വിരമിച്ചശേഷം ലഭിച്ചതുക സീനിയർ സിറ്റിസൺ സേവിങ്‌സ് സ്‌കീമിലാണ് നിക്ഷേപിച്ചിട്ടുള്ളത്. അഞ്ചുവർഷക്കാലാവധി പൂർത്തിയാകാറായി. മൂന്നുവർഷത്തേയ്ക്കുകൂടി നീട്ടാൻകഴിയുമെന്ന് അറിഞ്ഞു. അതുകഴിഞ്ഞാൽ പണംപിൻവലിക്കേണ്ടിവരുമോ? അല്ലെങ്കിൽ നിക്ഷേപം പുതുക്കിയിടാൻ കഴിയുമോ?  അത്യാവശ്യംവന്നാൽ കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിക്കാൻ പറ്റുമോ? 

കൃഷ്ണകുമാർ, വർക്കല.

ഞ്ചുവർഷംകഴിഞ്ഞാൽ മൂന്നുവർഷത്തേയ്ക്കുകൂടി നിക്ഷേപകാലാവധി നീട്ടാൻ കഴിയും. അതുകഴിഞ്ഞാൽ നിക്ഷേപം പുതുക്കാൻ കഴിയില്ല. അക്കൗണ്ട് ക്ലോസ്‌ചെയ്ത് പണം പിൻവലിക്കേണ്ടിവരും. എന്നിരുന്നാലും വീണ്ടും നിക്ഷേപം നടത്താനുള്ള അവസരമുണ്ട്. അതായത് പുതിയതായി സീനിയർ സിറ്റിസൺ സേവിങ്‌സ് അക്കൗണ്ട് തുടങ്ങി വീണ്ടും നിക്ഷേപം നടത്താമെന്ന് ചുരുക്കം.

അങ്ങനെയിടുന്നതിന്റെയും കാലാവധി അഞ്ചുവർഷമാണ്. വീണ്ടും മൂന്നുവർഷംകൂടി പുതുക്കുകയുംചെയ്യാം. നിലവിലെ വ്യവസ്ഥ പ്രകാരം പരമാവധി 15 ലക്ഷം രൂപയാണ് ഒരാൾക്ക് നിക്ഷേപിക്കാൻ കഴിയുക. 

ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിക്കുന്നതിന് ഉപാധികളുണ്ട്. ഒരുവർഷംകഴിഞ്ഞാൽ നിക്ഷേപം തിരിച്ചെടുക്കാൻ അനുവദിക്കുന്നുണ്ട്. നിക്ഷേപത്തിൽനിന്ന് പിഴയായി 1.5ശതമാനം കിഴിവ് ചെയ്തശേഷമുള്ള തുകയാകും നൽകുക. രണ്ടുവർഷം കഴിഞ്ഞാശേഷമാണ് പിൻവലിക്കുന്നതെങ്കിൽ പിഴതുക ഒരുശതമാനംമാത്രമാണ്. 

ഉദാഹരണത്തിന്, 15 ലക്ഷം രൂപ സീനിയർ സിറ്റിസൺ സേവിങ്‌സ് സ്‌കീമിൽ നിക്ഷേപിച്ചെന്നിരിക്കട്ടെ. രണ്ടുവർഷംകഴിഞ്ഞ് അത്യാവശ്യംവന്നാൽ പണംതിരിച്ചെടുക്കേണ്ടിവന്നാൽ ഒരുശതമാനംതുക, അതായത് 15,000 രൂപ കിഴിച്ചശേഷം 14,85,000 രൂപയാകും തിരികെ ലഭിക്കുക.