കുടുംബത്തിന്റെ വരവ് ചെലവ് കണക്കുകള്‍ സാമ്പത്തിക ആസൂത്രണത്തിന്റെ അടിസ്ഥാനശിലയാണ്. കൃത്യമായി എഴുതുമ്പോള്‍ മാത്രമേ ഒരോ മാസവും വരുന്ന ചെലവ് കണക്കാക്കാന്‍ കഴിയൂ. ബാലന്‍സ് തുക കണക്കാക്കി നിക്ഷേപിക്കാനും അത് സഹായിക്കും.

ബാങ്ക് ഓഫീസര്‍മാരായ ശ്രീകുമാറിന്റെയും ഭാര്യ ശ്രീലക്ഷ്മിയുടെയും വരവ്‌ചെലവ് കണക്കുകള്‍ ഒന്നു പരിശോധിക്കാം. 3,60,000 രൂപ ശ്രീകുമാറിനും 3,48,000 രൂപ ശ്രീലക്ഷ്മിക്കും പ്രതിവര്‍ഷം ശമ്പളമായി ലഭിക്കുന്നു. ഇവര്‍ എടുത്ത ഭവനവായ്പയില്‍ തിരിച്ചടവ് പ്രതിമാസം 8690 രൂപയും കാര്‍ വായ്പയുടേത് 2200 രൂപയുമാണ്. ഇതിനുപുറമെ ഇന്‍ഷൂറന്‍സ് പ്രീമിയം വകയില്‍ പ്രതിമാസം 1200 രൂപ ഇവര്‍ക്ക് വേറെ കണ്ടെത്തണം. ശ്രീകുമാറും ഭാര്യയും അനുഭവത്തിന്റെ വെളിച്ചത്തില്‍ അവരുടെ പ്രതിമാസ ഇതരചെലവുകള്‍ ഇപ്രകാരമാണെന്നു സമര്‍ഥിക്കുന്നു. ഭക്ഷണം, വസ്ത്രം (ആവറേജ്) 6000 രൂപ, പെട്രോള്‍ 2000 രൂപ, ടാക്‌സ് 1600 രൂപ, കുട്ടിയുടെ വിദ്യാഭ്യാസ - ഇതര ചെലവുകള്‍ 2500 രൂപ, മറ്റിനത്തില്‍ 1400 രൂപ. ഇത്തരം ആവശ്യങ്ങള്‍ക്കായി മാത്രം മാറ്റിവച്ചിരിക്കുന്ന തങ്ങളുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ബാലന്‍സ് 37000 രൂപ. കണക്കുകളില്‍ കൃത്യത പാലിക്കുന്ന ശ്രീകുമാറിന്റെ കുടുംബബജറ്റിന്റെ സംക്ഷിപ്തരൂപം ഇങ്ങനെ:ഇത്തരത്തിലുള്ള വരവ് ചെലവ് കണക്കുകള്‍ സാമ്പത്തികാസൂത്രണത്തിന്റെ അടിസ്ഥാനശിലയാണ്. ഇങ്ങനെ എഴുതുമ്പോള്‍ മാത്രമേ ഓരോ മാസവും വരുന്ന ബാലന്‍സ് എന്തെന്നും വരുമാനം നേടിത്തരുന്ന രീതിയില്‍ അതെങ്ങനെ നിക്ഷേപിക്കാമെന്നും ഏകദേശരൂപം കിട്ടുകയുള്ളു.

''ഇപ്പോഴത്തെക്കാലത്ത് പഠിച്ചിട്ട് ഒരു കാര്യവുമില്ല'' -പഴയകാലത്ത് പഠനത്തിനുശേഷം സര്‍ക്കാര്‍ജോലിക്ക് ശ്രമിച്ച് അതുകിട്ടാതെ താടിയുംവളര്‍ത്തി കലുങ്കിലുംമറ്റും വെറുതെ കുത്തിയിരിക്കുന്നവരെ ചൂണ്ടിക്കാട്ടി, പഠിക്കാത്തവര്‍ സ്വയം ആശ്വാസം കണ്ടെത്തിയിരുന്നു ഈ വാചകത്തിലൂടെ. ഒരിക്കല്‍ പരീക്ഷയ്ക്ക് മോശംമാര്‍ക്ക് ലഭിച്ചപ്പോള്‍ കുറ്റപ്പെടുത്തിയ അധ്യാപകന്റെയടുത്ത് പഠിക്കാന്‍ അന്നുവരെ മിടുക്കനെന്നു കരുതിയ വിദ്യാര്‍ഥി ഇതേ വാചകം പറഞ്ഞു. ഒരുനിമിഷം അമ്പരന്ന അധ്യാപകന്‍ ഇങ്ങനെ മറുപടിനല്‍കി: ''അതു ശരിയാ. ഇപ്പോഴത്തെക്കാലത്ത് പഠിച്ചിട്ട് വലിയ രക്ഷയൊന്നുമില്ല; അപ്പോള്‍ പഠിക്കാതെകൂടെയിരുന്നാലോ....?

ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെയൊക്കെ കാര്യം പറഞ്ഞ് വരവ്-ചെലവ് കണക്കുകള്‍ എഴുതിസൂക്ഷിച്ചിട്ട് ഒരു രക്ഷയുമില്ലെന്നു പറയുന്നവരുണ്ട്. അവരുടെയടുത്ത് പറയുവാന്‍ ഇത്രമാത്രം: '' ശരിയാ. ഇത്തരം ബജറ്റുണ്ടാക്കിയിട്ട് വലിയ രക്ഷയൊന്നുമില്ല. അപ്പോള്‍പിന്നെ അതുകൂടി ഇല്ലാതിരുന്നാലോ....'' - സാമ്പത്തികാസൂത്രണത്തിലൂടെ കൈവരുന്ന സമാധാനം അനുഭവിച്ചുതന്നെ അറിയണം.