പിഴ ഒഴിവാക്കാനും മറ്റുനടപടികള്‍ നേരിടാതിരിക്കാനും സമയത്തിന് ആദായ നികുതി നല്‍കാന്‍ ശ്രദ്ധിക്കണം. 2019-20 സാമ്പത്തിക വര്‍ഷത്തയ്ക്കുള്ള റിട്ടേണ്‍ നല്‍കേണ്ടതിയതി ഡിസംബര്‍ 31ലേയ്ക്ക് നീട്ടിയിട്ടുണ്ടെങ്കിലും അവസാന തിയതിവരെ കാത്തിരിക്കേണ്ടതില്ല. 

കോവിഡ് വ്യാപനത്തെതുടര്‍ന്ന് നവംബര്‍ 30ലേയ്ക്ക് ആദ്യംതന്നെ തിയതി നീട്ടിനല്‍കിയിരുന്നു. ഈ തിയതിയാണ് വീണ്ടും ഡിസംബര്‍ 31ലേയ്ക്ക് നീട്ടിയത്. റിട്ടേണ്‍ നല്‍കുന്നത് വൈകിയാല്‍ നേരിടേണ്ടവരുന്ന ബുദ്ധുമുട്ടുകള്‍ പരിശോധിക്കാം.

റീഫണ്ട് ലഭിക്കാന്‍ കാലതമാസമുണ്ടാകും
എത്രയും നേരത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നുവോ അത്രയും നേരത്തെ റീഫണ്ട് നിങ്ങളുടെ ബാങ്കിലെത്തും. കൃത്യമായി റിട്ടേണ്‍ നല്‍കിയവര്‍ക്ക് റീഫണ്ട് നല്‍കാന്‍ ആദായനികുതി വകുപ്പ് ഒരുമാസമാണ് സമയമെടുക്കുന്നത്. 

ടിഡിഎസ്, ടിസിഎസ് എന്നിവ വഴി ഐടി വകുപ്പ് കൂടുതല്‍ നികുതി ഈടാക്കിയിട്ടുണ്ടെങ്കിലാണ് റീഫണ്ടുവഴി തുക തിരിച്ചുകിട്ടുക.

കൂടുതല്‍ പലിശ നല്‍കേണ്ടിവരും
ഒരുലക്ഷത്തില്‍ക്കൂടുതല്‍ തുക ആദായ നികുതി ബാധ്യതയുള്ള ഓഡിറ്റിങ് ആവശ്യമില്ലാത്ത വ്യക്തിയാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസാന തിയതിവരെ കാത്തിരിക്കരുത്. ഐടി വകുപ്പ് 234 എ പ്രകാരം ജൂലായ് 31 മുതലുള്ള പലിശ ഈടാക്കും. അതിനാല്‍ എത്രയുംവേഗം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ശ്രമിക്കുക. 

സ്വയം വിലയിരുത്തി നികുതി നല്‍കുന്ന ഒരു ലക്ഷം രൂപയില്‍കൂടുതല്‍ നികുതി ബാധ്യതയുള്ളവരാണെങ്കില്‍ ഡിസംബര്‍ 31നുശേഷമുള്ള പലിശയാണ് ഈടാക്കുക.