യെസ് ബാങ്കില്‍ സ്ഥിരനിക്ഷേപമിട്ടാല്‍ കോവിഡ് ബാധയ്ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ചാണ് ബാങ്ക് പുതിയ എഫ്ഡി അവതരിപ്പിച്ചിരിക്കുന്നത്. 

ചുരുങ്ങിയത് ഒരുലക്ഷം രൂപയുടെയെങ്കിലും സ്ഥിര നിക്ഷേപമിട്ടാലാണ് 25,000 രൂപയുടെ കോവിഡ് കവറേജ് ലഭിക്കുക. 

വിശദാംശങ്ങള്‍ അറിയാം
1. ചുരുങ്ങിയ നിക്ഷേപം ഒരുലക്ഷം രൂപയാണ്. ലഭിക്കുന്ന പരിരക്ഷയാകട്ടെ 25,000 രൂപയുടെതുമാണ്. കൂടുതല്‍ എത്രതുക നിക്ഷേപിച്ചാലും പരിരക്ഷാതുകയില്‍ വര്‍ധനവുണ്ടാകില്ല. ജോയിന്റ് അക്കൗണ്ടാണെങ്കില്‍ ആദ്യത്തെ അക്കൗണ്ട് ഉടമയ്ക്കുമാത്രമാകും പരിരക്ഷ ലഭിക്കുക.

2. മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശയാണ് യെസ് ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. ഒരുവര്‍ഷത്തെ എഫ്ഡിക്ക് മറ്റുബാങ്കുകള്‍ ശരാശരി ആറുശതമാനത്തില്‍താഴെമാത്രം പലിശ നല്‍കുമ്പോള്‍ യെസ് ബാങ്ക് നല്‍കുന്നത് 7.25ശതമാനമാണ്.

3. കോവിഡ് പരിരക്ഷയുടെ കാലാവധി ഒരുവര്‍ഷത്തേയ്ക്കുമാത്രമായിരിക്കും. അതായത് എഫ്ഡി തുടങ്ങി ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെമാത്രമെ കവറേജ് ലഭിക്കൂ. മുതിര്‍ന്ന പൗരന്മാര്‍ക്ക് പരിരക്ഷ ലഭിക്കില്ല. 

നിങ്ങള്‍ നിക്ഷേപിക്കുമോ?
1. എഫ്ഡിക്ക് ഉയര്‍ന്ന പലിശനിരക്കും സൗജന്യ പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുള്ളത് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനാണ്. 

2. കോവിഡ് ചികിത്സയ്ക്ക് കാല്‍ ലക്ഷ്യത്തിന്റെ പരിരക്ഷ തികച്ചും അപര്യാപ്തമാണ്. നിലവില്‍ ആരോഗ്യ പരിരക്ഷയുള്ളവര്‍ക്ക് പുതിയ കവറേജിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ കോവിഡ് പരിരക്ഷ ലഭിക്കാന്‍വേണ്ടിമാത്രം സ്ഥിര നിക്ഷേപം നടത്തേണ്ട.

3. മികച്ച സാമ്പത്തിക ഭദ്രതയുള്ള ബാങ്കില്‍മാത്രം സ്ഥിരനിക്ഷേപമിടുക. പലിശയും അനുബന്ധ ഓഫറുകളുംമാത്രംനോക്കി നിക്ഷേപം നടത്താതിരിക്കാന്‍ ശ്രദ്ധിക്കുക.