Photo: Gettyimages
ജോലി കിട്ടിയ ഉടനെ പത്തുവര്‍ഷം മുമ്പാണ് വൈഷ്ണവി മ്യൂച്വല്‍ ഫണ്ടില്‍ എസ്.ഐ.പി തുടങ്ങിയത്. വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ബ്ലൂചിപ്പ് ഫണ്ടിലാണ് നിക്ഷേപം. വാര്‍ഷിക വിലയിരുത്തലിന്റെ ഭാഗമായാണ് ഈയിടെ ഫണ്ടിന്റെ പ്രകടനം വിലയിരുത്തിയത്. 20ശതമാനമാണ് ഇതുവരെയുള്ള വാര്‍ഷിക റിട്ടേണ്‍.
നേരിട്ടല്ലങ്കിലും ഓഹരിയില്‍നിന്നുള്ള നേട്ടം സ്വന്തമാക്കാന്‍ ഇക്വിറ്റി ഫണ്ടിലെ നിക്ഷേപം ഉപകരിക്കും. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്കായി ഫണ്ട് മാനേജര്‍മാര്‍ മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കുകയും നിക്ഷേപിക്കുകയുംചെയ്യുന്നു. കാലാകാലങ്ങളില്‍ ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയുംചെയ്ത് മികച്ചലാഭം നേടിക്കൊടുക്കുകയെന്നതാണ് അവരുടെ ദൗത്യം.
ചിട്ടയായി നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരിക്കാന്‍ കഴിയുമെങ്കില്‍ മ്യൂച്വല്‍ ഫണ്ടില്‍നിന്ന് മികച്ച ആദായംനേടാന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് വൈഷ്ണവിയുടേത്. ഇതേക്കുറിച്ച് ലളിതമായ വിശദീകരിക്കാന്‍ സൂത്രവാക്യംതന്നെ നിക്ഷേപ ലോകത്തുണ്ട്.
15 X 15 X 15 റൂള്‍
പ്രതിമാസം 15,000 രൂപ വീതം 15 വര്‍ഷം നിക്ഷേപിച്ചാല്‍ കാലാധിയെത്തുമ്പോള് 15ശതമാനം വാര്‍ഷിക ആദായപ്രകാരം ഒരുകോടി രൂപയിലേറെ സ്വന്തമാക്കാമെന്നാണ് ഈ സൂത്രവാക്യം വിശദീകരിക്കുന്നത്.
ഉദാഹരണംനോക്കാം: മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഫണ്ടുകളിലൊന്നായ കനാറ റൊബേകോ എമേര്‍ജിങ് ഇക്വിറ്റി ഫണ്ടിന്റെ പ്രകടനം വിലയിരുത്താം. 2007 ഏപ്രില്‍ രണ്ടുമുതല്‍ 2022 മാര്‍ച്ച് രണ്ടുവരെ പ്രതിമാസം 15,000 രൂപ വീതം നിക്ഷേപിച്ചുവെന്ന് കരുതുക. ഏപ്രില്‍ 22ലെ റിട്ടേണ്‍ പ്രകാരം 1,38,99,707 രൂപയാണ് ലഭിക്കുക. അതായത് 1.40 കോടി രൂപ. 15 വര്‍ഷം(180 മാസം) 15,000 രൂപ വീതം നിക്ഷേപിച്ചപ്പോഴാണ് ഈനേട്ടം സ്വന്തമാക്കാനായത്. മൊത്തം നിക്ഷേപിച്ചതാകട്ടെ 27 ലക്ഷം രൂപമാത്രമാണ്. ആദായമാകട്ടെ 19.5ശതമാനവും. എസ്.ഐ.പി തുകയില്‍ വര്‍ഷംതോറം 10ശതമാനം വര്‍ധനവരുത്തിയാല്‍ 2.22 കോടിയാകും ലഭിക്കുക.
.
ഓഹരി വിപണിയിലെ കയറ്റ ഇറക്കങ്ങളില്‍ ഒരുപോലെ നിക്ഷേപം നടത്തുന്നതുകൊണ്ട് ദീര്‍ഘകാലയളവിലെ എസ്.ഐ.പി നിക്ഷേപത്തിന് റിസ്ക് ഇല്ലെന്നുതന്നെ പറയാം. പണപ്പെരുപ്പ നിരക്കിനേക്കാള്‍ ഉയര്‍ന്ന ആദായം ലഭിക്കാനും ഓഹരി വിപണിയില്‍നിന്നുള്ള നേട്ടം പരമാവധി പ്രയോജനപ്പെടുത്താനും മ്യൂച്വല്‍ ഫണ്ടിലെ ദീര്‍ഘകാലയളവിലെ നിക്ഷേപത്തിലൂടെ കഴിയും.
7-10-15 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി (ഉദാഹരണത്തിന് കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയര്‍മെന്റ് ജീവിതം) ഇപ്പോഴേ നിക്ഷേപം തുടങ്ങാം. ഫണ്ടുകളുടെ ഡയറക്ട് പ്ലാനില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ ആദായം സ്വന്തമാക്കുകയുംചെയ്യാം.
ഏതൊക്കെ ഫണ്ടുകള്‍
വന്‍കിട മധ്യനിര കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ലാര്‍ജ് ക്യാപ്, ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ്, ഫ്ളക്സി ക്യാപ് എന്നീ വിഭാഗങ്ങളിലെ ഫണ്ടുകളാകും ഉചിതം.
സമ്പത്തുനേടാന്‍ മാസ്റ്റര്‍ പ്ലാന്‍തന്നെ തയ്യാറാക്കാം. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'അറിയാം നിക്ഷേപിക്കാം സമ്പന്നാനാകാം' പുസ്തകം വാങ്ങാം.
antonycdavis@gmail.com
(മാതൃഭൂമി ഗൃഹലക്ഷ്മിയിലെ മണി ടൂ കോളത്തില്‍ പ്രസിദ്ധീകരിച്ചത്. കാലോചിതമായി പരിഷ്കരിച്ച് പുനഃപ്രസിദ്ധീകരിക്കുന്നു.)
Content Highlights: How to get Rs 1 crore from stock market?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..