ന്യൂഡൽഹി: ആദായനികുതി റിട്ടേൺ നൽകുന്നതിന് പാൻ (പെർമനൻറ്് അക്കൗണ്ട് നമ്പർ) ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യം നേരത്തേ വ്യക്തമാക്കിയതാണെന്നും കോടതി ഓർമിപ്പിച്ചു. ഇവ ബന്ധിപ്പിക്കാതെ 2018-19-ലെ ആദായനികുതി റിട്ടേൺ നൽകാൻ രണ്ടുപേർക്ക് ഡൽഹി ഹൈക്കോടതി അനുവാദം നൽകിയത് ചോദ്യംചെയ്തുള്ള കേന്ദ്രത്തിന്റെ ഹർജിയിലാണ് ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് എസ്. അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് ഹൈക്കോടതി അങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ സുപ്രീംകോടതി അന്തിമവിധി പറഞ്ഞുകഴിഞ്ഞു. അതനുസരിച്ച് ആദായനികുതി റിട്ടേൺ ഫയൽചെയ്യണമെങ്കിൽ പാൻ ആധാറുമായി ബന്ധിപ്പിക്കണം.
എന്നാൽ, പരാതിക്കാരായ ശ്രേയാ സെന്നിന്റെയും ജയശ്രീ സത്പുതെയുടെയും റിട്ടേണുകൾ ഹൈക്കോടതി ഉത്തരവുപ്രകാരം സ്വീകരിച്ചുകഴിഞ്ഞു. അതിനാൽ അടുത്ത സാമ്പത്തിക വർഷത്തിൽ ഈ ഉത്തരവുപ്രകാരമേ റിട്ടേൺ സ്വീകരിക്കാവൂ എന്നും സുപ്രീംകോടതി നിർദേശിച്ചു.
ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിലൂടെ പലതവണ ശ്രമിച്ചിട്ടും ആധാർ നൽകാതെ ഇ-ഫയലിങ് ചെയ്യാനാകുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ പരാതി.
ബാങ്ക് അക്കൗണ്ടുമായോ, ടെലിഫോൺ സേവനദാതാക്കളുമായോ ആധാർ ബന്ധിപ്പിക്കുക നിർബന്ധമല്ലെന്നും എന്നാൽ, ആദായനികുതി റിട്ടേൺ ഫയൽചെയ്യാൻ അതു നിർബന്ധമാണെന്നും കഴിഞ്ഞ സെപ്റ്റംബർ 26-ന് സുപ്രീംകോടതി വിധിച്ചിരുന്നു.
Content Highlights:aadhar pan card link for Filing Tax Return