മുംബൈയിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്. 35 വയസ്സുണ്ട്. റിട്ടയര്‍മെന്റ് കാലജീവിതത്തിനായി നാലുകോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപിയായി നിക്ഷേപിച്ചുവരുന്നു. 60-മത്തെ വയസ്സിലാണ് ജോലിയില്‍നിന്ന് വിരമിക്കുക. 

കനാറ റൊബേകോ എമേര്‍ജിങ് ഇക്വിറ്റീസ്, ആക്‌സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്, ആക്‌സിസ് ബ്ലൂ ചിപ് എന്നിവയിലാണ് പ്രതിമാസം 10,000 രൂപവീതം നിക്ഷേപിക്കുന്നത്. 25 വര്‍ഷം നിക്ഷേപം തുടര്‍ന്നാല്‍ നാലുകോടി രൂപ സമാഹരിക്കാന്‍ കഴിയുമോയെന്നാണ് അറിയേണ്ടത്. നിവിലെ ഫണ്ടുകളില്‍തന്നെ നിക്ഷേപം തുടര്‍ന്നാല്‍മതിയോയെന്നും അറിയണം.

ജസ്റ്റിന്‍ ജോസ്(ഇ-മെയില്‍)

easy lifeറിട്ടയര്‍മെന്റിനായി ജസ്റ്റിന്റെ മുന്നിലുള്ളത് 25 വര്‍ഷമാണ്. പ്രതിമാസം 30,000 രൂപയാണ് ഇതിനുവേണ്ടി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്. ദീര്‍ഘകാലയളവില്‍ 12ശതമാനമെങ്കിലും വാര്‍ഷികാദായം നിക്ഷേപത്തില്‍നിന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ 5.7 കോടി രൂപ സമാഹരിക്കാന്‍ കഴിയും. 10ശതമാനം വാര്‍ഷിക ആദായമാണ് ലഭിക്കുന്നതെങ്കില്‍ നാലുകോടി രൂപയും ലഭിക്കും. ഈകാലയളവില്‍ 90 ലക്ഷം രൂപയാകും നിങ്ങള്‍ മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക. 

മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഫണ്ടുകളിലാണ് നിലവിലെ നിങ്ങളുടെ നിക്ഷേപം. കാനാറ റൊബേകോ ഫണ്ട് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് കാറ്റഗറിയിലുള്ളതാണ്. ഏഴ് വര്‍ഷക്കാലയളവില്‍ 24ശതമാനമാണ് ഈ ഫണ്ട് നല്‍കിയിട്ടുള്ള ആദായം. 

ആക്‌സിസ് ലോങ് ടേം ഫണ്ട് ടാക്‌സ് സേവിങ് വിഭാഗത്തില്‍പ്പെട്ടതാണ്. നികുതിയിളവുകൂടി ലക്ഷ്യമിട്ടാണ് ഈ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതെന്ന് കരുതുന്നു. ഏഴുവര്‍ഷക്കാലയളവില്‍ 18.41ശതമാം ആദായവും ഈ ഫണ്ട് നല്‍കിയിട്ടുണ്ട്. ലാര്‍ജ് ക്യാപ് വിഭാഗത്തില്‍പ്പെട്ട ആക്‌സിസ് ബ്ലു ചിപ്പ് ഫണ്ടാകട്ടെ ഏഴുവര്‍ഷക്കാലയളവില്‍ 14.85ശതമാനം ആദായമാണ് നല്‍കിയിട്ടുള്ളത്. 

ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലെ ആദായമാണ് മുകളില്‍ കൊടുത്തത്. റെഗുലര്‍ പ്ലാനകളെ അപേക്ഷിച്ച് ഒരുശതമാനംവരെ അധിക ആദായം ഡയറക്ട് പ്ലാനില്‍നിന്ന് ലഭിക്കും. വര്‍ഷത്തിലൊരിക്കല്‍ ഫണ്ടുകളുടെ പ്രകടനം വിലിയരുത്തി മുന്നോട്ടുപോകുക. 

table