ഇന്‍ഷുറന്‍സ് എന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് നിക്ഷേപംകൂടിയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏജന്റുമാര്‍ക്ക് മികച്ച കമ്മീഷന്‍ നല്‍കി വിറ്റഴിക്കാന്‍ ശ്രമിക്കുന്നതും ഇത്തരം (യുലിപ്, എന്‍ഡോവ്‌മെന്റ്, മണിബാക്ക്) പ്ലാനുകളാണ്. 

ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുവേണ്ടി ഒരുഭാഗം നീക്കിവെച്ചതിനുശേഷം ബാക്കിയുള്ള തുകയാണ് ഈ പ്ലാനുകള്‍ പ്രകാരം നിക്ഷേപിക്കുന്നത്. അതുകൊണ്ടുതന്നെ നിലവില്‍ മണിബായ്ക്ക് ഉള്‍പ്പടെയുള്ള പോളിസികള്‍ എടുത്തവര്‍ക്കറിയാം രണ്ടോ അഞ്ചോ ലക്ഷംരൂപമാത്രമാകും അവര്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ. കൂടുതല്‍ തുകയ്ക്ക് പരിരക്ഷ ഏര്‍പ്പെടുത്തണമെങ്കില്‍ പ്രീമിയംതുക വന്‍തോതില്‍ ഉയര്‍ത്തേണ്ടിവരും.

ഇന്‍ഷുറന്‍സിനെയും നിക്ഷേപത്തെയും കൂട്ടിച്ചേര്‍ക്കാതിരിക്കുക. ഒരാളുടെ വാര്‍ഷിക വരുമാനത്തിന്റെ 10 അല്ലെങ്കില്‍ 20 ഇരട്ടി വരെയെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കിലെ ആശ്രിതരുടെ ഭാവി ജീവിതത്തിന് അത് ഉപകരിക്കൂ. വായ്പ ബാധ്യതയുണ്ടെങ്കില്‍ അതുകൂടി ചേര്‍ത്തുവേണം പരിരക്ഷ ഏര്‍പ്പെടുത്താന്‍.

പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളയാളാണ് നിങ്ങളെങ്കില്‍ 50 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തേണ്ടതുണ്ട്. 

മണിബായ്ക്ക്, എന്‍ഡോവ്‌മെന്റ് പ്ലാനുകളില്‍ ഇത്രയും തുകയുടെ പരിരക്ഷ ഏര്‍പ്പെടുത്തണമെങ്കില്‍ നിങ്ങളുടെ വാര്‍ഷിക ശമ്പളംതന്നെ പ്രീമിയം അടയ്ക്കാന്‍ തികയാതെവരും. 

ഇവിടെയാണ് ടേം പ്ലാനുകളുടെ പ്രസക്തി. കുറഞ്ഞ പ്രീമിയത്തില്‍ മികച്ച പരിരക്ഷ ഏര്‍പ്പെടുത്താന്‍ ഈ പ്ലാനുകള്‍ സഹായിക്കും. ഇന്‍ഷുറന്‍സിനെ നിക്ഷേപത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ആദ്യം മികച്ച പരിരക്ഷ നല്‍കുന്ന ടേം പ്ലാനില്‍ ചേരാം. അതിനുശേഷമാകാം നിക്ഷേപം. 

മ്യൂച്വല്‍ ഫണ്ടിന്റെ വിവിധ പ്ലാനുകളോ റിക്കറിങ് ഡെപ്പോസിറ്റ്, പിപിഎഫ്, സുകന്യ സമൃദ്ധി പോലുള്ള മറ്റ് പദ്ധതികളോ നിക്ഷേപം നടത്താനായി തിരഞ്ഞെടുക്കാം. 

ഇന്‍ഷുറന്‍സ് കൂട്ടിക്കലര്‍ത്തിയുള്ള നിക്ഷേപ പദ്ധതികളില്‍ ലഭിക്കുക പരമാവധി 5 മുതല്‍ 6 ശതമാനംവരെ വാര്‍ഷിക ആദായമാണ്. അതേസമയം, മ്യൂച്വല്‍ ഫണ്ട് പോലുള്ള(എസ്‌ഐപി) ദീര്‍ഘകാല പദ്ധതികളില്‍ ചുരുങ്ങിയത് 12 ശതമാനമെങ്കിലും നേട്ടം പ്രതീക്ഷിക്കാം.

വിവിധ പ്രായക്കാര്‍ക്ക് ചേരാവുന്ന ഒരു കോടി രൂപ പരിരക്ഷനല്‍കുന്ന ടേം പ്ലാനുകള്‍ക്ക് വിവിധ കമ്പനികള്‍ ഈടാക്കുന്ന വാര്‍ഷിക പ്രീമിയംതുക എത്രയെന്ന് നോക്കാം. 30 വര്‍ഷം, 25വര്‍ഷം, 20 വര്‍ഷം എന്നിങ്ങനെയാണ് പോളിസി കാലാവധി. 

Term plan premiums
Name of the Insurer   Plan Premium in Rs as per age of policy holder      

Claim settled
(FY16-17)

    30 35  40  
LIC E-term 17,145 21,122 26,550 96%
Max Life Online term plan plus 8,378 10,384 13,334 94%
AEGON Life Insurance            iterm 7,497  9,512  12,717 94%
Canara HSBC Oriental BK of Comm.LI   iSelect Term Plan 7,379 8,849  11,464 94%
Exide Life Insurance Elite Term 9810 11680 14343 91%
Birla Sun Life Insurance Protect@Ease 9323 11363 14266 91%
DHFL Pramerica Life Insurance Flexi e term plan 8149 10130 13155 91%
Tata AIA Life Insurance Life Ins. iRaksha Supreme 8510    10695  14720   90%
ICICI Prudential Life Insurance iProtect smart 9740 11919 15252 89%
IDBI Federal Life Insurance iSurance FlexiTerm 9251 11257 14089   87%
Bharti AXA Life Insurance FlexiTerm 8260 10384 13570 87%
SBI Life Insurance eShield 11092 13228 16154 86%
Kotak Mahindra Life Insurance Kotak e-term Plan 8702 10826 14838 86%
Aviva Life Insurance iTerm life 7886 9662 12409 84%
Edelweiss Tokio Life Insurace mylife+ term 8496  10042 12826 84%
Bajaj Allianz Life Insurance e touch 10371 12531  15895 83%
പ്രീമിയം 18 ശതമാനം ജിഎസ്ടി ഉള്‍പ്പടെ. ജനനതിയതി കണക്കാക്കിയിരിക്കുന്നത് ഏപ്രില്‍ 1. പ്രീമിയം പുകവലിക്കാത്ത പുരുഷന്മാരുടെ. ഓണ്‍ലൈന്‍ പ്ലാനുകളും ഓഫ്‌ലൈന്‍ പ്ലാനുകളും പട്ടികയിലുണ്ട്. ഉറപ്പുവരുത്തിയശേഷം പോളിസിയില്‍ ചേരുക.