12 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്നു. ദീര്‍ഘകാല ലക്ഷ്യത്തോടെ അഞ്ചുമ്യൂച്വല്‍ ഫണ്ടുകളിലായി 25 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ആറുവര്‍ഷമായി എസ്‌ഐപിയായാണ് നിക്ഷേപം നടത്തിവരുന്നത്. 15 ശതമാനമാണ് ഈ ഫണ്ടുകളില്‍നിന്ന് നിലവില്‍ ലഭിച്ചിട്ടുള്ള ശരാശരി ആദായം.
വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ മൊത്തം നിക്ഷേപവും പിന്‍വലിച്ച് പണം സ്ഥിരനിക്ഷേപ പദ്ധതിയിലേയ്ക്ക് മാറ്റുന്നതാണോ ഉചിതം. പിന്നീട് വിപണി ഇടിയുമ്പോള്‍ വീണ്ടും നിക്ഷേപിച്ചാല്‍മതിയോ? എന്റെ ഒരുസുഹൃത്ത് രണ്ടുവര്‍ഷംമാത്രമായിട്ടുള്ള എസ്‌ഐപി നിക്ഷേപത്തിലെ മൊത്തംതുകയും പിന്‍വലിച്ചു. അതുപോലെ ചെയ്യാനാണ് എന്നോടും പറയുന്നത്. ഈ സാഹചര്യത്തില്‍ ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു.
സുരേഷ് കൃഷ്ണന്‍, ദുബായ്.
വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണെന്നത് ശരിതന്നെ. ഉടനെ ഒരുതിരുത്തലുണ്ടാകുമെന്നോ അതോടെ എല്ലാം ഇടിഞ്ഞുതാഴെവീഴുമെന്നോ പ്രവചിക്കാന്‍ പ്രയാസമാണ്. എസ്‌ഐപിയായി നിക്ഷേപം തുടരുന്ന നിങ്ങള്‍ വിപണി താഴുന്നതോ ഉയരുന്നതോ കണ്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് ആദ്യമെ പറയട്ടെ.
ആദ്യമായി താങ്കള്‍ നിക്ഷേപ ലക്ഷ്യം പരിശോധിക്കുക. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം നിറവേറ്റുന്നതിന് പണം ആവശ്യമായിവരികയാണെങ്കില്‍ നിക്ഷേപം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. അല്ലാത്തപക്ഷം എസ്‌ഐപി നിക്ഷേപം തുടരുക.
ബജറ്റിന് തൊട്ടുമുമ്പായി വിപണി നാലായിരം പോയന്റോളം ഇടിഞ്ഞപ്പോള്‍ പലരും നിക്ഷേപം പിന്‍വലിച്ചതായികണ്ടു. ഒരാഴ്ചക്കുള്ളിലാണ് വിപണി വീണ്ടും കരുത്തുതെളിയിച്ചത്. അതുകൊണ്ട് ദീര്‍ഘകാല ലക്ഷ്യംമുന്‍നിര്‍ത്തിയുള്ള എസ്‌ഐപി നിക്ഷേപം പിന്‍വലിക്കാതിരിക്കുയാണ് നല്ലത്.
വിപണി താഴുകയാണെങ്കില്‍ കൂടുതല്‍ യൂണിറ്റുകള്‍ നിക്ഷേപത്തോടൊപ്പം ചേര്‍ക്കാനാകും. ഉയരുകയാണെങ്കില്‍ നിക്ഷേപമൂല്യംവര്‍ധിക്കുകയുംചെയ്യും. അതുകൊണ്ട് മികച്ച പ്രകടനം കാഴ്ചവയെക്കുന്ന ഫണ്ടുകളിലെ നിക്ഷേപം തുടരുകതന്നെചെയ്യുക. നിക്ഷേപ ലക്ഷ്യം പൂര്‍ത്തിയാകാന്‍ ഇനി അധികകാലമില്ലെങ്കില്‍ നിക്ഷേപം പിന്‍വലിക്കുകയും ചെയ്യുക.