മ്യൂച്വൽ ഫണ്ടിലും ഓഹരിയിലും 30 ലക്ഷത്തിലേറെ നിക്ഷേപമുണ്ട്. ഫണ്ടുകളെല്ലാം 20ശതമാനത്തോളം നേട്ടത്തിലാണ്. വിപണിയിൽ ഇനിയും കൂടുതൽ നേട്ടമുണ്ടാകുമോ? കോവിഡിന്റെ മൂന്നാംതരംഗമുണ്ടായാൽ വിപണിയെ ബാധിക്കാൻ സാധ്യതയുണ്ടോ? നിക്ഷേപം ഇപ്പോൾ തിരിച്ചെടുക്കണോ? 

ശ്രീവത്സൻ, വൈപ്പിൻ.

മൂന്നാംതരംഗമുണ്ടാകുമോ ഉണ്ടായാൽ അത് വിപണിയെ ബാധിക്കുമോ എന്നൊന്നും ഇപ്പോൾ പ്രവചിക്കുക അസാധ്യമാണ്. 2020 മാർച്ചിൽ തിരുത്തലുണ്ടായശേഷം അപ്രതീക്ഷിതമായുണ്ടായ കുതിപ്പ് ആർക്കും പ്രവചിക്കാൻ കഴിഞ്ഞില്ലെന്ന് മനസിലാക്കുക. കോവിഡിന്റെ രണ്ടാംതരംഗവും പ്രാദേശിക അടച്ചിടലുകളും കമ്പനികളെ ബാധിച്ചപ്പോൾ ഉടനെ വീണ്ടും തകർച്ചയുണ്ടായേക്കാമെന്ന വിലയിരുത്തലുണ്ടായെങ്കിലും ഇതുവരെ അതൊന്നും സംഭവിച്ചിട്ടില്ല. വൻതോതിൽ പണമെത്തുന്നതാണ് ഓഹരി വിപണിയുടെ കുതിപ്പിന് പിന്നിൽ. നിക്ഷേപകർ കൂട്ടത്തോടെ പണംപിൻവലിച്ചാൽ വീണ്ടുമൊരു തകർച്ചയ്ക്ക് സാധ്യതയുണ്ട്. ഭാവിയിലെ നിക്ഷേപ പലിശ വർധന ഉൾപ്പടെയുള്ളവ അതിന് കാരണമായേക്കാം. അതെല്ലാം സാധ്യതമാത്രമാണെന്നും മനസിലാക്കുക. 

ഇതൊക്കെയാണെങ്കിലും യഥാർഥത്തിൽ എന്താണ് സംഭവിക്കുകയെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ദീർഘകാല ലക്ഷ്യമാണ് ഉള്ളതെങ്കിൽ നിക്ഷേപം തുടരുക. അപ്രതീക്ഷിതമായി വിപണിയിൽനിന്ന് മികച്ചനേട്ടമുണ്ടാക്കിയ ആളാണെങ്കിൽ നിക്ഷേപത്തിൽനിന്ന് നല്ലൊരുഭാഗം പിൻവലിക്കാം. അടുത്ത രണ്ടുമുന്ന് വർഷങ്ങൾക്കുളളിൽ പണം ആവശ്യമുള്ളവരും നിക്ഷേപത്തിലെ ഒരുഭാഗം പിൻവലിക്കുക. വിപണി കൂപ്പുകുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 

വിപണിയിൽ തിരുത്തലുണ്ടായാൽ ഉയരുന്നതുവരെ കാത്തിരിക്കാനും നിക്ഷേപം തുടരാനും കഴിയില്ലെങ്കിൽ അത് നിങ്ങളെ പ്രതിസന്ധിയിലാക്കിയേക്കാം. അതുകൊണ്ട് യോജിച്ച തീരുമാനമെടുത്ത് മുന്നേറുക.