പ്രതീകാത്മകചിത്രം
സർക്കാർ അനുവദിച്ച സമയപരിധി ബുധനാഴ്ച അവസാനിച്ചിട്ടും പുതിയ ആദായനികുതി ഇ-ഫയലിങ് പോർട്ടലിലെ തകരാറുകൾ പൂർണമായും പരിഹരിക്കാനായില്ല.
പോർട്ടലിൽ ഇപ്പോഴും തകരാറുകളുണ്ടെന്ന് നികുതി വിദഗ്ധർ പറയുന്നു. നൽകിയ റിട്ടേണിൽ തിരുത്തൽവരുത്താനും റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാനും റീഫണ്ടിനായി വീണ്ടും അപേക്ഷിക്കാനും ഇപ്പോഴും കഴിയുന്നില്ല. 2013-14 അസസ്‌മെന്റ് വർഷത്തിനുമുമ്പ് ഫയൽചെയ്ത റിട്ടേണുകൾ കാണാൻ കഴിയുന്നുമില്ല.
ജൂൺ ഏഴിനാണ് പുതുതലമുറ ഇ-ഫയലിങ് പോർട്ടൽ അവതരിപ്പിച്ചത്. തുടർന്ന് നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഉൾപ്പടെയുള്ള നികുതി വിദഗ്ധരും നിരവധിതവണ തകരാറുകൾ ചൂണ്ടിക്കാണിച്ചിരുന്നു.
തകരാറുകൾ പരിഹരിച്ചുവരികയാണെന്നും അതേസമയം, 1.19 കോടി പേർ ഇതിനകം റിട്ടേൺ നൽകിയെന്നും സെപ്റ്റംബർ 8ന് ആദായനികുതി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
പിന്നീടും തുടർച്ചയായി തകരാർ നേരിട്ടതോടെ ഓഗസ്റ്റ് 23ന് ധനമന്ത്രാലയം ഇൻഫോസിസ് സിഇഒ സലിൽ പരേഖിനെ വിളിച്ചുവരുത്തി. ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തകരാറുകൾ പരിഹരിക്കാൻ സെപ്റ്റംബർ 15വരെ സമയം അനുവദിക്കുകയുംചെയ്തു. പോർട്ടൽ വികസിപ്പിക്കാൻ 2019ലാണ് ഇൻഫോസിസിന് കരാർ നൽകിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..