-
ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചുലക്ഷം രൂപവരെ നികുതിയിളവ് നേടാം. ഭവനവായ്പയുടെ പലിശ, മുതല്‍ എന്നിവയിലേയ്ക്ക് അടയ്ക്കുന്ന തുകയ്ക്കാണ് ആനുകൂല്യം ലഭിക്കുക. വിശദാംശങ്ങള്‍ അറിയാം.
മുതലിലേയ്ക്ക് തിരിച്ചടയ്ക്കുന്ന തുക
വകുപ്പ് 80സി പ്രകാരം ഭവനവായ്പയുടെ മുതലിലേയ്ക്ക് ഓരോവര്‍ഷവും അടയ്ക്കുന്ന 1.50 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് നികുതി ആനുകൂല്യം ലഭിക്കും. നിര്‍മാണം പൂര്‍ത്തിയായതിനുശേഷമേ ഈ ആനൂകൂല്യം ലഭിക്കൂ. ഇത്തരത്തില്‍ വായ്പയെടുത്ത് നിര്‍മിച്ച വീട് അഞ്ചുവര്‍ഷത്തിനുള്ളില്‍ വില്ക്കുകയാണെങ്കില് നേടിയ കിഴിവ് വരുമാനത്തോടൊപ്പം ചേര്‍ക്കുകയും നികുതി ചുമത്തുകയുംചെയ്യും.
പലിശയിലെ കിഴിവ്
ഭവനവായ്പയുടെ പലിശയിലേയ്ക്ക് അടയ്ക്കുന്ന രണ്ടുലക്ഷം രൂപവരെയുള്ള തുകയ്ക്ക് വകുപ്പ് 24(ബി) പ്രകാരം ഓരോവര്‍ഷവും നികുതി ആനുകൂല്യം ലഭിക്കും. വീടിന്റെ നിര്‍മാണം പൂര്‍ത്തിയായതിനുശേഷംമാത്രമേ ഈ ആനുകൂല്യവും ലഭിക്കൂ. നിര്‍മാണഘട്ടത്തില്‍ പലിശയിനത്തില്‍ അടച്ച തുകയ്ക്ക് നിര്‍മാണം പൂര്‍ത്തിയായതിനുശേഷം അഞ്ച് ഗഡുക്കളായി നികുതിയിളവ് അവകാശപ്പെടാന്‍ അവസരമുണ്ട്.
ഇതിനുപുറമെ 80ഇഇഎ പ്രകാരവും ഇളവ് നേടാം. എല്ലാവര്‍ക്കം ഭവനം-പദ്ധതിയുടെ ഭാഗമായാണ് 2019ലെ ബജറ്റില്‍ ഈ വ്യവസ്ഥ അവതരിപ്പിച്ചത്. 2019 ഏപ്രില്‍ ഒന്നിനും 2022 മാര്‍ച്ച് 31നും ഇടയില്‍ അനുവദിച്ച വായ്പയ്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2021ലെ ബജറ്റില്‍ ഈ വകുപ്പ് പ്രകാരമുള്ള ആനുകൂല്യം ഒരുവര്‍ഷത്തേയ്ക്കുകൂടി നീട്ടിനല്‍കുകയായിരുന്നു.
വസ്തുവിന്റെ സ്റ്റാമ്പ് ഡ്യൂട്ടി മൂല്യം 45 ലക്ഷം കവിയാന്‍ പാടില്ലെന്ന വ്യവസ്ഥ 80ഇഇഎ വകുപ്പുപ്രകാരമുള്ള ഇളവിനുണ്ട്. നിലവില്‍ ഒരു വീടുള്ളവര്‍ക്കും ഇതുപ്രകാരം ആനുകൂല്യം ലഭിക്കില്ല. വീടിന്റെ കാര്‍പറ്റ് ഏരിയ മെട്രോ നഗരങ്ങളില്‍ 645 ചതുരശ്ര അടിയും ഗ്രാമങ്ങളില്‍ 968 ചതുരശ്ര അടിയും കവിയാന്‍ പാടില്ല. നിര്‍മാണം തുടങ്ങിയ ഉടനെ ഈ ആനുകൂല്യം ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..