ദായ നികുതിദായകരുടെ സാമ്പത്തിക ഇടപാടുകൾ സമഗ്രമായി വിശദമാക്കുന്ന വാർഷിക ഇൻഫോർമേഷൻ സ്‌റ്റേറ്റുമെന്റ് ആദായ നികുതി വകുപ്പ് അവതരിപ്പിച്ചു. ഫോം 26എ.എസിനുപകരമായാണ് സാമ്പത്തിക വർഷത്തെ എല്ലാ ഇടപാടുകളും വിശദമാക്കുന്ന എഐഎസുമായി ആദായനികുതി വകുപ്പ് മുന്നോട്ടുപോകുന്നത്. 

പലിശ, ലാഭവിഹിതം, ഓഹരി-മ്യൂച്വൽ ഫണ്ട് ഇടപാട്, വിദേശത്തേക്കുള്ള പണമയക്കൽ, വാടക വരുമാനം, ഭൂമികച്ചവടം തുടങ്ങി സാമ്പത്തികവർഷം വ്യക്തി നടത്തിയിട്ടുള്ള എല്ലാ ഇടപാടുകളും വിശദമാക്കുന്നതാണ് എഐഎസ്. 

ആദായ നികുതി റിട്ടേൺ നൽകുമ്പോൾ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങൾ നൽകാൻ മറന്നാലും സ്റ്റേറ്റ്‌മെന്റ് നിങ്ങളെ ഓർമിപ്പിക്കുമെന്ന് ചരുക്കം. സാമ്പത്തിക ഇടപാടുകൾ നികുതിദായകൻ മറച്ചുവെക്കുന്നില്ല എന്ന് ഉറപ്പാക്കുകയാണ് സ്റ്റേറ്റുമെന്റിലൂടെ ആദായനികുതി വകുപ്പ് ലക്ഷ്യമിടുന്നത്. 

ടിഡിഎസ്, ടിസിഎസ് വിവരങ്ങൾ, മുൻകൂർ നികുതി, പലിശ വരുമാനം തുടങ്ങിയവമാത്രം ഉൾക്കൊള്ളുന്ന ഒന്നായിരുന്നു നിലവിലുണ്ടായിരുന്ന ഫോം 26എ.എസ്. പാൻ അടിസ്ഥാനമാക്കി തയ്യാറാക്കിയിരുന്ന ഈ വിവരങ്ങൾ അപൂർണവുമായിരുന്നു. അതിൽനിന്ന് സമഗ്രമായ മാറ്റവുമായാണ് എഐഎസ് വരുന്നത്. സ്രോതസിൽനിന്ന് ശേഖരിച്ച നികുതിക്കപ്പുറമുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദവിവരങ്ങളാണ് വ്യക്തികൾ അറിഞ്ഞില്ലെങ്കിൽപോലും വകുപ്പ് ശേഖരിക്കുന്നത്. 

ഫോം 26 എ.എസിന് പകരമാണോ?
ആനുവൽ ഇൻഫോർമേഷൻ സ്‌റ്റേറ്റുമെന്റ് പൂർണമായും പ്രവർത്തനക്ഷമമാകുന്നതുവരെ ഫോം 26 എ.എസ് തുടരും. സാധ്യമായ എല്ലാ ധനകാര്യ സ്ഥാപനങ്ങളുമായും ഇതിനകം സർക്കാർ ധാരണയിലെത്തിക്കഴിഞ്ഞു. ഘട്ടംഘട്ടമായി എഐഎസിലേക്ക് നടപ്പ് സാമ്പത്തികവർഷംതന്നെ മാറിയേക്കാം. 

നികുതിദായകൻ ചെയ്യേണ്ടത്
പുതിയ ആദായ നികുതി ഇ-ഫെയലിങ് പോർട്ടലിലെ സർവീസ് ടാബിന് കീഴിലുള്ള എഐഎസ് -എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സമഗ്രവിവരങ്ങൾ കണാനും പിഡിഎഫ് ഉൾപ്പടെയുള്ള വ്യത്യസ്ത ഫോർമാറ്റുകളിൽ ഡൗൺലോഡ് ചെയ്യാനും കഴിയും. 

വിവരങ്ങളിൽ തെറ്റോ ഇരട്ടിപ്പോ ഉണ്ടെങ്കിൽ ഓൺലൈനായിതന്നെ ഇക്കാര്യം അറിയിക്കാൻ സൗകര്യമുണ്ട്. ഒന്നിലധികം വസ്തുതകൾ ഒരേസമയം ഫീഡ്ബാക്കായി നൽകാനുമാകും. ഓഫ്‌ലൈനായി ഇക്കാര്യം അറിയിക്കാൻ എഐസ് യൂട്ടിലിറ്റി(സോഫ്റ്റ് വെയർ)യും നൽകിയിട്ടുണ്ട്. റിപ്പോർട്ട് ചെയ്ത മൂല്യവും നികുതി ദായകൻ നൽകിയ മൂല്യവും എഐഎസിൽ പ്രത്യേകം കാണിക്കും. വിവരങ്ങൾ പുതുക്കുകയോ നിരസിക്കുകയോ ചെയ്താൽ, സ്ഥിരീകരണത്തിനായി വിവര ഉറവിടവുമായി ബന്ധപ്പെടാവുന്നതാണ്. 

എളുപ്പത്തിൽ വിവരങ്ങൾ മനസിലാക്കിയെടുക്കാൻ സഹായിക്കുന്നതരത്തിൽ ടാക്‌സ്‌പെയർ ഇൻഫോർമേഷൻ സമ്മറി(ടിഐഎസ്)യുമുണ്ട്. എഐഎസിൽ നികുതിദായകൻ നൽകുന്ന വിവരത്തിനനുസരിച്ച് തത്സമയം ടിഐഎസിൽ അപ്‌ഡേറ്റ്‌ചെയ്യും. മൊത്തംവരുമാനം കാണിക്കുന്നത് റിട്ടേൺ ഫയൽ ചെയ്യുന്നത് എളുപ്പമാക്കും. വാർഷിക ഇൻഫോർമേഷൻ സ്‌റ്റേറ്റ്‌മെന്റ് പ്രകാരം ഭാവിയിൽ ആദായനികുതി ഇ-ഫയലിങ് പോർട്ടലിൽ മുൻകൂറായി (പ്രീ ഫില്ലിങ്) വിവരങ്ങൾ നൽകുന്ന രീതിവരും. 

50ലേറെ ഇടപാടുകളുടെ വിവരങ്ങൾ
ശമ്പളം(അടിസ്ഥാന ശമ്പളം, ഡിഎ, അലവൻസുകൾ എന്നിവ വേർതിരിച്ച് രേഖപ്പെടുത്തിയിട്ടുണ്ടാകും), ലഭിച്ച വാടക, ലാഭവിഹിതം, എസ്ബി അക്കൗണ്ടിലെ പലിശ, എഫ്.ഡി പലിശ, മറ്റ് പലിശ വരുമാനം, ആദായനികുതി റീഫണ്ടിലെ പലിശ, നൽകിയ വാടക, ലോട്ടറി സമ്മാനം, കുതിര പന്തയത്തിൽനിന്നുള്ള സമ്മാനം, പിഎഫ് ബാലൻസ്, കടപ്പത്രം സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായം, ദീർഘകാല മൂലധനനേട്ടം, ഓഹരി ഇടപാട്, ഇൻഷുറൻസിൽനിന്നുള്ള കമ്മീഷൻ, ലൈഫ് ഇൻഷുറൻസ്, എൻഎസ്ഇയിൽനിന്നുള്ള പണംപിൻവലിക്കൽ, ലോട്ടറി ടിക്കറ്റ് വില്പന കമ്മീഷൻ, മ്യൂച്വൽ ഫണ്ട് ഇടപാട്, വസ്തു-ഭൂമി ഇടപാട്, വാഹന വിൽപന, ബിസിനസ് വരുമാനം, കാഷ് ഡെപ്പോസിറ്റ്, പണം പിൻവലിക്കൽ, വിദേശത്തേക്ക് പണമയക്കൽ, വിദേശ കറൻസി വാങ്ങൽ, വിദേശ യാത്ര, വാഹനം വാങ്ങൽ, ക്രഡിറ്റ് കാർഡ്-ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്നിങ്ങനെ വ്യക്തി നടത്തിയ എല്ലാ ഇടപാടുകളും സ്റ്റേറ്റ്മന്റിലുണ്ടാകുമെന്ന് ചുരുക്കം. 

ആദായ നികുതി ബാധ്യതയുണ്ടായിട്ടും നല്‍കാത്തവരുടെയും, കൃത്യമായി ഫയൽ ചെയ്യാത്തവരുടെയും വിവരങ്ങൾ വാർഷിക ഇടപാട് സ്റ്റേറ്റുമെന്റിലൂടെ വെളിച്ചത്തുവരും. പുതിയ പോർട്ടലിലൂടെ വ്യാപകമായ സൗകര്യങ്ങളാണ് ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുള്ളത്. വ്യക്തിയുടെ മൊത്തം ആസ്തിയും അത് എങ്ങനെ നേടിയെന്നും അതിന് എത്രതുക നികുതി അടച്ചിട്ടുണ്ടെന്നതും വിശദമായിതന്നെ കണ്ടെത്തുകയാണ് ലക്ഷ്യം. 

ആനുവൽ ഇൻഫോർമേഷൻ സ്‌റ്റേറ്റുമെന്റിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാം. 

antonycdavis@gmail.com