ന്യൂഡല്‍ഹി: അടുത്ത പൊതുബജറ്റില്‍ ആദായനികുതിയിലും പ്രത്യക്ഷനികുതികളിലും വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ധനമന്ത്രാലയം വ്യവസായമേഖലയില്‍നിന്നും ബന്ധപ്പെട്ട സംഘടനകളില്‍നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടി.

കമ്പനികളുടെ ആദായ നികുതിയെക്കുറിച്ചുള്ള നിര്‍ദേശങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും പുതിയ ആദായനികുതി കോഡ് തയ്യാറാക്കുന്ന പശ്ചാത്തലത്തില്‍ വ്യക്തിഗത ആദായനികുതി നിരക്കുകളുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങളുണ്ടെങ്കില്‍ അവയും കണക്കിലെടുക്കും. നവംബര്‍ രണ്ടിനുമുമ്പ് നിര്‍ദേശങ്ങള്‍ നല്‍കണം.

പുതിയ ഡയറക്ട് ടാക്സ് കോഡ് തയ്യാറാക്കാന്‍ രൂപവത്കരിച്ച ദൗത്യസമിതി ഓഗസ്റ്റില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്കിയിരുന്നു. ശുപാര്‍ശകള്‍ പരസ്യമാക്കിയിട്ടില്ല. അഞ്ചു സ്ലാബുകളാണ് സമിതി ശുപാര്‍ശ ചെയ്തതെന്ന് സര്‍ക്കാര്‍ സ്ഥിരീകരിക്കാത്ത വാര്‍ത്ത പുറത്തുവന്നിരുന്നു.

ബജറ്റിനു മുന്നോടിയായി വിവിധ മേഖലകളിലുള്ളവരുമായി ധനമന്ത്രാലയം ചര്‍ച്ച നടത്താറുണ്ടെങ്കിലും ആദ്യമായിട്ടാണ് ആദായനികുതി, പ്രത്യക്ഷനികുതി സംബന്ധിച്ച് വിവിധതുറകളിലുള്ളവരുടെ അഭിപ്രായം ക്ഷണിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ്.

ഇക്കൊല്ലത്തെ ബജറ്റ് ജൂലായില്‍ അവതരിപ്പിച്ച് രണ്ടുമാസം കഴിഞ്ഞപ്പോള്‍തന്നെ, സാമ്പത്തികമാന്ദ്യം കണക്കിലെടുത്ത് ധനമന്ത്രി വിവിധ മേഖലകള്‍ക്കുള്ള പാക്കേജുകള്‍ പ്രഖ്യാപിച്ചുതുടങ്ങി. സെപ്റ്റംബറില്‍ കോര്‍പ്പറേറ്റ് ആദായ നികുതിനിരക്ക് 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി. പുതിയ ഉത്പാദനക്കമ്പനികളുടെ നികുതിനിരക്ക് നേരത്തേ 25 ശതമാനമായിരുന്നത് 15 ശതമാനമാക്കി.

കോര്‍പ്പറേറ്റ് നികുതി കുറച്ചതിനുശേഷമാണ് വ്യക്തിഗത ആദായനികുതിനിരക്കുമായി ബന്ധപ്പെട്ട പുതിയ ശുപാര്‍ശയുടെ വിവരങ്ങള്‍ പുറത്തുവന്നത്. പ്രത്യക്ഷ നികുതികളുടെ കാര്യം ജി.എസ്.ടി. കൗണ്‍സിലാണു തീരുമാനിക്കുന്നതെങ്കിലും ഇറക്കുമതിത്തീരുവ, എക്സൈസ് തീരുവ സംബന്ധിച്ച വ്യവസായ മേഖലയിലുള്ളവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

പുതിയ ആദായനികുതി സ്ലാബുകളും നിരക്കും (സാധ്യത)

നിലവിലുള്ളത്
സ്ലാബ് നിരക്ക്

2.5 മുതല്‍ 5 ലക്ഷം - 5%

5 ലക്ഷം മുതല്‍ 10 ലക്ഷം - 20%

10 ലക്ഷത്തിനു മുകളില്‍ - 30%

50 ലക്ഷത്തിനു മുകളില്‍ -30+10% സര്‍ച്ചാര്‍ജ്

1 ഒരു കോടിക്ക് മുകളില്‍ -30 +15% സര്‍ച്ചാര്‍ജ്

2 കോടിക്കു മുകളില്‍ - 30 +25% സര്‍ച്ചാര്‍ജ്

5 കോടിക്ക് മുകളില്‍ - 30+37% സര്‍ച്ചാര്‍ജ്

നിർദിഷ്ട നിരക്ക്

രണ്ടരലക്ഷത്തിൽ താഴെ 0

2.5 മുതല്‍ 10 ലക്ഷം 10%

10 മുതല്‍ 20 ലക്ഷം 20%

20 ലക്ഷം മുതല്‍ രണ്ട് കോടി 30%

രണ്ടു കോടിക്കു മുകളില്‍ -35%

(നിലവിൽ ആദായനികുതിയിൽ 4% സെസിന്റെ അധികനികുതിയും പ്രതിവർഷം 5 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയിളവും ഉണ്ട്. സർച്ചാർജുകൾ നിർത്തലാക്കിയ പുതിയ നികുതിയിൽ നികുതിയിളവുകൾ തുടരുന്നുണ്ട്.)