familyഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മെജോ ജോസഫ്. ശമ്പളയിനത്തില്‍ 65,000 രൂപയാണ് അദ്ദേഹത്തിന് പ്രതിമാസം ലഭിക്കുന്നത്. നാട്ടിലെ വീട് വാടകയ്ക്ക് കൊടുത്തവകയില്‍ പ്രതിമാസം 10,000 രൂപയും വരുമാനമുണ്ട്. 

മെജോ ജോസഫ്
37
വയസ്
കുടുംബം
ഭാര്യ(34വയസ്സ്)
രണ്ട് പെണ്‍കുട്ടികള്‍
(നാലും എട്ടും വയസ്)

നിക്ഷേപങ്ങള്‍
മ്യൂച്വല്‍ ഫണ്ട്, പിപിഎഫ്, എഫ്ഡി

വിവിധ മ്യൂച്വല്‍ ഫണ്ടുകളിലായി 6.50 ലക്ഷം രൂപയും ഓഹരിയില്‍ 6.65 ലക്ഷവും പിപിഎഫില്‍ 3.5 ലക്ഷവുമുണ്ട്. വിവിധ ബാങ്കുകളിലായി 6.5 ലക്ഷം രൂപ സ്ഥിര നിക്ഷേപവുമുണ്ട്. അങ്ങനെ മൊത്തം നിക്ഷേപം 23.15 ലക്ഷം. പരമ്പരാഗതമായി ലഭിച്ച നാട്ടിലുള്ള വീടിന് 45 ലക്ഷമാണ് മതിപ്പ് വില. കടബാധ്യതകളൊന്നുമില്ല. എല്‍ഐസി ഭീമ ഗോള്‍ഡ് പോളിസിയുണ്ട്. അതിന്റെ സം അഷ്വേഡ് ഒരു ലക്ഷം രൂപയാണ്.

റിട്ടയര്‍മെന്റ് ജീവിതം, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് പണംകണ്ടെത്താനുള്ള വഴികളാണ് മെജോയ്ക്കറിയേണ്ടത്.

വാടക ഉള്‍പ്പടെ ഇപ്പോഴത്തെ പ്രതിമാസ ചെലവ് 35,000 രൂപയാണ്.

അടിയന്തര സാഹചര്യം കൈകാര്യംചെയ്യാന്‍ പ്രത്യേക ഫണ്ട് മെജോ നീക്കിവെച്ചിട്ടില്ല. ആറ് മാസത്തെ ജീവിത ചെലവിനായി 2.10 ലക്ഷം രൂപ നീക്കിവെയ്ക്കാം. ബാങ്കിലുള്ള സ്ഥിരനിക്ഷേപത്തില്‍നിന്ന് ഈ തുക കണ്ടെത്താം. ഈ നിക്ഷേപത്തിന് മികച്ച പലിശ നേടാന്‍ സ്വീപ് ഇന്‍ ഫെസിലിറ്റി ഉപയോഗിക്കാം.

ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യമാണോയെന്നാണ് ഏതൊരുമലയാളിയെയും പോലെ മെജോയുടെയും സംശയം. അതിനാല്‍തന്നെ മെജോയും തനിക്കോ കുടുംബത്തിനോ ഇതുവരെ ആരോഗ്യ ഇന്‍ഷുറന്‍സൊന്നും എടുത്തിട്ടില്ല. തനിക്കും കുടുംബത്തിനും യോജിച്ച ഒരു ഫാമിലി ഫ്‌ളോട്ടര്‍ ഹെല്‍ത്ത് പ്ലാന്‍ തിരഞ്ഞെടുക്കുക. അതിലൂടെ നികുതി ആനുകൂല്യവും നേടാം. അഞ്ച് ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ഐസിഐസിഐ ലംബാര്‍ഡ് ഐ ഹെല്‍ത്ത് ഫാമിലി ഫ്‌ളോട്ടര്‍ പ്ലാന്‍ പ്ലാന്‍ എടുക്കാം. പ്രതിവര്‍ഷം 15,000 രൂപയോളമാണ് പ്രീമിയം അടയ്‌ക്കേണ്ടിവരിക. 

ഇന്‍ഷുറന്‍സ് പരിരക്ഷയും മെജോയ്ക്ക് ആവശ്യത്തില്ല. ഉള്ളതാകട്ടെ പരമ്പരാഗതമായ ഒരു എല്‍ഐസി പോളിസിയാണ്. കവറേജാകട്ടെ ഒരു ലക്ഷവും. പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പോളസിയില്‍നിന്നുള്ള നേട്ടം അപര്യാപ്തമാണ്.  ഇന്‍ഷുറന്‍സ് കവറേജ് ഒന്നിനും തികയുകയുമില്ല. അതേസമയം പ്രീമിയം ഉയര്‍ന്നതുമാണ്. അതുകൊണ്ടുതന്നെ അത് സറണ്ടര്‍ ചെയ്യുക. ഒരു ഓണ്‍ലൈന്‍ ടേം പ്ലാന്‍ വാങ്ങുകയാണ് മെജോ ചെയ്യേണ്ടത്. ഒരു കോടി രൂപ കവറേജ് ലഭിക്കുന്ന മാക്‌സ് ലൈഫ് ടേം പ്ലാനിനിന് 11,000 രൂപയോളമാണ് വാര്‍ഷിക പ്രീമിയം നല്‍കേണ്ടിവരിക.

സാമ്പത്തിക ലക്ഷ്യങ്ങള്‍
കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയര്‍മെന്റ് എന്നിവയാണ് മെജോയുടെ മുന്നിലുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍. 

ഇന്നത്തെ നിലയില്‍ 15 ലക്ഷം രൂപവീതമാണ് കുട്ടികളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനുമായി അദ്ദേഹം പ്രതീക്ഷിക്കുന്നത്. 

ആദ്യത്തെ കുട്ടിയുടെ വിദ്യാഭ്യാസത്തിന് 10ഉം രണ്ടാമത്തെ കുട്ടിയുടെ വിദ്യാഭ്യാസത്തിന് 15ഉം വര്‍ഷമാണ് മുന്നിലുള്ളത്. 15 ശതമാനം നേട്ടം ലഭിച്ചാല്‍ മാത്രമേ മെജോയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയൂ. ഓഹരിയില്‍ നേരിട്ടോ, ഓഹരി അധിഷ്ടിത ഫണ്ടുകളിലോ എസ്‌ഐപി മാതൃകയില്‍ നിക്ഷേപിച്ചാല്‍ ലക്ഷ്യം കണ്ടേക്കാം(പട്ടിക കാണുക).

Goals
  Current
value
Future value Duration Investment Balance
required
  Monthly SIP 
12% 15%
സാറ
(വിദ്യാഭ്യാസം)
15 lakh 32.38 lakh 10years MF 11.20 lakh 4820 4020
മരിയ 
(വിദ്യാഭ്യാസം)
15 lakh 47.58 lakh 15years PPF 35.83 lakh 7102 5294
സാറ 
(വിവാഹം)
15 lakh 47.58 lakh 15 years FD 26.09 lakh 5170 3854
മരിയ 
(വിവാഹം)
15 lakh 69.91 lakh 20 years Stocks 5.77 lakh 456 301
റിട്ടയര്‍മെന്റ്‌ 35,000/mth 4.97 Crores 22 years   4.97 Crores 38,400 23,700
പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്ക് എട്ട് ശതമാനമാണ്. ജീവിത ദൈര്‍ഘ്യം 80വയസ്സ്. റിട്ടയര്‍മെന്റിനുശേഷമുള്ള നിക്ഷേപത്തിന്റെ കണക്കാക്കിയിട്ടുള്ള റിട്ടേണ്‍ 8%. നിലവിലുള്ള ഫണ്ടിന്റെയും ഓഹരികളുടെയും റിട്ടേണ്‍ 12%വും പിപിഎഫിന്റേത് 8.10വും എഫ്ഡിയുടേത് 8%വുമാണ് കണക്കാക്കിയിട്ടുള്ളത്.

അതീവ നഷ്ടസാധ്യയുള്ളതാണ് ഓഹരിയിലെ നിക്ഷേപം എന്നകാര്യം മറക്കേണ്ട. അതിനാല്‍തന്നെ മികച്ച ഓഹരി അധിഷ്ടിത ഫണ്ടുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതാകും ഉചിതം. 

നിലവില്‍ 12 ഫണ്ടുകളിലാണ് മേജോയ്ക്ക് നിക്ഷേപമുള്ളത്. അത് അഞ്ചോ ആറോ ഫണ്ടുകളായി ഒതുക്കണം. അതോടൊപ്പം തന്നെ ഓഹരി പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന് വിവിധ കാറ്റഗറികളിലുള്ള ഫണ്ടുകള്‍ തിരഞ്ഞെടുക്കുകയും വേണം. 

നിലവിലുള്ള ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവയാതിനാല്‍ പടിപടിയായി നിക്ഷേപം പിന്‍വലിക്കുക. അല്ലെങ്കില്‍ മികച്ച ഫണ്ടുകളിലേയ്ക്ക് മാറ്റുക. 

നികുതി ആനുകൂല്യത്തിനുവേണ്ടി നിക്ഷേപം നടത്തുന്ന ആക്‌സിസ് ലോങ് ടേം ഫണ്ടിലും റിലയന്‍സ് ടാക്‌സ് സേവറിലും തുടര്‍ന്നും നിക്ഷേപം നടത്താം. മൂന്ന് വര്‍ഷത്തെ ലോക്ക് ഇന്‍ പിരിയഡ് കഴിയുന്നമുറയ്ക്ക് മറ്റ് ടാക്‌സ് സേവിങ് ഫണ്ടുകളില്‍നിന്ന് പിന്മാറുക. 

വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ നിക്ഷേപ പോര്‍ട്ട് ഫോളിയോ പരിശോധിച്ച് പ്രകടനം വിലയിരുത്തുക. നിക്ഷേപ ലക്ഷ്യം പൂര്‍ത്തിയാകുന്നതിന് മൂന്നുവര്‍ഷം മുമ്പ് ലക്ഷ്യതുക പരിശോധിച്ച് പടിപടിയായി സ്ഥിര നിക്ഷേപ പദ്ധതികളിലേയ്ക്ക് നിക്ഷേപം മാറ്റുക. 

(അഭ്യര്‍ഥനയെതുടര്‍ന്ന് യഥാര്‍ഥ പേരും വിലാസവും ഒഴിവാക്കുന്നു)