bank currencyQUESTIONചേര്‍ത്തല സ്വദേശിയാണ് രമേഷ്. റിയാദില്‍ ജോലി ചെയ്യുന്നു. ഒന്നോ രണ്ടോ വര്‍ഷംകൂടി വിദേശത്ത് ജോലി ചെയ്ത് നാട്ടിലേയ്ക്ക് മടങ്ങാനാണ് പ്ലാന്‍. നാട്ടില്‍ തിരിച്ചെത്തി മറ്റേതെങ്കിലും ജോലിയോ ബിസിനസോ ചെയ്യണമെന്നാണ് ആലോചിക്കുന്നത്. 

സ്വന്തമായി വീടുവെച്ചു. ഭാര്യയും മകളും നാട്ടിലാണ്. മകളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് തുക മാറ്റിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നു. നാട്ടിലെത്തിയാല്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ. ഈ സാഹചര്യത്തില്‍ രമേഷ് ചോദിക്കുന്നു, മകള്‍ക്കുവേണ്ടി നീക്കിവെക്കുന്ന 9 ലക്ഷം രൂപ 15 വര്‍ഷത്തേയ്ക്ക് നിക്ഷേപിച്ചാല്‍ 50 ലക്ഷം ലഭിക്കുമോ? ഒരുഭാഗം തുക ഓഹരിയില്‍ നിക്ഷേപിക്കാനും തയ്യാറാണ്. നഷ്ടസാധ്യത പരമാവധി കുറച്ച് എപ്രകാരം ഓഹരിയില്‍ നിക്ഷേപം നടത്താമെന്നും അദ്ദേഹത്തിന് അറിയണം.

ANSWERകളുടെ സുരക്ഷിതമായ ഭാവി ലക്ഷ്യമാക്കി നിശ്ചിത തുക നിക്ഷേപിക്കുകയാണ് രമേഷിന്റെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായാണ് നിക്ഷേപം.

ഇത്രയും തുക സഹകരണ ബാങ്കില്‍ സ്ഥിര നിക്ഷേപമായിട്ടാല്‍ 15 വര്‍ഷം കഴിയുമ്പോള്‍ 9 ശതമാനം പലിശ പ്രകാരം 32,78,234 രൂപയാണ് ലഭിക്കുക. ഇതില്‍തന്നെ പലിശയ്ക്ക് ആദായ നികുതി ബാധ്യതയുമുണ്ടാകും. ഈ സാഹചര്യത്തിലാണ് ഓഹരിയിലെ നിക്ഷേപം പരിഗണിക്കുന്നത്.

എന്നാല്‍ ആദ്യമായി ഓഹരിയില്‍ നിക്ഷേപിക്കുന്നതുകൊണ്ടും നഷ്ടസാധ്യത പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യമുള്ളതുകൊണ്ടും മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം പരിഗണിക്കാം.

12 ശതമാനമെങ്കിലും വാര്‍ഷിക നേട്ടം ലഭിച്ചാല്‍മാത്രമേ 15 വര്‍ഷം കഴിയുമ്പോള്‍ 50 ലക്ഷമെന്ന നിക്ഷേപലക്ഷ്യം പൂര്‍ത്തീകരിക്കാനാകൂ. കയ്യിലുള്ള ഒമ്പത് ലക്ഷം രൂപ എപ്രകാരം നിക്ഷേപിക്കാമെന്ന് നോക്കാം.

ലാര്‍ജ് ക്യാപ്, ബാലന്‍സ്ഡ് ഫണ്ടുകള്‍

താരതമ്യേന നഷ്ടസാധ്യത കുറഞ്ഞതും അതേസമയം ഭേദപ്പെട്ട നേട്ടംനല്‍കുന്നതുമായ ലാര്‍ജ് ക്യാപ്, ബാലന്‍സ്ഡ് ഫണ്ടുകളാണ് നിക്ഷേപത്തിന് യോജിച്ചത്.  ദീര്‍ഘകാലം ലക്ഷ്യമാക്കിയുള്ള നിക്ഷേപമാണെങ്കില്‍(10 വര്‍ഷമെങ്കിലും) ലാര്‍ജ് ക്യാപുകള്‍ മികച്ച വരുമാനം നല്‍കുന്നതായി കഴിഞ്ഞകാലത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ മനസിലാക്കാം.

വന്‍കിട(ബ്ലൂചിപ്)കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ലാര്‍ജ് ക്യാപ് മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം താരതമ്യേന നഷ്ടസാധ്യത കുറഞ്ഞവയാണ്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ്, മള്‍ട്ടി ക്യാപ് തുടങ്ങിയ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് ലാര്‍ജ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപമെന്ന് ചുരുക്കം.

എസ്‌ഐപി വഴി
കൈവശമുള്ള ഒമ്പത് ലക്ഷം രൂപ ഏതെങ്കിലും ബാങ്കിലോ അല്ലെങ്കില്‍ ലിക്വഡ് ഫണ്ടിലോ നിക്ഷേപിച്ച് പ്രതിമാസം നിശ്ചിത തുക ഫണ്ടുകളിലേയ്ക്ക് മാറ്റുന്ന രീതി സ്വീകരിക്കാം. 12 മുതല്‍ 18 മാസംകൊണ്ട് 9 ലക്ഷം രൂപ (പ്രതിമാസം 50,000ത്തോളം രൂപ) ഫണ്ടുകളിലേയ്ക്ക് മാറ്റാം. ഒറ്റത്തവണ നിക്ഷേപിക്കുമ്പോഴുണ്ടാകുന്ന നഷ്ടസാധ്യത കുറയ്ക്കാനാണിത്.

കുറഞ്ഞത് 80 ശതമാനംതുക മൂന്ന് വര്‍ഷം തുടര്‍ച്ചയായെങ്കിലും വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് ലാര്‍ജ് ക്യാപ് ഫണ്ടുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

മൂലധനവര്‍ധനവിനായി ഓഹരികളിലും അതേസമയം നിക്ഷേപ സുരക്ഷയ്ക്കായി ഡെറ്റ് ഉപകരണങ്ങ(കടപ്പത്രങ്ങള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ തുടങ്ങിയവ)ളിലുമാണ് ബാലന്‍സ്ഡ് ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. ഫണ്ടിലെ 65 ശതമാനത്തോളം തുക ഓഹരികളില്‍ നിക്ഷേപിക്കുന്നതിനാല്‍ മികച്ച വളര്‍ച്ച പ്രതീക്ഷിക്കാം. അതേസമയം ഓഹരിവിപണി തകര്‍ച്ച നേരിട്ടാല്‍ ഡെറ്റില്‍ നിക്ഷേപിച്ച തുക വന്‍നഷ്ടം വരുത്തുന്നതിനെ ചെറുക്കുകയും ചെയ്യുന്നു.

പ്രകടനം വിലയിരുത്തുക

നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകളുടെ പ്രവര്‍ത്തനം രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തുക. ബെഞ്ച്മാര്‍ക്ക് സൂചികയെ അടിസ്ഥാനമാക്കിയാണ് ഫണ്ടുകളുടെ പ്രവര്‍ത്തനം. ബന്ധപ്പെട്ട സൂചികകളേക്കാള്‍ മികച്ച നേട്ടം നിങ്ങളുടെ ഫണ്ട് നല്‍കിയിട്ടുണ്ടെങ്കില്‍ നിക്ഷേപം തുടരുക. സൂചികയ്ക്ക് താഴെയാണ് നേട്ടമെങ്കില്‍ അക്കാര്യം പരിശോധിച്ച് മികച്ച ഫണ്ടുകളിലേയ്ക്ക് മാറുക.

അതായത്, നിങ്ങള്‍ നിക്ഷേപിച്ച എക്‌സ് എന്ന ഫണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 12 ശതമാനമാണ് നേട്ടം നല്‍കിയതെന്ന് കരുതുക. അതേസമയം, ഫണ്ട് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള ബെഞ്ച് മാര്‍ക്ക് നല്‍കിയ നേട്ടം 15 ശതമാനമാണെന്നും കരുതുക. അങ്ങനെയെങ്കില്‍ ഫണ്ടില്‍നിന്ന് മാറാന്‍ മടിക്കേണ്ട.

ലക്ഷ്യം പൂര്‍ത്തിയായാല്‍

നിക്ഷേപം പിന്‍വലിക്കാന്‍ ലക്ഷ്യം പൂര്‍ത്തിയാകുന്ന പതിനഞ്ചാംവര്‍ഷത്തെ അവസാന മാസത്തിലേയ്ക്ക് കാത്തിരിക്കേണ്ട. കാലാവധി പൂര്‍ത്തിയാകാന്‍ ഒന്നോ രണ്ടോ വര്‍ഷം ഉള്ളപ്പോള്‍ വിപണി മികച്ച നേട്ടത്തിലാണെങ്കില്‍ നിക്ഷേപം പിന്‍വലിച്ച് സുരക്ഷിത നിക്ഷേപമാക്കുക.

12 വര്‍ഷമായി നിക്ഷേപം തുടരുന്നു എന്നിരിക്കട്ടെ. ലക്ഷ്യതുകയായ 50 ലക്ഷം രൂപയില്‍ നിലവിലെ നിക്ഷേപമെത്തിയിട്ടുണ്ടെങ്കില്‍ മടിക്കേണ്ട. ഡെറ്റ് സ്‌കീമുകളിലേയ്‌ക്കോ ബാങ്ക് എഫ്ഡിയിലേയ്‌ക്കോ പണം മാറ്റാം.

feedbacks to: antony@mpp.co.in

നികുതി

കാലാവധിയെത്തുമ്പോള്‍ പിന്‍വലിക്കുന്ന തുകയ്ക്ക് ആദായ നികുതി ബാധ്യതയില്ലെന്നതാണ് ഏറ്റവും ആകര്‍ഷകം.