Photo: Gettyimages
കുടുംബ സ്വത്ത് ഭാഗംവെച്ചയിനത്തില്‍ കിട്ടിയ 25 ലക്ഷം രൂപ കൈവശമുണ്ട്. ഏഴ് വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ തരക്കേടില്ലാത്ത ജോലിയും ബാങ്ക് നിക്ഷേപവുമുണ്ട്. ദീര്‍ഘകാലയളവില്‍ മികച്ച ആദായം ലഭിക്കാവുന്ന നിക്ഷേപ പദ്ധതികള്‍ നിര്‍ദേശിക്കാമോ?
(ഇ-മെയിലില്‍ ലഭിച്ചത്)
ദീര്‍ഘകാലയളവില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ യോജിച്ച നിക്ഷേപ പദ്ധതിയാണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍. താങ്കളുടെ നിക്ഷേപ കാലയളവ് കണക്കിലെടുക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ട് തന്നെ പരിഗണിക്കാം. വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായം നല്‍കാന്‍ ഓഹരിയിലെ നിക്ഷേപത്തിന് കഴിയും. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഓഹരിയില്‍ നിക്ഷേപക്കാനുള്ള മികച്ചവഴിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍.
ആദ്യമായാണ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതെങ്കില്‍ അഗ്രസീവ് ഹൈബ്രിഡ് വിഭാഗത്തിലെ മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. ഈ ഫണ്ടുകള്‍ മൊത്തം നിക്ഷേപത്തിന്റെ 70ശതമാനവും ഓഹരിയിലും ബാക്കിയുള്ളത് ഡെറ്റിലുമാണ് വകയിരുത്തുന്നത്. ഉയര്‍ന്ന വരുമാനം നേടാന്‍ ഇക്വിറ്റിയിലെ നിക്ഷേപം സഹായിക്കും. അതേസമയം, വിപണിയിലെ അസ്ഥിരതയില്‍നിന്ന് ഒരു പരിധിവരെ സംരക്ഷണമേകാന്‍ ഡെറ്റിലെ അലോക്കേഷനും ഉപകരിക്കും.
വിപണിയില്‍ തകര്‍ച്ചയുണ്ടാകുമ്പോള്‍ ഈ വിഭാഗത്തിലെ ഫണ്ടുകള്‍ നേട്ടമുണ്ടാക്കുമെന്ന് കരുതരുത്. പൂര്‍ണമായും ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളേക്കാള്‍ നഷ്ടം പരിമിതപ്പെടുത്താന്‍ ഉപകരിക്കുമെന്നുമാത്രം. വിപണിയില്‍ നിലവിലുള്ള അസ്ഥിരമായ സമയത്തുപോലും ഫണ്ടുകള്‍ ഉയര്‍ന്ന ആദായം നല്‍കിയതായി കാണുന്നു. ഈ കാറ്റഗറിയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഫണ്ടിന്റെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ എസ്‌ഐപി ആദായം 23.45ശതമാനമാണ്. അഞ്ച് വര്‍ഷക്കാലയളവില്‍ 23.09ശതമാനവും ഏഴ് വര്‍ഷക്കാലയളവില്‍ 19.85ശതമാനവും 10 വര്‍ഷക്കാലയളവില്‍ 18.03ശതമാനവും റിട്ടേണ്‍ നല്‍കി. പ്രതിമാസം 5,000 രൂപ വീതം പത്തുവര്‍ഷം ഈ ഫണ്ടില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ 19.03ശതമാനപ്രകാരം 15,48,305 രൂപയായി നിക്ഷേപം വളരുമായിരുന്നു. മൊത്തം നിക്ഷേപിച്ച തുകയാകട്ടെ ആറു ലക്ഷം രൂപയുമാണ്(നിലവിലെ നേട്ടം ഭാവിയില്‍ ആവര്‍ത്തിക്കണമെന്നില്ല).
നേരത്തെ മ്യൂച്വല്‍ ഫണ്ടുകളിലോ ഓഹരിയിലോ നിക്ഷേപിച്ച് പരിചയമുള്ളവര്‍ക്ക് ഫ്‌ളക്‌സി ക്യാപ് ഫണ്ടുകളും പരിഗണിക്കാം.
ഒറ്റത്തവണ നിക്ഷേപം വേണ്ട
25 ലക്ഷം രൂപ ഒറ്റത്തവണയായി ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപിക്കുന്നത് അഭികാമ്യമല്ല. മുഴുവന്‍ തുകയും ഒറ്റത്തവണയായി നിക്ഷേപിച്ചതിനു പിന്നാലെ വിപണിയില്‍ കനത്ത നഷ്ടമുണ്ടായാല്‍ ഉടനെതന്നെ നിക്ഷേപിച്ച തുകയില്‍ ഗണ്യമായ കുറവുണ്ടാകും. അതുകൊണ്ടുതന്നെ നിശ്ചിത കാലയളവില്‍ നിക്ഷേപം വ്യാപിപ്പിക്കുന്നതാണ് നല്ലത്. ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നതിലൂടെ വിപണിയുടെ തിരുത്തലിനെ പരിധിവരെ പ്രതിരോധിക്കാനും മൊത്തം നിക്ഷേപ ചെലവ് ശരാശരിയില്‍ നിര്‍ത്താനും കഴിയും. 25 ലക്ഷം രൂപയുടെ കാര്യമെടുക്കാം. ഈതുക 12-24 മാസകാലയളവില്‍ വിഭജിച്ച് നിക്ഷേപിക്കുന്നതാകും ഉചിതം. അതായത് മൊത്തം തുകയെ 24കൊണ്ട് ഹരിച്ച് കിട്ടുന്ന തുക രണ്ടുവര്‍ഷത്തെ എസ്‌ഐപിയായി നിക്ഷേപിക്കാം.
തുക കൂടുതലുള്ളതിനാല്‍ വ്യത്യസ്ത കാറ്റഗറികളിലെ മികച്ച ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുകയുമാകാം. അഗ്രസീവ് ഹൈബ്രിഡ്, ഫ്‌ളക്‌സി ക്യാപ്, ലാര്‍ജ് ക്യാപ് ഫണ്ടുകളുടെ പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കി നിശ്ചിത അനുപാതത്തില്‍ നിക്ഷേപം നടത്തുകയും ചെയ്യാം.
Content Highlights: Can you suggest the schemes that give returns above 12%?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..