Photo: Gettyimages
നോയ്ഡയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സുധീഷ്. മികച്ച ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും അതിലേറെയും ചെലവായിപോകുകയാണ്. അതുകൊണ്ടുതന്നെ വിരമിച്ചശേഷമുള്ള ജീവിതത്തിനായി നേരത്തെതന്നെ നിക്ഷേപം തുടങ്ങാനാണ് സുധീഷിന്റെ പ്ലാന്‍.
പ്രതിമാസം 70,000 രൂപയെങ്കിലും പെന്‍ഷന്‍ ലഭിക്കണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ശമ്പളം ലഭിക്കുമ്പോള്‍തന്നെ കൃത്യമായ അടച്ചുപോകുന്ന രീതിയില്‍ നിക്ഷേപം ക്രമീകരിക്കുകയും വേണം. അതിന് യോജിച്ച നിക്ഷേ പദ്ധതി ഏതെന്നാണ് അറിയേണ്ടത്.

എന്‍.പി.എസ്
ഭീമമായ തുക ആദായ നികുതി കൊടുക്കുന്നതിനാല്‍ നികുതിയിളവ് കൂടി പരിഗണിച്ച് അദ്ദേഹത്തിനായി ശുപാര്‍ശ ചെയ്തത് എന്‍.പി.എസ് ആണ്. 35 വയസ്സുള്ള സുധീഷ് 60വയസ്സിലാണ് വിരമിക്കുക. ഇനി 24 വര്‍ഷം മുന്നിലുണ്ട്. നേരത്തെ നിക്ഷേപം തുടങ്ങിയാല്‍ പതിമാസ തുക കുറച്ചുമതിയല്ലോ.
എന്‍പിഎസ് ടിയര്‍ 1ലെ ഇ(ഇക്വിറ്റി)സ്‌കീം ആക്ടീവ് ചോയ്‌സ് പ്രകാരം നിക്ഷേപം നടത്തിയാല്‍ പരമാവധി നേട്ടമുണ്ടാക്കുകയും ചെയ്യാം. അതു പ്രകാരം 75ശതമാനം ഓഹരി, 25ശതമാനം കോര്‍പറേറ്റ് കടപ്പത്രം എന്ന നിക്ഷേപ അനുപാതം സ്വീകരിച്ചു. ദീര്‍ഘകാലയളവ് മുന്നിലുള്ളതിനാല്‍ പരമാധവി റിട്ടേണ്‍ ലഭിക്കുകയും ചെയ്യും.
കാലാവധിയെത്തുമ്പോള്‍
60 വയസ്സാകുമ്പോള്‍ 12 ശതമാനം വാര്‍ഷിക ആദായപ്രകാരം മൊത്തം നിക്ഷേപതുക 1,17,088,11 രൂപയായിട്ടുണ്ടാകും. നിക്ഷേപിച്ചതാകട്ടെ 20,16,000 രൂപയുമാണ്. കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് ഒരു രൂപപോലും ആദായനികുതി നല്‍കേണ്ടതില്ല.

പെന്‍ഷന്‍ ലഭിക്കുന്നതിനായി, കാലാവധിയെത്തുമ്പോള്‍ മൊത്തം തുകയുടെ 40ശതമാനം നിര്‍ബന്ധമായും ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കേണ്ടതുണ്ട്. അതുപ്രകാരം 46,83,524 രൂപയാണ് അതിനായി നീക്കിവെയ്‌ക്കേണ്ടത്. ആറു ശതമാനം വാര്‍ഷിക ആദായ പ്രകാരം 23,418 രൂപയാണ് അതില്‍നിന്ന് പ്രതീക്ഷിക്കുന്ന പെന്‍ഷന്‍. ബാക്കിയുള്ള 70,25,287 രൂപ സ്വന്തംരീതിയില്‍ നിക്ഷേപം നടത്തുകയും ചെയ്യാം.
മികച്ച ആദായം ലഭിക്കുന്ന നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാം:
സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം
2023ലെ ബജറ്റില്‍ സീനിയര്‍ സിറ്റിസണ്‍ സ്‌കീമിലെ നിക്ഷേപ തുക 15 ലക്ഷത്തില്‍നിന്ന് 30 ലക്ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം 30 ലക്ഷം രൂപ ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. എട്ട് ശതമാനമാണ് നിലവിലെ പലിശ. മൂന്നു മാസം കൂടുമ്പോള്‍ 60,000 രൂപ ഇതില്‍നിന്ന് ലഭിക്കും. അതായത് പ്രതിമാസം 20,000 രൂപ.

മന്ത്‌ലി ഇന്‍കം സ്‌കീം
സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന് സമാനമായി പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമിലെ നിക്ഷേപ പരിധി 4.5 ലക്ഷത്തില്‍നിന്ന് ഒമ്പത് ലക്ഷമായും കൂട്ടിയിട്ടുണ്ട്. ഒമ്പത് ലക്ഷം രൂപ ഈ പദ്ധതിയിലും നിക്ഷേപിക്കാം. 7.1 ശതമാനം വാര്‍ഷിക പലിശ പ്രകാരം 5,325 രൂപയാണ് മാസംതോറും ലഭിക്കുക.
സ്ഥിര നിക്ഷേപം
ഈ പദ്ധതികളില്‍ നിക്ഷേപിച്ചശേഷം 31,25,287 രൂപയാണ് ബാക്കിയുണ്ടാകുക. ബാങ്കിലോ ഡെറ്റ് ഫണ്ടിലോ ഈതുക നിക്ഷേപിക്കാം. എട്ട് ശതമാനം വാര്‍ഷിക ആദായ പ്രകാരം പ്രതിമാസം 21,295 രൂപയും ഇതില്‍നിന്ന് കണ്ടെത്താം. ഇടയ്‌ക്കെപ്പോഴെങ്കിലും പണം അത്യാവശ്യമായിവന്നാല്‍ ബാങ്ക് നിക്ഷേപത്തില്‍നിന്ന് പിന്‍വലിക്കുകയും ചെയ്യാം.
കൂടുതല്‍ തുക
24 വര്‍ഷം കഴിയുമ്പോള്‍ 70,000 രൂപകൊണ്ട് ജീവിക്കാന്‍ കഴിയുമോയെന്ന സംശയം ഉയര്‍ന്നേക്കാം. ഓരോരുത്തരുടെയും ചെലവുമായി ബന്ധപ്പെട്ട് ആപേക്ഷികമാണത്. നിലവിലെ ജീവിത ചെലവിന് ആനുപാതികമായി കണക്കാക്കിവേണം പ്രതിമാസ നിക്ഷേപ തുക നിശ്ചയിക്കാന്‍. പ്രതിമാസം 7,000 രൂപയ്ക്കുപകരം 15,000 രൂപ നിക്ഷേപിച്ചാല്‍ 2.50 കോടി രൂപ 24 വര്‍ഷംകൊണ്ട് സമാഹരിക്കാന്‍ കഴിയും. 40ശതമാനം തുക ആന്വിറ്റി പ്ലാനില്‍ നിക്ഷേപിച്ചാല്‍ 50,181 രൂപ അതില്‍നിന്ന് പെന്‍ഷനായി ലഭിക്കും. ബാക്കിയുള്ള 1.50 കോടി രൂപ നേരത്തെ വ്യക്തമാക്കിയ രീതിയില്‍ സീനിയര്‍ സിറ്റിസണ്‍ സ്‌കീം ഉള്‍പ്പടെയുള്ള പദ്ധതികളില്‍ ക്രമീകരിക്കാം. അതുപ്രകാരം 1,52,128 രൂപ പ്രതിമാസം വരുമാനം നേടാം. ഓണ്‍ലൈനായി എളുപ്പത്തില്‍ നേരിട്ട് എന്‍.പി.എസില്‍ നിക്ഷേപം തുടങ്ങാം.
antonycdavis@gmail.com
Content Highlights: How much rupees should be invested to get a pension of Rs 70,000 per month; which plan is the best?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..