ചിത്രീകരണം |മാതൃഭൂമി
വര്‍ഷംതോറും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മാത്രംപോര. അതുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുകയും വേണം. ഭാവിയില്‍ ആദായ നികുതി വകുപ്പിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും രേഖകള്‍ ഹാജരാക്കാനും അത് ഉപകരിക്കും. കള്ളപ്പണ നിരോധന നിയമം 2015 പ്രകാരമുള്ള നടപടി ഒഴിവാക്കാന്‍ ബന്ധപ്പെട്ട രേഖകള്‍ ആവശ്യമായിവരും.
രേഖകള്‍ സൂക്ഷിക്കേണ്ട കാലാവധി നിയമത്തില്‍ പറഞ്ഞിട്ടില്ല. അതേസമയം, വകുപ്പ് 147 പ്രകാരം 10 വര്‍ഷം വരെയുള്ള കാലയളവില്‍ നോട്ടീസ് നല്കാന് ആദായ നികുതി വകുപ്പിന് കഴിയുമെന്ന് മനസിലാക്കുക. ഈ കാലയളവിലെ വരുമാനവും ഇടപാടുകളും സംബന്ധിച്ച തെളിവുകള്‍ക്കായി അതുകൊണ്ടുതന്നെ രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ട്.
നികുതി റിട്ടേണ്‍ നല്കികഴിഞ്ഞാല് ആവര്‍ഷത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് കരുതരുത്. ആദായ നികുതി വകുപ്പ് അതിന്മേല് നടപടിയെടുക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. പഴയതുപോലെയല്ല, ബാങ്കിലെത്തുന്ന പണം മാത്രമല്ല, ഭൂമി ഇടപാടുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളും ആദായ നികുതി വകുപ്പ് അറിയുന്നുണ്ട്. പാന്‍, ആധാര്‍ എന്നിവവഴി എളുപ്പത്തില്‍ ഇടപാടുകള്‍ ട്രാക്ക് ചെയ്യാനും കഴിയും.
നികുതി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ രണ്ടു മാസത്തിനുള്ളില്‍ പ്രൊസസ് ചെയ്തതായി അറിയിപ്പ് ലഭിക്കും. നികുതി റിട്ടേണ്‍ നല്കിയ സാമ്പത്തിക വര്‍ഷം അവസാനം മുതല്‍ മൂന്നു മാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും വിശദമായ വിവരങ്ങള്‍ തേടിക്കൊണ്ട് അറിയിപ്പ് ലഭിച്ചേക്കാം. അതുകൊണ്ടും തീരില്ല. അസസ്മന്റെ് വര്‍ഷം കഴിഞ്ഞ് മൂന്നുവര്‍ഷം പൂര്ത്തിയാകുന്നതിനുമുമ്പും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് വരാം.
50 ലക്ഷമോ അതില്‍കൂടുതലോ വരുമാനത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ 10 വര്‍ഷക്കാലയളവ് വരെ നോട്ടീസ് ലഭിച്ചേക്കാം. ഐടിആര്‍ രേഖകള്‍ 10 വര്‍ഷമെങ്കിലും സൂക്ഷിച്ച് വെയ്ക്കേണ്ടത് ആവശ്യമാണെന്ന് പറയുന്നത് അതുകൊണ്ടാണ്. നികുതിയിളവുകള്‍ ഉള്‍പ്പടെയുള്ളവ അവകാശപ്പെട്ടതിന്റെയും മൊത്തം ലഭിച്ച വരുമാനത്തിന്റെയും വിവരങ്ങള്‍ സൂക്ഷിച്ചാല്‍ രേഖകള്‍ സഹിതം നോട്ടീസിന് മറുപടി നല്കാന് കഴിയും.
കള്ളപ്പണ നിരോധന നിയമപ്രകാരം നടപടിയെടുക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ വരുമാനവും നികുതി രേഖകളും സൂക്ഷിക്കേണ്ടത് നികുതിദായകന്റെ ഉത്തരവാദിത്വമാണ്. ദീര്‍ഘകാലം രേഖകള്‍ സൂക്ഷിക്കുകയെന്നത് എളുപ്പമല്ലെങ്കിലും കംപ്യൂട്ടറിലോ മറ്റോ 'സോഫ്റ്റ് കോപ്പി' യായും കരുതിവെയ്ക്കാം.
Content Highlights: How long should income tax return records be kept?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..