28 വയസ്സുകാരനായ എനിക്ക് ശമ്പളമായി പ്രതിമാസം 90,000രൂപ ലഭിക്കുന്നു. എസ്ഐപിയായി 15,000 രൂപയാണ് ഫണ്ടുകളില്‍ നിക്ഷേപിക്കു്ന്നത്.
ഇവയാണ് ഫണ്ടുകള്‍
ഡിഎസ്പി ടാക്സ് സേവര്‍-5000
ആക്സിസ് ലോങ് ടേം-5000
എസ്ബിഐ ഹെല്‍ത്ത് കെയര്‍ ഓപ്പര്‍ച്യുണിറ്റീസ്-5000
ശരിയായ ഫണ്ടുകളിലാണോ എന്റെ നിക്ഷേപം? ഒന്നുരണ്ടു എസ്ഐപി കൂടി തുടങ്ങണമെന്നുണ്ട്. മികച്ച ഫണ്ട് നിര്‍ദേശിക്കാമോ?
ധര്മരാജന്, കണ്ണൂര്‍
നിങ്ങളുടെ നിക്ഷേപ ലക്ഷ്യം, നിക്ഷേപ കാലാവധി, നഷ്ടം സഹിക്കാനുള്ള കഴിവ് എന്നിവ വിലയിരുത്താതെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാന്‍ കഴിയില്ല.
ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ തിരഞ്ഞെടുത്തതുകൊണ്ട് ദീര്‍ഘകാല നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്ന് കരുതുന്നു.
നിലവില്‍ രണ്ട് ടാക്സ് സേവിങ് ഫണ്ടുകളിലും ഒരു സെക്ടര്‍ ഫണ്ടിലുമാണ് എസ്ഐപിയുള്ളത്. 80സി പ്രകാരം ഒന്നര ലക്ഷം രൂപവരെ നികുതിയിളവ് ലഭിക്കാന്‍ ടാക്സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപം സഹായിക്കും.
അതീവ നഷ്ടസാധ്യതയുള്ളതിനാല്‍ സെക്ടര്‍ ഫണ്ടുകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കാറില്ല. ഒരു സെക്ടറിലെ ഓഹരികളില്‍മാത്രം നിക്ഷേപിക്കുന്നതിനാലാണ് നഷ്ടസാധ്യത കൂടുന്നത്. മികച്ച നേട്ടം ലഭിക്കുന്ന സമയംനോക്കി ഈ ഫണ്ടില്‍നിന്ന് പുറത്തുകടക്കാം.
നിക്ഷേപ ലക്ഷ്യം, നിക്ഷേപ കാലാവധി, റിസ്ക് എടുക്കാനുള്ള കഴിവ് എന്നിവ അറിഞ്ഞാല്‍മാത്രമേ യോജിച്ച ഫണ്ടുകള്‍ നിര്‍ദേശിക്കാന്‍ കഴിയൂ. ഇതൊന്നും വ്യക്തമാക്കാത്തസ്ഥിതിക്ക് മികച്ച മള്‍ട്ടിക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുകയാകും ഉചിതം.