QUESTIONസ്വര്‍ണവില ദിനംപ്രതി കുതിച്ചുയരുകയണല്ലോ. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് ഭാവിയില്‍ മികച്ച ആദായം നല്‍കുമോ? ഗോള്‍ഡ ബോണ്ടില്‍ നിക്ഷേപിക്കുന്നതാണോ നല്ലത്? 

കൊല്ലത്തുനിന്ന് അജിത്കുമാര്‍ ചോദിക്കുന്നു

ANSWEReasy lifeസ്വര്‍ണവില എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുകയാണ്. ഏറെക്കാലം അനക്കമില്ലാതിരുന്ന വില ഈവര്‍ഷം തുടക്കത്തിലാണ് ഉയരാന്‍ തുടങ്ങിയത്. ഭൗമ-രാഷ്ട്രീയ കാരണങ്ങളായിരുന്നു തുടക്കത്തില്‍ വിലയെ സ്വാധീനിച്ചതെങ്കില്‍ മാര്‍ച്ചോടെ കോവിഡ് വ്യാപനംമൂലമുള്ള ആഗോള പ്രതിസന്ധിയും വിലകുതിക്കാനിടയാക്കി. 

ഈ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഏറ്റവും യോജിച്ച സമയം കഴിഞ്ഞവര്‍ഷമായിരുന്നു.   അന്ന് നിക്ഷേം നടത്തിയിരുന്നെങ്കില്‍ മികച്ച ആദായം ഇപ്പോള്‍ സ്വന്തമാക്കമായിരുന്നു. അതുകൊണ്ടുതന്നെ നിക്ഷേപിക്കാന്‍ യോജിച്ച സമയം കൃത്യമായി പറയുക സാധ്യമല്ല. ആറുമാസത്തിലേറെയായി കുതിക്കാന്‍ തുടങ്ങിയപ്പോഴാണ് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് അജിത്കുമാര്‍ ചിന്തിക്കുന്നത്. 

ഓഹരി പോലുള്ള നിക്ഷേപ ആസ്തികള്‍ തകര്‍ച്ചനേരിടുമ്പോഴാണ് സ്വര്‍ണം അതിന്റെ പ്രതാപം കാണിക്കുക. അതുമാത്രമല്ല ഓഹരി വിപണിയിലേതുപോലുള്ള വന്‍തകര്‍ച്ച സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടാകുകയുമില്ല. ഇക്കാരണങ്ങളാല്‍ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ ചെറിയൊരുഭാഗം സ്വര്‍ണവും ഉള്‍പ്പെടുത്താം. 

ഒറ്റയടിക്ക് നിക്ഷേപം ഉയര്‍ത്താതെ ക്രമേണ അല്പാല്‍പമായി വാങ്ങുന്നത് പരിഗണിക്കാം. ആഭരണം, നാണയം, ഗോള്‍ഡ് ബോണ്ട്, ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ഫണ്ട് എന്നിങ്ങനെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. 

നിക്ഷേപമായാണ് കരുതുന്നതെങ്കില്‍ ഏറ്റവും യോജിച്ചത് ഗോള്‍ഡ് ബോണ്ടാണ്. സ്വര്‍ണത്തിന്റെ വിലവര്‍ധനയ്ക്കുപുറമെ, 2.5ശതമാനം പലിശ അധികമായി നല്‍കുന്നുവെന്നതാണ് നേട്ടം. കാലാവധിയെത്തി വില്‍ക്കുമ്പോള്‍ അതില്‍നിന്ന് ലഭിക്കുന്ന നേട്ടത്തിന് നികുതിയും നല്‍കേണ്ടതില്ല.

എട്ടുവര്‍ഷമാണ് ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി. അതിനിടയില്‍ പണമാക്കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടിവന്നേക്കാമെന്നതാണ് പ്രശ്‌നം. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ എപ്പോള്‍ വേണമെങ്കിലും വാങ്ങുകയോ വില്‍ക്കുകയോചെയ്യാനുള്ള അവസരമുണ്ട്. ബോണ്ട് പണയംവെച്ച് വായ്പനേടാനും കഴിയും.