10 വർഷത്തിലേറെക്കാലമായി വിവിധ മ്യൂച്വൽ ഫണ്ടുകളിലായി എസ്ഐപി നിക്ഷേപം നടത്തുന്നു. ഇപ്പോഴതിന്റെ മൊത്തംമൂല്യം 55 ലക്ഷം രൂപയിലേറെയായി. റിട്ടയർചെയ്യാൻ ഇനി അധികകാലമില്ല. ജീവിത ചെലവായി പ്രതിമാസം 32,000 രൂപയെങ്കിലും കണ്ടെത്തേണ്ടിവരും. ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽനിന്ന് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി ഈതുക പിൻവലിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു.

വിശ്വനാഥൻ, നവി മുംബൈ.

റിട്ടയർമെന്റിനുശേഷമുള്ള ജീവിതത്തിനായി വർഷങ്ങൾക്കുമുമ്പെ എസ്‌ഐപി നിക്ഷേപം തുടങ്ങിയ താങ്കളെ ആദ്യമെ അഭിനന്ദിക്കട്ടെ. വിപണി മികച്ച ഉയരത്തിലായതിനാൽ നിക്ഷേപത്തിന് 16ശതമാനത്തിലേറെ ആദായമാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തിൽ മറ്റ് വരുമാനമാർഗങ്ങൾ തേടാതെതന്നെ ജീവിക്കാൻ ഇതുകൊണ്ട് താങ്കൾക്ക് കഴിയും. 

താരതമ്യേന നഷ്ടസാധ്യതകുറഞ്ഞ പദ്ധതികളിലേക്ക് ഒരുഭാഗംമാറ്റി ആദ്യം നിക്ഷേപം സുരക്ഷിതമാക്കം. ഇതുപ്രകാരം താഴെപറയുന്ന ഡെറ്റ് കാറ്റഗറികളിലെ ഫണ്ടുകളിലേക്ക് 35 ലക്ഷം രൂപ മാറ്റാം. ബാക്കിയുള്ള 20 ലക്ഷം രൂപ ഇക്വിറ്റി സ്‌കീമുകളിൽതന്നെ വളരാൻ അനുവദിക്കുക. 

ഒരുവർഷത്തേക്ക് ജീവിക്കാൻ ആവശ്യമുള്ള തുക സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയാണ് ആദ്യംചെയ്യേണ്ടത്. അതിനുശേഷം ബാക്കിയുള്ളതുക ഷോർട്ട് ഡ്യൂറേഷൻ, ബാങ്കിങ് ആൻഡ് പിഎസ് യു, കോർപറേറ്റ് ബോണ്ട് എന്നീ കാറ്റഗറികളിലെ മികച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാം. ഒരുവർഷത്തിനുശേഷം പ്രതിമാസം 32,000  രൂപ വീതം എസ്ഡബ്ല്യു പി വഴി പിൻവലിച്ചുതുടങ്ങാം.

ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം തീരുന്നതിനനസുരിച്ച് ഇക്വിറ്റി ഫണ്ടുകളിൽ അവശേഷിക്കുന്നതുകകൂടി മുകളിൽ പറഞ്ഞ ഡെറ്റ് സ്‌കീമുകൡലേക്ക് മാറ്റാം. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം പിൻവലിക്കുമ്പോൾ ദീർഘകാല മൂലധനനേട്ട നികുതി ബാധകമാകുമെന്നകാര്യം ഓർക്കുക.