കേരളത്തിലെ ഒരു ഗവ. മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥിയാണ് ഞാന്‍. പോക്കറ്റ് മണിയായി ലഭിക്കുന്ന തുകയില്‍നിന്ന് പ്രതിമാസം 3000 രൂപ നിക്ഷേപിക്കണമെന്നുണ്ട്. 7 മുതല്‍ 10 വര്‍ഷംവരെ എസ്‌ഐപിയായി നിക്ഷേപിക്കാന്‍ തയ്യാറാണ്. സമ്പത്തുണ്ടാക്കുകയെന്നതൊഴിച്ചാല്‍ പ്രത്യേക ലക്ഷ്യമൊന്നുമില്ല. നേരത്തെതുടങ്ങിയാല്‍ പരമാവധിനേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് മാതൃഭൂമിഡോട്ട്‌കോമിലെ ആര്‍ട്ടിക്കിളില്‍ വായിച്ചിരുന്നു.
ജെയ്‌സ് തോമസ്
സ്വന്തമായി വരുമാനംനേടുംമുമ്പെ ചെറുപ്രായത്തില്‍തന്നെ നിക്ഷേപം തുടങ്ങാനുള്ള ജെയ്‌സിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിക്കുന്നതിനാല്‍ മികച്ച ആദായം ലഭിക്കാന്‍ ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. 12 മുതല്‍ 15 വരെ വാര്‍ഷികാദായം നിക്ഷേപത്തില്‍നിന്ന് പ്രതീക്ഷിക്കാം.
മികച്ച വളര്‍ച്ചാസാധ്യതയുള്ള ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് വിഭാഗത്തിലെ ഫണ്ട് നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. കാനാറ റൊബേകോ എമേര്‍ജിങ് ഇക്വീറ്റീസ് ഫണ്ട്, മിറ അസറ്റ് എമേര്‍ജിങ് ബ്ലുചിപ് ഫണ്ട് എന്നിവയിലേതെങ്കിലുമൊന്ന് നിക്ഷേപത്തിനായി ശുപാര്‍ശചെയ്യുന്നു. ഡയറക്ട് പ്ലാനില്‍ നിക്ഷേപിക്കുക.
ഒരുവര്‍ഷക്കാലയളവില്‍ 23.01ശതമാനവും മൂന്നുവര്‍ഷക്കാലയളവില്‍ 12.9ശതമാനവും അഞ്ച് വര്‍ഷക്കാലയളവില്‍ 20.86ശതമാനവും ഏഴ് വര്‍ഷക്കാലയളവില്‍ 25.97ശതമാനം ആദായം കനാറ റൊബേകോ ഫണ്ട് നല്‍കിയിട്ടുണ്ട്.
മിറ അസറ്റ് എമേര്‍ജിങ് ബ്ലുചിപ് ഫണ്ട് ഒരുവര്‍ഷക്കാലയളവില്‍ നല്‍കിയത് 30.54ശതമാനം ആദായമാണ്. മൂന്നുവര്‍ഷക്കാലയളവില്‍ 17.61ശതമാനവും അഞ്ചുവര്‍ഷക്കാലയളവില്‍ 23.64ശതമാനവും ഏഴുവര്‍ഷക്കാലയളവില്‍ 26.74 ശതമാനവും ആദായം ഫണ്ട് നല്‍കിയിട്ടുണ്ട്.