40 വയസ്സുള്ള ദുബായിയില്‍ ജോലി ചെയ്യുന്ന വിനോദ് കൃഷ്ണന്‍ 43 വയസ്സില്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നു. നിലവില്‍ പ്രതിമാസം രണ്ടു ലക്ഷം രൂപയാണ് വരുമാനം. ജീവിത ചെലവാകട്ടെ 25,000 രൂപയും. 65വയസ്സുവരെ ജീവിക്കുമെന്നാണ് വിനോദ് കൃഷ്ണന്‍ പ്രതീക്ഷിക്കുന്നത്. വിരമിച്ചശേഷം ജീവിക്കുന്നതിന് നിലവില്‍ 50 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. വിരമിച്ചശേഷം കൂടുതല്‍ യാത്രചെയ്യണം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം എന്നൊക്കെയാണ് ആഗ്രഹം. ഈ സാഹചര്യത്തില്‍ വിരമിച്ചശേഷം ജീവിക്കാന്‍ എത്രരൂപകൂടി നിക്ഷേപിക്കണമെന്നാണ് വിനോദിന്റെ ചോദ്യം.

നിലവില്‍ 40 വയസ്സുള്ള നിങ്ങള്‍ക്ക് വിരമിക്കാന്‍ ഇനി മൂന്നുവര്‍ഷംമാത്രമാണ് മുന്നിലുള്ളത്. നിലവിലെ ജീവിത ചെലവ് 25,000 രൂപയാണ്. മൂന്നുവര്‍ഷം കഴിയുമ്പോള്‍ ആറുശതമാനം പണപ്പെരുപ്പ നിരക്ക്കൂടി ചേരുമ്പോള്‍ ഇത് 29,775 രൂപയാകും.

ഇതുപ്രകാരം വിരമിച്ചശേഷം വാര്‍ഷിക ചെലവ് 3,57,305 രൂപയാകും. വിരമിച്ചശേഷം ആറുശതമാനമാണ് പണപ്പെരുപ്പം കണക്കാക്കിയിട്ടുള്ളത്.

65 വയസ്സുവരെയാണ് നിങ്ങള്‍ ജീവിക്കുമെന്ന് കണക്കാക്കിയിട്ടുള്ളത്. നിലവിലെ ജീവിതസാഹചര്യമനുസരിച്ച് 80വയസ്സുവരെയങ്കിലും ജീവിക്കുമെന്ന് പ്രതീക്ഷിക്കണം. ഇതുപ്രകാരം വിരമിച്ചശേഷം 37 വര്‍ഷത്തേയ്ക്കുള്ള നിക്ഷേപം മുന്നില്‍കാണണം.

ഇതുപ്രകാരം 43 വയസ്സാകുമ്പോള്‍ നിങ്ങള്‍ക്ക് 1,11,15803 രൂപകണ്ടെത്തേണ്ടിവരും. അതിനായി നിങ്ങള്‍ ഇതിനകം 50 ലക്ഷംരൂപ നിക്ഷേപിച്ചിട്ടുണ്ട്. അത് വളരെ ശ്ലാഘനീയംതന്നെ. ഈ നിക്ഷേപത്തിന് എട്ടുശതമാനം ആദായം ലഭിക്കുമെന്നിരിക്കട്ടെ, മൂന്നുവര്‍ഷംകഴിയുമ്പോള്‍ 62,98,560 രൂപയായി നിക്ഷേപം വളര്‍ന്നിട്ടുണ്ടാകും.

ബാക്കി കണ്ടെത്തേണ്ടത് 48,17,243 രൂപയാണ്. ഇതിനായി നിങ്ങള്‍ പ്രതിമാസം നിക്ഷേപിക്കേണ്ടത് 1,18,053 രൂപയാണ്. ഒറ്റത്തവണയായാണെങ്കിൽ ഇപ്പോള്‍ 38,24,083 രൂപയാണ് നിക്ഷേപിക്കേണ്ടിവരിക.

പ്രതിമാസം 1,18,053 രൂപ വീതം മികച്ച ഷോര്‍ട്ട് ടേം ഫണ്ടില്‍ മൂന്നുവര്‍ഷം നിക്ഷേപിച്ചാല്‍ 43-ാമത്തെ വയ്സ്സില്‍ പ്രതീക്ഷിച്ചതുപോലെ നിങ്ങള്‍ക്ക് വിരമിക്കാം. ഷോര്‍ട്ട് ടേം ഫണ്ടില്‍നിന്ന് ശരാശരി എട്ട് ശതമാനം വാര്‍ഷികാദായം പ്രതീക്ഷിക്കാം.

വിരമിച്ചശേഷം
വിരമിച്ചശേഷം അതുവരെ നിങ്ങള്‍ സമാഹരിച്ച തുകയില്‍നിന്ന് ആദ്യത്തെ മൂന്നു വര്‍ഷത്തെ ചെലവിനുള്ള 10,71,915 രൂപ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടിലോ നിക്ഷേപിക്കുക. അതില്‍നിന്ന് മാസാമാസം ചെലവിനുള്ള തുക പിന്‍വലിക്കുക.

ബാക്കിയുള്ള 1,00,43,888 രൂപ മൂന്നോ നാലോ ഷോര്‍ട്ട് ടേം ഫണ്ടില്‍ നിക്ഷേപിക്കാം. ഇതില്‍നിന്ന് 7 ശതമാനം വരുമാനം പ്രതീക്ഷിക്കാം. അതുപ്രകാരം നിങ്ങള്‍ക്ക് 7 ലക്ഷം രൂപ ആദ്യത്തെവര്‍ഷം അധികമായി ലഭിക്കും. 

മാസാമാസം എസ്ടിപി(സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍)വഴി ജീവിത ചെലവിനുള്ള നിശ്ചിത തുക(29,775 രൂപ) പിന്‍വലിക്കാം. അതിനാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിക്ഷേപത്തില്‍നിന്ന് അത്രയും അധികതുക ലഭിക്കില്ല. അത് കുറഞ്ഞുകുറഞ്ഞുവരും.

ശ്രദ്ധിക്കേണ്ടത്: 
40 വയസ്സില്‍ 25,000 രൂപ ജീവിത ചെലവുള്ള നിങ്ങള്‍ 43-ാംവയസ്സില്‍ വിരമിക്കുമ്പോള്‍ ചെലവ് നിങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ നില്‍ക്കില്ല. പണപ്പെരുപ്പവും നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കും. ആദായനികുതിയും നല്‍കേണ്ടിവരും. വയസ്സുകൂടുന്തോറും ആരോഗ്യസംരക്ഷണത്തിനാണ് കൂടുതല്‍ തുക ചെലവാകുക. നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന അധികതുക ആരോഗ്യസംരക്ഷണത്തിനും യാത്രയ്ക്കുമായി ചെലവഴിക്കാം. സന്തോഷകരമായ ഭാവി ജീവിതം ആശംസിക്കുന്നു.