ന്യൂഡൽഹി: ബാങ്ക് വായ്പ തിരിച്ചടക്കുന്നതിൽ ബോധപൂർവം വീഴ്ചവരുത്തുന്നവരുടെ എണ്ണത്തിൽ കോവിഡിനുശേഷം 10ശതമാനം വർധനവുണ്ടായിട്ടുണ്ടെന്ന് വിലിയിരുത്തൽ.

കോവിഡിനുശേഷം 62,970 കോടി രൂപയുടെ റെക്കോഡ് വർധനവാണ് ഈയിനത്തിലുണ്ടായിട്ടുള്ളത്. മൊത്തം കിട്ടാക്കടമാകട്ടെ 2019 ഡിസംബറിലെ 6.22 ലക്ഷം കോടി രൂപയിൽനിന്ന് 2021 ജൂണിലെത്തിയപ്പോൾ 6.85 ലക്ഷം കോടിയായി. 

പണവും മറ്റ് ആസ്തികൾ ഉണ്ടായിട്ടും ബോധപൂർവം ബാങ്ക് വായ്പ തിരിച്ചടക്കാത്തവരെയാണ് ഈ വിഭാഗത്തിൽപ്പെടുത്തിയിട്ടുള്ളത്. ജൂണിലെ കണക്കുപ്രകാരം ഇത്തരത്തിൽ 26,022 എണ്ണമാണുള്ളത്. 

പണംലഭിക്കാനുള്ളവയിൽ പൊതുമേഖല ബാങ്കുകളുടെ വിഹിതം 77.4ശതമാനമാണ്. ജൂണിലെ കണക്കുപ്രകാരം 5.3 ലക്ഷം കോടി രൂപയാണ് പൊതുമേഖല ബാങ്കുകൾക്ക് ലഭിക്കാനുള്ളത്. 

കുടിശ്ശിക വരുത്തിയവർ പണംതിരികെ നൽകുമെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനായി സർക്കാർ തലത്തിൽ സമ്മർദംചെലുത്തും. കിട്ടാക്കടം കുറക്കാൻ മറ്റുമാർഗമില്ല. വായ്പ തിരിച്ചടക്കാതെ രാജ്യംവിടുന്നവരുടെ ആസ്തികൾ കണ്ടുകെട്ടി ബാങ്കുകൾക്ക് കൈമാറാൻ നടപടിയെടുക്കുമെന്നും അവർ വ്യക്തമാക്കി. 

25 ലക്ഷം രൂപക്കുമുകളിൽ വായ്പയെടുത്ത് ബോധപൂർവം തിരിച്ചടക്കാത്തവരെയാണ് വിൽഫുൾ ഡീഫാൾട്ടേഴ്‌സായി കണക്കാക്കുന്നത്.