familyപ്രതിമാസം 50,000 രൂപ പത്ത് വര്‍ഷം തുടര്‍ച്ചയായി നിക്ഷേിച്ചാല്‍ എട്ടുകോടി രൂപ ലഭിക്കുമോ? ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കാനാണ് ഉദേശിക്കുന്നത്. റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപം ഉപേക്ഷിക്കുകയാണെങ്കില്‍ പ്രതിമാസം ഒരു ലക്ഷം രൂപവരെ നീക്കിവെയ്ക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍ എല്ലാ നിക്ഷേപവും ഓഹരി അധിഷ്ടിത പദ്ധതികളില്‍ ആകുന്നതുകൊണ്ട് പ്രശ്‌നമുണ്ടോ? 

34 വയസായി. വാടക വീട്ടിലാണ് താമസം. വീട് വാങ്ങാനുള്ള ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ വാടകയാണ് നല്ലതെന്ന് തോന്നുന്നു. മൊത്തം നിക്ഷേപത്തിന്റെ 2 മുതല്‍ മൂന്ന് ശതമാനംവരെയാണ് വാടകയിനത്തില്‍ ചെലവ് വരുന്നത്. ഈ സാഹചര്യത്തില്‍ നിക്ഷേപ പദ്ധതികളില്‍നിന്ന് റിയല്‍ എസ്റ്റേറ്റ് ഒഴിവാക്കുന്നത് ഉചിതമാണോ?


അനൂപ്

34
വയസ്

കുടുംബം
ഭാര്യ, കുട്ടി

പ്രതിമാസ നിക്ഷേപ തുക
1 ലക്ഷം
 

മറുപടി: 
യാഥാര്‍ഥ്യബോധത്തോടെയുള്ള നിക്ഷേപ ലക്ഷ്യമല്ല നിങ്ങളുടെ മുന്നിലുള്ളതെന്ന് ചോദ്യത്തില്‍നിന്ന് വ്യക്തമാണ്. പ്രതിമാസം ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍പോലും പത്ത് വര്‍ഷംകൊണ്ട് എട്ടുകോടി സമാഹരിക്കാന്‍ നിങ്ങള്‍ക്കാവില്ല. 

30 ശതമാനത്തിലേറെ നേട്ടം ലഭിച്ചാല്‍മാത്രമേ ഇത്രയും തുക ലഭിക്കൂ. 12 ശതമാനം വാര്‍ഷിക ആദായം ലഭിക്കുമെന്ന് കണക്കുകൂട്ടിയാല്‍പോലും രണ്ട് കോടി രൂപയാണ് ലഭിക്കുക. 

10 വര്‍ഷകാലയളവില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ മുഴുവന്‍ തുകയും ഓഹരിയില്‍ നിക്ഷേപിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. ഒരുകാര്യം മനസിലാക്കുക. വ്യത്യസ്തങ്ങളായ  ലക്ഷ്യങ്ങള്‍ക്ക് യോജിച്ച നിക്ഷേപ പദ്ധതികളാണ് തിരഞ്ഞെടുക്കേണ്ടത്. നിക്ഷേപ ലക്ഷ്യങ്ങളൊന്നും നിങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഹ്രസ്വകാലയളവിലെ ലക്ഷ്യങ്ങള്‍ക്ക് ഓഹരിയിലെ നിക്ഷേപം അനുയോജ്യമല്ലെന്നകാര്യം മറക്കേണ്ട.

മുടക്കം കൂടാതെ നിക്ഷേപം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

*അടിയന്തര ആവശ്യങ്ങള്‍ക്ക് ആറ് മാസത്തെ വേതനം നീക്കിവെയ്ക്കുക. 
* ഇന്‍ഷുറന്‍സ് പരിരക്ഷ(50 ലക്ഷം മുതല്‍ ഒരു കോടി രൂപവരെയുള്ള ടേം ഇന്‍ഷുറന്‍സ്) എടുക്കുക.
* അഞ്ച് ലക്ഷത്തിന്റെ ഫാമിലി ഫ്‌ളോട്ടര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉറപ്പാക്കുക.

അപ്രതീക്ഷിതമായുണ്ടാകുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവ സഹായിക്കും. 

റിയല്‍ എസ്റ്റേറ്റ്
റിയല്‍ എസ്റ്റേറ്റ് മികച്ച നിക്ഷേപ പദ്ധതിയല്ല. പണമാക്കല്‍ (ലിക്വിഡിറ്റി) എളുപ്പമല്ലെന്നതിനുപുറമെ സുതാര്യമായ ഒരു നിക്ഷേപ സാഹചര്യമല്ല ഈ മേഖലയിലുള്ളത്. 

നിങ്ങള്‍ സൂചിപ്പിച്ചതുപോലെ, അതില്‍നിന്നുലഭിക്കാവുന്ന വാടക വരുമാനം കുറവാണ്. വില്‍ക്കാനിറങ്ങിയാല്‍ ആവശ്യംനേരത്ത് വിറ്റപോകുമോയെന്ന് സംശയവുമാണ്. സ്ഥലത്തിന്റെ പ്രത്യേകത, രാജ്യത്തെ സമ്പദ്ഘടന തുടങ്ങിയവയെല്ലാം വില്പനയെയും വിലയെയും ബാധിക്കും.

റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരില്‍ ഭൂരിഭാഗവും റിട്ടേണ്‍ കണക്കാക്കുന്നത് തെറ്റായാണ്. വാങ്ങിയ വിലയും വില്‍ക്കുന്ന വിലയും ഇവര്‍ താരതമ്യം ചെയ്യാറില്ല. മോഹവിലയിലാണ് അവരുടെ കണ്ണ്. അത് ലഭിക്കണമെങ്കില്‍ ഏറെ കാത്തിരിക്കേണ്ടിവരുമെന്ന് മാത്രമല്ല, ഭാഗ്യവും തുണയ്‌ക്കേണ്ടിവരും.

താമസിക്കാനാണ് വീട് വാങ്ങുന്നതെങ്കില്‍ അതിനെ നിക്ഷേപമായി കാണേണ്ടതില്ല. വാടക വീടിനേക്കാള്‍ സൗകര്യവും സുരക്ഷയുമാണ് അവിടെ പ്രധാനം. ഇവ പരിഗണിക്കുന്നില്ലെങ്കില്‍ വാടക വീട്തന്നെയാണ് നല്ലത്. 

antony@mpp.co.in