ന്യൂഡൽഹി: കടക്കെണിയിലായ കമ്പനികളുടെ ഓഹരികൾ വാങ്ങാൻ ബാങ്കുകൾക്കുള്ള നിയന്ത്രണങ്ങൾ ഓഹരി വിപണി നിയന്ത്രണ ബോർഡായ സെബി നീക്കി. 

ഏതെങ്കിലുമൊരു ലിസ്റ്റഡ് കമ്പനിയുടെ 25 ശതമാനത്തിലേറെ ഓഹരികൾ മറ്റൊരു കമ്പനി വാങ്ങുമ്പോൾ ഓഹരി ഉടമകളിൽ നിന്ന് മറ്റൊരു 26 ശതമാനം ഓഹരികൾ കൂടി വാങ്ങാനുള്ള ‘ഓപ്പൺ ഓഫർ’ പ്രഖ്യാപിക്കണമെന്ന് നിബന്ധനയുണ്ട്. കടക്കെണിയിലുള്ള കമ്പനികളെ ഏറ്റെടുക്കുന്ന ബാങ്കുകൾക്ക് ഈ നിബന്ധന ഒഴിവാക്കിക്കൊണ്ടാണ് സെബി വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം എട്ടു ലക്ഷം കോടി രൂപ കടന്നതോടെയാണ് സെബിയുടെ ഭാഗത്തുനിന്നുള്ള നീക്കം. കിട്ടാക്കടം കുറയ്ക്കാൻ റിസർവ് ബാങ്കും സെബിയും കാര്യമായി പരിശ്രമിക്കുന്നുണ്ട്. കമ്പനിയുടെ ആസ്തികൾ ജപ്തി ചെയ്യാതെ, പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനാണ് ശ്രമം. ഇതുവഴി വായ്പ അനുവദിച്ച ബാങ്കുകളുടെയും ഓഹരി ഉടമകളുടെയും താത്പര്യം സംരക്ഷിക്കാൻ സെബിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വായ്പാ കുടിശ്ശിക കമ്പനിയിലെ ഓഹരികളാക്കി മാറ്റാനും അതു പിന്നീട് മറ്റു കമ്പനികൾക്ക് മറിച്ചുവിൽക്കാനുമുള്ള അവസരമാണ് ബാങ്കുകൾക്ക് കൈവന്നിരിക്കുന്നത്. 

സെബിയുടെ വിജ്ഞാപനം വന്നതോടെ കിട്ടാക്കടം വരുത്തി പ്രതിസന്ധിയിലായിരിക്കുന്ന പല കമ്പനികളുടെയും ഓഹരി വില കുതിച്ചുയർന്നു. ഭൂഷൺ സ്റ്റീലിന്റെ ഓഹരി വില 13.94 ശതമാനമാണ് കുതിച്ചുയർന്നത്. മോണെറ്റ് ഇസ്പാറ്റിന്റെ വില 9.56 ശതമാനവും ജ്യോതി സ്ട്രക്‌ചേഴ്‌സിന്റെ വില 4.52 ശതമാനവും ഉയർന്നു.