ക്രഡിറ്റ് സ്‌കോർ ചാർട്ട്.
വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനോ അടിയന്തര ഘട്ടങ്ങളിലോ വായ്പയെടുക്കാൻ സാധാരണക്കാർ ബാങ്കിൽ ചെല്ലുമ്പോൾ പലപ്പോഴും അവയെ തല്ലിക്കെടുത്താനായി ക്ഷണിക്കാതെ കടന്നുവരുന്ന വില്ലനാണ് പലപ്പോഴും ‘ക്രെഡിറ്റ് സ്‌കോർ’. വായ്പാദാതാക്കളെ സംബന്ധിച്ചിടത്തോളം വായ്പക്കാരനെ മനസ്സിലാക്കുന്നതിന് ഒരു അനുഗ്രഹമായി നായകസ്ഥാനത്ത് നിൽക്കുന്ന ക്രെഡിറ്റ് സ്‌കോർ തന്നെയാണ് വായ്പയെടുക്കാൻ പോകുന്നവർക്ക് ചിലപ്പോൾ വില്ലനാകുന്നത്.
ഒന്നര വർഷത്തിലേറെയായി കോവിഡ് മഹാമാരി താണ്ഡവമാടിയ ലോകത്ത് കടബാധ്യതകൾ കൃത്യമായി തിരിച്ചടയ്ക്കാൻ കഴിഞ്ഞിട്ടുള്ളത് ഒരുപക്ഷേ, സർക്കാരിലും സർക്കാർ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന മാസശമ്പളക്കാർക്കു മാത്രമാണ്. ആളൊഴിഞ്ഞ അങ്ങാടിയിൽ ജീവിത സത്യവാങ്മൂലവും കൈയിൽ പിടിച്ച് വിഷണ്ണനായി നിൽക്കുന്ന വ്യാപാരിയും വ്യവസായിയും മുതൽ സാധാരണക്കാരായ ചെറുപ്പക്കാർ വരെ തന്റെ ക്രെഡിറ്റ് സ്‌കോർ താഴ്ന്നുപോയത് അറിയുന്നത് അടുത്ത തവണ കടം പുതുക്കാനോ എടുക്കാനോ ബാങ്കിലെത്തുമ്പോഴാണ്. രംഗബോധമില്ലാത്ത കോമാളിയായി ക്രെഡിറ്റ് സ്‌കോർ പ്രതിനായക വേഷത്തിൽ കടന്നുവരുന്നത് അപ്പോഴാണ്.
ക്രെഡിറ്റ് സ്‌കോർ വില്ലനാവാതിരിക്കാൻ, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്, ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുമെങ്കിൽ വിജയിക്കാം.
1. ക്രെഡിറ്റ് കാർഡിൽ വലിയ തുക ബാക്കി നിർത്തരുത്. ഒന്നുകിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കുക. ഉപയോഗിക്കുകയാണെങ്കിൽ നിശ്ചിത തീയതിക്കകം ബാക്കിനിൽക്കുന്ന തുക അടച്ചുതീർക്കുക.
2. കടബാധ്യതകളെ അവഗണിച്ച് മുന്നോട്ടു പോകരുത്. അവ കഴിവതും വേഗം തിരിച്ചടയ്ക്കേണ്ടതാണെന്ന ബോധവും പ്രവൃത്തിയും എപ്പോഴും വേണം.
3. കിട്ടുന്നിടത്തുനിന്നെല്ലാം വായ്പയെടുക്കുന്ന ശീലം ഉപേക്ഷിക്കണം. വായ്പകൾ എടുക്കേണ്ടത് നമ്മുടെ ഏതെങ്കിലും അടിയന്തരാവശ്യത്തിനു മാത്രമാകണം. മറ്റു മാർഗങ്ങൾ ഇല്ലെങ്കിലേ വായ്പയെ അവലംബിക്കാവൂ. അല്ലാതെ, വായ്പ തരാമെന്ന് പറയുന്നവരെയെല്ലാം തൃപ്തിപ്പെടുത്താൻ ശ്രമിക്കരുത്. തിരിച്ചടയ്ക്കാൻ മാർഗം കാണാതെ എടുക്കുന്ന വായ്പകൾ നമ്മെ കടക്കയത്തിലാഴ്‌ത്തും.
4. പല ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതും അപകടകരമാണ്. ക്രെഡിറ്റ് കാർഡ് അനുവദിച്ചിട്ടുള്ള പരിധി ഒരിക്കലും മുഴുവനായി ഉപയോഗിക്കരുത്. ശമ്പളം (വരുമാനം) കിട്ടിയാൽ ആദ്യം കാർഡിന്റെ പണം അടയ്ക്കണം.
5. വർഷത്തിൽ 52 ആഴ്ചയും ഷോപ്പിങ് ചെയ്യുന്ന ശീലം ഒഴിവാക്കണം. പണമില്ലാതെയുള്ള ധൂർത്ത് ഒഴിവാക്കുകതന്നെ വേണം.
6. വായ്പ ലഭിക്കുമെന്ന് ഉറപ്പുള്ളിടത്തേ അപേക്ഷ നൽകാവൂ. ഒരുപാടിടത്ത് അപേക്ഷ നൽകിയാൽ, ഓരോ വായ്പാദാതാവും ക്രെഡിറ്റ് സ്‌കോർ നോക്കും. ഏതെല്ലാം സ്ഥാപനങ്ങൾ, എത്രയെല്ലാം തുകയ്ക്ക് ഇതുവരെ ക്രെഡിറ്റ് സ്‌കോർ നോക്കിയിട്ടുണ്ടെന്ന് പിന്നെ സ്‌കോർ എടുക്കുമ്പോൾ അറിയാം. അത് അപേക്ഷകനെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല ഉളവാക്കുക. അത് സ്‌കോർ കുറയ്ക്കാൻ പോലും കാരണമാകും.
7. എടുത്ത വായ്പകൾ കഴിവതും കൃത്യമായി അടയ്ക്കുക. റിസർവ് ബാങ്ക് നിർദേശപ്രകാരം, സമയത്ത് വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്, നിബന്ധനകൾക്ക് വിധേയമായി, വായ്പ പുനഃക്രമീകരണം ചെയ്യാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. അത്തരം അവസരങ്ങൾ യഥാസമയം ഉപയോഗിക്കണം. ഏതെങ്കിലും കാരണവശാൽ ഇതൊന്നും നടക്കുന്നില്ലെങ്കിൽ അടവു ബാക്കി 90 ദിവസത്തിൽ അധികമായി, വായ്പ നിഷ്‌ക്രിയ ആസ്തി ആവാതെ നോക്കണം. നിഷ്‌ക്രിയ ആസ്തിയുടെ ചരിത്രം ക്രെഡിറ്റ് സ്‌കോർ റിപ്പോർട്ടിൽ ദീർഘകാലം നിഴലിക്കും.
8. മറ്റാരുടെയെങ്കിലും വായ്പകൾക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കിൽ, അവർ ആ വായ്പകൾ കൃത്യസമയത്ത് അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
9. നമ്മുടെ മേൽവിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവയിൽ വ്യത്യാസം വരികയാണെങ്കിൽ, അത് യഥാസമയം ബാങ്കിൽ രേഖാമൂലം അറിയിച്ച്, അവർ ഡേറ്റാ ബേസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി എന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ, വായ്പകളിലെ ഏതെങ്കിലും പ്രശ്നങ്ങൾ അവർ അറിയിക്കുന്നത് നമ്മൾ അറിയാതെപോകും. തന്മൂലം നമ്മുടെ വായ്പ, പ്രശ്നവായ്പ ആവുകയും ക്രെഡിറ്റ് സ്‌കോറിൽ ദോഷം പ്രതിഫലിക്കുകയും ചെയ്യും.
10. വർഷത്തിലൊരിക്കലെങ്കിലും ക്രെഡിറ്റ് സ്‌കോർ റിപ്പോർട്ട് സ്വയം എടുത്ത് പരിശോധിക്കുക. അത്, നമ്മളറിയാത്ത ഏതെങ്കിലും ബാധ്യതകളോ വീഴ്ചകളോ നമ്മുടെ പേരിൽ വന്നിട്ടുണ്ടോ എന്നറിയാനും അവ തിരുത്താനും നമ്മെ സഹായിക്കും.
(ബാങ്കിങ് വിദഗ്ധനായ ലേഖകൻ ഗുഡ്ഗാവിലെ സ്‌റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രഡിറ്റ് ആൻഡ് റിസ്‌ക് മാനേജുമെന്റിൽ ഫാക്കൽറ്റിയായിരുന്നു. അഭിപ്രായങ്ങൾ വ്യക്തിപരം)
pdsn.sbt@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..