച്ചുകഴിഞ്ഞുമുള്ള ശമ്പള വരുമാനത്തുക സോഫ്റ്റ്‌വേർ കണക്കാക്കി പ്രദർശിപ്പിക്കും.

ITR-1 ഫോമിലെ മറ്റു വരുമാനങ്ങളായ വാടക വരുമാനം, ബാങ്ക് പലിശ തുടങ്ങിയ ഇതര സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനങ്ങളുടെ കൂടെ ഈ വരുമാനം കൂട്ടുമ്പോൾ ആ വർഷത്തെ മൊത്ത വരുമാനമായി. ‘ഗ്രോസ് ടോട്ടൽ ഇൻകം’ എന്ന കോളത്തിൽ ഈ തുക പ്രത്യക്ഷപ്പെടും.

ഈ മൊത്ത വരുമാനത്തിൽ നിന്ന് ‘ചാപ്റ്റർ VIA’ എന്ന നികുതി നിയമത്തിലെ പ്രത്യേക അധ്യായം പ്രകാരമുള്ള ‘80സി’ (ലൈഫ് ഇൻഷുറൻസ് പ്രീമിയം, കുട്ടികളുടെ ട്യൂഷൻ ഫീസ്, നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റ് നിക്ഷേപം എന്നീ കിഴിവുകളും, ‘80 ഡി’ (മെഡിക്കൽ ഇൻഷുറൻസ് ), മുതലായ വകുപ്പുകൾ പ്രകാരമുള്ള മറ്റു ചാപ്റ്റർ VIA കിഴിവുകൾളും കുറച്ചാൽ നികുതി വിധേയമായ ‘മൊത്ത വരുമാനം’ അറിയാൻ സാധിക്കും.

വരുമാനങ്ങളുടെ വിവരങ്ങളെല്ലാം പൂരിപ്പിച്ച ശേഷം ‘കാൽക്കുലേറ്റ് ടാക്സ്’ എന്ന ബട്ടൺ അമർത്തുമ്പോൾ മൊത്ത വരുമാനത്തിന്മേലുള്ള സ്ലാബ് റേറ്റ് അനുസരിച്ചുള്ള നികുതിബാധ്യത സോഫ്റ്റ്‌വേർ കാണിക്കും.

കൂടാതെ, ‘ടി.ഡി.എസ്.’ തുകകളെയും നികുതിദായകൻ മുൻകൂറായി അടച്ച അഡ്വാൻസ് ടാക്സ് തുകകളെയും കുറിച്ചുള്ള വിവരങ്ങളും രേഖപ്പെടുത്തണം. ടി.ഡി.എസ്./അഡ്വാൻസ് തുകകൾ കഴിഞ്ഞുള്ള ബാക്കി ബാധ്യത സർക്കാരിലേക്ക് അടച്ച വിവരങ്ങളും (സെൽഫ് അസസ്‌മെന്റ് ടാക്സ്) കാണിക്കാം.

വേണ്ട വിവരങ്ങളെല്ലാം പൂരിപ്പിച്ചു എന്ന് ഉറപ്പു വരുത്താൻ സോഫ്റ്റ്‌വേറിൽ ഉള്ള ‘വാലിഡേറ്റ്’ എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ പൂരിപ്പിക്കാൻ വിട്ടുപോയ കോളങ്ങൾ ഏതൊക്കെയെന്ന സൂചന ലഭിക്കും.

പൂർണമായി പൂരിപ്പിച്ച ശേഷം തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ xml ഫയൽ ഉണ്ടാക്കി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതോടെ റിട്ടേൺ ഓൺലൈൻ ആയി ഫയൽ ആകും.

റിട്ടേൺ ഫയൽ ചെയ്ത കാര്യം നികുതിദായകൻ സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ‘വെരിഫിക്കേഷൻ’ എന്ന നടപടി കൂടി കഴിഞ്ഞാലേ റിട്ടേൺ സമർപ്പണം പൂർത്തിയാകൂ.

ഇലക്‌ട്രോണിക് രീതികളായ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചോ, ഒ.ടി.പി. (വൺ ടൈം പാസ്‌വേഡ്) ഉപയോഗിച്ചോ, അതല്ലെങ്കിൽ മാനുവൽ ആയി റിട്ടേൺ ഫയൽ ചെയ്ത തെളിവായ ‘ITR-V’ എന്ന ഷീറ്റിൽ ഒപ്പിട്ട്‌ പ്രോസസിങ് സെന്ററിലേക്ക് അയച്ചോ ഇത് ചെയ്യാവുന്നതാണ്.

prasanthkjoseph@gmail.com 

how to file income tax return