QUESTIONeasy lifeപ്രതിമാസം 500 രൂപവീതം മൂന്ന് ഫണ്ടുകളില്‍ ഞാന്‍ നിക്ഷേപം നടത്തിവരുന്നുണ്ട്. 10 മതുല്‍ 15 വര്‍ഷം മുന്നില്‍കണ്ട് ഒരു ഫണ്ടില്‍കൂടി എസ്‌ഐപി തുടങ്ങണമെന്നുണ്ട്. ഏത് വിഭാഗം ഫണ്ടിലാണ് നിക്ഷേപിക്കേണ്ടത്?

രഘു (ചെന്നൈ)


ANSWERദീര്‍ഘകാല എസ്‌ഐപി നിക്ഷേപത്തിന് എന്തുകൊണ്ടും യോജിച്ചതാണ് മ്യൂച്വല്‍ ഫണ്ടുകള്‍. എന്നിരുന്നാലും ചെറിയ തുക വീതം കൂടുതല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനോട് യോജിപ്പില്ല. 

കൂടുതല്‍ തുക നിക്ഷേപിക്കുന്നുണ്ടെങ്കില്‍മാത്രം മികച്ച മുന്നോ നാലോ ഫണ്ടുകള്‍ തിരഞ്ഞെടുത്ത് തുടര്‍ച്ചയായി നിക്ഷേപിക്കാം. 

നിശ്ചിത ഇടവേളകളില്‍ ഫണ്ടിന്റെ പ്രകടനം വിലയിരുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് കൂടുതല്‍ ഫണ്ടുകളില്‍ നിക്ഷേപം വേണ്ടെന്നുപറയുന്നത്. പ്രത്യേകിച്ചും ചെറിയ തുക നിക്ഷേപിക്കുന്നതുകൊണ്ട്. 

താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ, അതേസമയം മികച്ച നേട്ടം ലഭിക്കുന്ന മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. കുറച്ചുകൂടി നഷ്ടം ഏറ്റെടുക്കാനുള്ള ശേഷിയുണ്ടെങ്കില്‍ സ്‌മോള്‍ ക്യാപ് ഫണ്ടിലോ മിഡ് ക്യാപ് ഫണ്ടിലോ നിക്ഷേപമാകാം. 

ഇത്തരം ഫണ്ടുകള്‍ക്ക് ചാഞ്ചാട്ടം കൂടുതലാണെന്ന് മനസിലാക്കണം. വിപണിയുടെ ഉയര്‍ച്ചതാഴ്ചകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക മിഡ്-സ്‌മോള്‍ ക്യാപ് ഫണ്ടുകളെയാണ്. 

ഇക്കാര്യങ്ങള്‍ മനസിലാക്കി രണ്ട് മള്‍ട്ടി ക്യാപ് ഫണ്ടുകളും ഒരു മിഡ് അല്ലെങ്കില്‍ സ്‌മോള്‍ ക്യാപ് ഫണ്ടിലും നിക്ഷേപം നടത്തുക.