easy lifeശ്യാമും വിനീഷും സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചാണ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങിയത്. ശ്യാമാകട്ടെ ആദ്യമായാണ് ഫണ്ടില്‍ നിക്ഷേപിക്കുന്നത്. അതിനാല്‍തന്നെ അയാളുടെ സുഹൃത്തായ ഒരു ഫിനാന്‍ഷ്യല്‍ പ്ലാനറുടെ സഹായം തേടി.

10,000 രൂപ
പ്രതിമാസ എസ്‌ഐപി തുക

ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഹൈ ഗ്രോത്ത് കമ്പനീസ് 
ഫണ്ട്

1 ജനുവരി 2013
എസ്‌ഐപി തുടങ്ങിയത്

1 ഫെബ്രുവരി 2018
എസ്‌ഐപി അവസാനിപ്പിച്ചത്

6.20 ലക്ഷം
നിക്ഷേപിച്ച തുക

10.78 ലക്ഷം
മൊത്തം ലഭിച്ച തുക

4.58 ലക്ഷം രൂപ
നേട്ടം (21.69%)

23 ഫെബ്രുവരി 2018
നിക്ഷേപം പിന്‍വലിച്ച തിയതി

മള്‍ട്ടിക്യാപ് ഫണ്ടായ ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഹൈ ഗ്രോത്ത് കമ്പനീസ് ഫണ്ടിന്റെ റഗുലര്‍ പ്ലാനിലാണ് ഉപദേശപ്രകാരം ശ്യാം നിക്ഷേപം തുടങ്ങിയത്. പ്രതിമാസം 10,000 രൂപവീതം. 

എന്നാല്‍, നേരത്തെതന്നെ ഫണ്ടുകളില്‍ നിക്ഷേപിച്ചുപരിചയമുള്ള വിനീഷ് ഫ്രാങ്ക്‌ളിന്‍ ഹൈ ഗ്രോത്ത് കമ്പനീസ് ഫണ്ടില്‍ അപ്പോള്‍തന്നെ നിക്ഷേപം തുടങ്ങിയിരുന്നു. ഫണ്ട് ഹൗസിന്റെ വെബ്‌സൈറ്റില്‍നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് രജിസ്ട്രാര്‍മാരായ കാര്‍വിയുടെ ഓഫീസില്‍ കൊടുത്താണ് നിക്ഷേപം തുടങ്ങിയത്. 

ഡിസ്ട്രിബ്യൂട്ടര്‍ വഴി ശ്യാം റഗുലര്‍ പ്ലാനില്‍ നിക്ഷേപം തുടങ്ങിയപ്പോള്‍ വിനീഷാകട്ടെ നേരിട്ട് ഡയറക്ട് പ്ലാനിലാണ് എസ്‌ഐപി ആരംഭിച്ചത്. 

അഞ്ചുവര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും നിക്ഷേപം പിന്‍വലിക്കാന്‍ തീരുമാനിച്ചു. റെഗുലര്‍ പ്ലാനില്‍ നിക്ഷേപിച്ച ശ്യാമിന് ലഭിച്ചതാകട്ടെ മൊത്തം 10,40,043 രൂപയാണ്. 6.20 ലക്ഷം രൂപയാണ് എസ്‌ഐപിയായി നിക്ഷേപിച്ചത്. ഇതുപ്രകാരം ലഭിച്ച നേട്ടം 20.22 ശതമാനമാണ്.

നിക്ഷേപം പിന്‍വലിച്ച വിനീഷിനാകട്ടെ 10,78,363 രൂപയുമാണ് ലഭിച്ചത്. നിക്ഷേപ തുകയില്‍ വ്യത്യാസമില്ല. 6.20 ലക്ഷം രൂപതന്നെ. പക്ഷേ കയ്യില്‍ കിട്ടിയപ്പോള്‍ ശ്യാമിന് ലഭിച്ചതിനേക്കാള്‍ 38,000 രൂപയോളം അധികം ലഭിച്ചു. നേട്ടമാകട്ടെ 21.69 ശതമാനവും. 

ഇതെങ്ങനെ സംഭവിച്ചു?
ഫണ്ടുകളുടെ റെഗുലര്‍ പ്ലാനുകളില്‍ വിതരണക്കാരുടെ കമ്മീഷനുംമറ്റും കിഴിച്ചുള്ള തുകയാണ് നിക്ഷേപിക്കുക. എന്നാല്‍, നേരിട്ട് നിക്ഷേപിക്കുന്നവരില്‍നിന്ന് ഈ തുക കിഴിവ് ചെയ്യില്ല.

സ്വന്തമായി ഫണ്ട് തിരഞ്ഞെടുക്കാനും പ്രകടനം വിലയിരുത്താനും കഴിയുമെങ്കില്‍ ഡയറക്ട് പ്ലാനില്‍ നിക്ഷേപിച്ച് നിങ്ങള്‍ക്കും കൂടുതല്‍ നേട്ടമുണ്ടാക്കാം. 
ഇമെയില്‍: antony@mpp.co.in