ന്യൂഡൽഹി: ഓഗസ്റ്റ് 31-നുമുൻപുതന്നെ നികുതിദായകർ പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) സി.ഇ.ഒ. അജയ് ഭൂഷൺ പാണ്ഡെ. സ്വകാര്യതക്കേസിലെ വിധി ആധാറിനെ ബാധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്.

 സർക്കാർ സബ്സിഡികൾ, ക്ഷേമപദ്ധതികൾ, മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് ഇത് കൂടിയേതീരൂ. ആധാർ-പാൻ ബന്ധിപ്പിക്കൽ ആദായനികുതി നിയമത്തിൽ ഭേദഗതികൾവരുത്തി കൊണ്ടുവന്നതാണ്. അതിനാൽ ബന്ധിപ്പിക്കൽ ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വകാര്യതയിലെ വിധി വന്നതുകൊണ്ട് അതിൽ മാറ്റമുണ്ടാകില്ല -അദ്ദേഹം പറഞ്ഞു.
 
ആധാറിലെ വിവരങ്ങൾ സംരക്ഷിക്കാനുള്ള കാര്യങ്ങൾ ഇതിന്റെ നിയമത്തിലുണ്ട്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രമാണ് ഇത്തരം കേസുകൾ വരുന്നത്. അതിൽ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തീരുമാനമെടുക്കുക. ആധാർ നിയമത്തെപ്പറ്റി സുപ്രീംകോടതിയുടെ വിധിയിൽ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പാർലമെന്റ് പാസാക്കിയ ഈ നിയമം സാധുവാണ്. 

നിയമത്തിലെ വകുപ്പ് ഏഴുപ്രകാരം സർക്കാരിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ആധാർ വേണം -അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 31വരെ കേന്ദ്രസർക്കാർ നേരത്തെ ഇതിനായി സമയം അനുവദിച്ചിരുന്നു.
 
സബ്സിഡിയുള്ള പാചകവാതകം ലഭിക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും പുതിയ ഫോൺനമ്പർ ലഭിക്കുന്നതിനും നിലവിൽ ആധാർ വേണം.