മുംബൈ: ആദായനികുതി നിയമഭേദഗതിയിലൂടെ പൂർവകാല പ്രാബല്യമുള്ള മൂലധനനേട്ട നികുതി ഒഴിവാക്കിയതിനുപിന്നാലെ 17 കമ്പനികളുമായുള്ള നികുതിത്തർക്ക കേസുകൾ ഒഴിവാക്കുന്നതിന് കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. കമ്പനികൾ സർക്കാരിനെ സമീപിക്കുന്നതുവരെ കാത്തിരിക്കാതെ കമ്പനികളെ അങ്ങോട്ടുസമീപിക്കാനാണ് ഇപ്പോഴത്തെ നീക്കം.

ഇതിന്റെ ഭാഗമായി, പുതിയ നിയമപ്രകാരം ഒത്തുതീർപ്പിന് അർഹമായ കേസുകൾ കണ്ടെത്താനും വിശദാംശങ്ങൾ അറിയിക്കാനും കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ചെയർമാൻ ജെ.ബി. മൊഹപത്ര ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണർമാർക്ക് നിർദേശം നൽകിയതായാണ് വിവരം.

ഇത്തരം കേസുകൾ സർക്കാരിനും വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ കമ്പനികൾ കേസുകൾ പിൻവലിക്കാതിരുന്നാൽ അതു സർക്കാരിനു വെല്ലുവിളിയാകും. അതുകൊണ്ടുതന്നെ ഇവ എത്രയുംവേഗം തീർപ്പാക്കാനാണ് തീരുമാനം. നിലവിൽ 2012-ലെ നിയമഭേദഗതിയിലൂടെ മൂന്നുകമ്പനികളിൽ നിന്നായി സർക്കാർ 8,000 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതിൽ 7,900 കോടിയും കെയിൻ എനർജിയുടേതാണ്. വോഡഫോണിൽനിന്ന് 44.7 കോടിയും ഡബ്ല്യു.എൻ.എസിൽനിന്ന് 48 കോടിയുമാണ് പിടിച്ചത്. ഒത്തുതീർപ്പുവ്യവസ്ഥയനുസരിച്ച് ഇതുമാത്രമാണ് തിരിച്ചുനൽകേണ്ടതായി വരുക. അതുകൊണ്ടുതന്നെ മറ്റുകമ്പനികളുടെ കേസുകൾ പിൻവലിക്കാൻ എളുപ്പമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.

കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് സർക്കാർ ചില വ്യവസ്ഥകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. നഷ്ടപരിഹാരമോ പലിശയോ ആവശ്യപ്പെടരുതെന്നും കേസുകളെല്ലാം പിൻവലിക്കണമെന്നുമാണ് ഇതിൽ പ്രധാനം. നിർദേശങ്ങൾ അംഗീകരിച്ചാൽ പിടിച്ചെടുത്ത പണം തിരിച്ചുനൽകാമെന്നാണ് സർക്കാർ വാഗ്ദാനം. ഇവ നിയമഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, പണം എപ്പോൾ തിരികെ ലഭിക്കും, മറ്റെന്തെങ്കിലും നിയമപ്രശ്നങ്ങൾ വരുമോ തുടങ്ങിയ ആശങ്കകൾ കമ്പനികളും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത തേടി ഏഴുകമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

ഇന്ത്യ പിടിച്ചെടുത്ത നികുതി തിരിച്ചുപിടിക്കാൻ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രിബ്യൂണലിൽ നിന്ന് അനുമതി ലഭിച്ച കെയിൻ എനർജി വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ ആസ്തികൾ പിടിച്ചെടുക്കാൻ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് സർക്കാർ നിയമഭേദഗതി പിൻവലിച്ച് ഒത്തുതീർപ്പിനൊരുങ്ങുന്നത്.