മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ച ഗോള്‍ഡ് ബോണ്ടിനെക്കുറിച്ചുള്ള ആര്‍ട്ടിക്കിള്‍ വായിച്ചിരുന്നു. മകളുടെ വിവാഹവേളയില്‍ സാമൂഹിക ആചാരങ്ങളുടെ ഭാഗമായി ഞങ്ങള്‍ കുറെ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിരുന്നു. എല്ലാംകൂടി 101 പവനോളം സ്വര്‍ണമുണ്ടാകും. കുട്ടികള്‍ ഒന്നോ രണ്ടോ വളകളോ മാലയോ ധരിക്കുമെന്നല്ലാതെ ഞങ്ങളാരും കാര്യമായി സ്വര്‍ണാഭരണങ്ങളൊന്നും ഉപയോഗിക്കാറില്ല.
മകള്‍ക്ക് നല്കിയ ആഭരണങ്ങളെല്ലാം ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതില്‍നിന്ന് വരുമാനമൊന്നും ലഭിക്കുന്നില്ലെന്നുമാത്രമല്ല, അത് സൂക്ഷിക്കാന്‍ ലോക്കര്‍ വാടകയും നല്‍കിവരികയാണ്.
തല്ക്കാലം ഈ ആഭരണങ്ങളൊന്നും ഞങ്ങള്‍ക്ക് ആവശ്യമില്ല. മകളുടെ മകളുടെ വിവാഹത്തിന് മാത്രമാണ് ഇവ നല്കി പുതിയ ആഭരണങ്ങള്‍ എടുക്കേണ്ടിവരിക. ഈ സാഹചര്യത്തില്‍ വരുമാനം ലഭിക്കാവുന്ന ഏതെങ്കിലും നിക്ഷേപ പദ്ധതിയില്‍ ഈ ആഭരണങ്ങള്‍ നിക്ഷേപിക്കാനാകുമോ?
ജാനകി വിശ്വനാഥന്
മകളുടെ വിവാഹത്തിന് നല്കിയ ആഭരണങ്ങള്‍ ഏറെക്കാലം കഴിയുമ്പോഴെയ്ക്കും പഴയ ഫാഷനാകും. അതൊരിക്കലും മകളുടെ മകളുടെ വിവാഹത്തിന് അതുപോലെതന്നെ ഉപയോഗിക്കാനാവില്ല. അതുകൊണ്ടുതന്നെ കാലാകാലങ്ങളില്‍ ലോക്കര്‍ വാടക നല്കി സൂക്ഷിച്ചുവെയ്ക്കുന്നതില്‍ കാര്യമില്ല.
ആഭരണം അത് വാങ്ങിയ ജ്വല്ലറിയില്ന്നെ വിറ്റ് പണമാക്കി ഗോള്‍ഡ് ബോണ്ടിലോ മറ്റോ നിക്ഷേപിക്കുന്നതിനെക്കുറിച്ച ആലോചിക്കാം. കൊച്ചുമകളുടെ വിവാഹത്തിനുള്ള നീക്കിയിരിപ്പായി കരുതുന്നതിനാല്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം.
സ്വര്‍ണംവിറ്റ് പണംകയ്യില് സൂക്ഷിച്ച്, ആര്‍ബിഐ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുമ്പോള്‍ അതില്‍ നിക്ഷേപിക്കുക. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 500 ഗ്രാമിന് തുല്യമായ ബോണ്ടില്വരെ നിക്ഷേപം നടത്താം.
അതാവുമ്പോള്‍ ആറ് മാസംകൂടുമ്പോള്‍ 2.5 ശതമാനം പലിശ ലഭിക്കും. എട്ട് വര്‍ഷമാണ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ച് വര്‍ഷംകഴിയുമ്പോള്‍ ആവശ്യമെങ്കില്‍ പണമാക്കാം. ആറ് മാസം കൂടുമ്പോള്‍ ലഭിക്കുന്ന പലിശ ആര്‍ഡിയില്‍ നിക്ഷേപിക്കുകയുമാകാം. അങ്ങനെ വരുമ്പോള്‍ ഭാവിയില്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ അതിനുള്ള പണിക്കൂലിയായും ആതുക ഉപയോഗിക്കാം.
ആദ്യത്തെ ആറ് മാസമെത്തുമ്പോള്‍ ലഭിക്കുന്ന പലിശ റിക്കറിങ് ഡെപ്പോസിറ്റില്‍ ഇട്ടുതുടങ്ങാം. ഉദാഹരണത്തിന് ആദ്യത്തെ ആറ് മാസത്തെ പലിശയായി ആറായിരം രൂപ ലഭിച്ചാല്‍ അത് സേവിങ്സ് ബാങ്കിലിട്ട് പ്രതിമാസം ആയിരം രൂപ വീതം ആര്‍ഡിയിലേയ്ക്ക് മാറ്റുന്ന രീതി സ്വീകരിക്കാം. ഇങ്ങനെ ആറ് മാസം ആറായിരം രൂപ ആര്‍ഡിയില്‍ നിക്ഷേപിച്ചുകഴിയുമ്പോഴേയ്ക്കും അടുത്ത ആറ് മാസത്തെ പലിശ ബാങ്കിലെത്തും. ഇത് ആവര്‍ത്തിച്ചുവരുന്നതിനാല്‍ ആര്‍ഡിയിലേയ്ക്ക് വേറെ പണംകണ്ടെത്തേണ്ട ആവശ്യമില്ല.
അഞ്ചോ എട്ടോ വര്‍ഷം കഴിയുമ്പോള്‍ ബോണ്ട് തിരിച്ചുനല്കുമ്പോള് അപ്പോഴുള്ള സ്വര്‍ണത്തിന്റെ വിപണി വിലയ്ക്ക് തുല്യമായ തുക ലഭിക്കുകയുംചെയ്യും. മൂലധന നേട്ടത്തിന് ആദായ നികുതിയും നല്‍കേണ്ടതില്ല.
content highlight:gold ornaments, gpld bond