QUESTIONeasy life37 വയസ്സുള്ള അധ്യാപകനാണ് ഞാന്‍. 25 ലക്ഷം രൂപ സമ്പാദ്യമുണ്ട്. മകന്‍ എട്ടാം ക്ലാസിലും മകള്‍ നാലാം ക്ലാസിലും പഠിക്കുന്നു. 

പ്രതിമാസം 40,000 രൂപയാണ് വരുമാനം. റിട്ടയര്‍മെന്റ് കാല ജീവിതത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും എങ്ങനെയാണ് ഞാന്‍ പ്ലാന്‍ ചെയ്യേണ്ടത്. 

ANSWERഒരു അധ്യാപകനെന്ന നിലയില്‍ നിങ്ങളുടെ നിലവിലെ വരുമാനംവെച്ച് മികച്ച സമ്പാദ്യം നേടാന്‍ നിങ്ങള്‍ക്കായിട്ടുണ്ട്. അതില്‍ അഭിനന്ദിക്കട്ടെ. 

ആദ്യം ചെയ്യേണ്ടത് ഒരു കോടി രൂപയുടെ ടേം ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുകയെന്നതാണ്. മൂന്നു ലക്ഷം രൂപയുടെ ഫാമിലി ഫ്‌ളോട്ടര്‍ ആരോഗ്യ പരിരക്ഷയും ആവശ്യമാണ്. 

അതോടൊപ്പംതന്നെ രണ്ടു ലക്ഷം രൂപയുടെ എമര്‍ജന്‍സി ഫണ്ടും കരുതണം. ബാങ്ക് സ്ഥിര നിക്ഷേപമായോ ലിക്വിഡ് ഫണ്ടിലോ എമര്‍ജന്‍സി ഫണ്ട് കരുതിവെയ്ക്കാം. 

മകന്‍ പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോഴാണ് ഉന്നത വിദ്യാഭ്യാസത്തിന് പണംവേണ്ടിവരിക. അതിനായി നിങ്ങളുടെ സേവിങ്‌സിലെ ഒരുഭാഗം ബാലന്‍സ്ഡ് ഫണ്ടില്‍ നിക്ഷേപിക്കുക. 

നിങ്ങളുടെ റിസ്‌ക് പൊഫൈല്‍ പരിശോധിച്ച് ബാക്കിയുള്ള തുക യോജിച്ച ധനകാര്യ ആസ്തികളില്‍ നിക്ഷേപിക്കാം. ഉദാഹരണത്തിന് നിങ്ങളുടെ റിസ്‌ക്‌സ പ്രൊഫൈല്‍ മോഡറേറ്റ് ആണെങ്കില്‍ 50 ശതമാനം തുക ഡെറ്റിലും 50 ശതമാനം തുക ഓഹരിയിലോ ഓഹരി അധിഷ്ഠിത പദ്ധതികളിലോ നിക്ഷേപിക്കാം. 

14 വര്‍ഷത്തിനുശേഷമാണ് മകളുടെ ഉന്നത വിദ്യാഭ്യാസത്തിന് പണം കണ്ടെത്തേണ്ടിവരിക. മകള്‍ക്കുവേണ്ടി മികച്ച ഒരു മള്‍ട്ടി ക്യാപ് ഫണ്ടില്‍ എസ്‌ഐപിയായി നിക്ഷേപം തുടങ്ങുക. 

ഉദാഹരണത്തിന്, 50 ലക്ഷം രൂപ ഉന്നത വിദ്യാഭ്യാസത്തിനായി അന്ന് വേണ്ടിവരുമെങ്കില്‍ 11,500 രൂപയുടെ എസ്‌ഐപി തുടങ്ങുക.